ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്താശചെയ്യുന്നു: മണലിലെ വയലിലും മണ്ണ് നിറയുന്നു

on Jan 4, 2011


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ പ്രധാനവയലുകളില്‍ ഒന്നായ മണലിലെ വയലിലും മണ്ണ്‌നിറയുന്നു. കര്‍ഷകരുടെയും പരിസ്ഥിതി സ്‌നേഹികളുടെയും നീറുന്ന മനസ്സില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളും നിയമ തടസ്സങ്ങളും വകവയ്ക്കാതെയാണ് വയല്‍ നികത്തല്‍.

രണ്ടരവര്‍ഷം മുമ്പ് ഇവിടെ, മണ്ണിടല്‍ 'പ്രക്രിയ'യ്ക്ക് തുനിഞ്ഞപ്പോള്‍ എതിര്‍ ശബ്ദമുയര്‍ന്നിരുന്നു. പത്രവാര്‍ത്തകളുടെ ചുവടുപിടിച്ച് കുന്ന്-വയല്‍ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തുകയും ഈ ഉദ്യമത്തില്‍ നിന്ന് വയല്‍ നികത്തലുകാര്‍ പിന്നാക്കം പോകുകയും ചെയ്തു. ഇപ്പോള്‍ അധികൃതരുടെ മുന്നറിയിപ്പും പ്രകൃതിസ്‌നേഹികളുടെ അഭ്യര്‍ഥനയും ഗൗനിക്കാതെ മണലിലെ പച്ചപ്പ് നിറഞ്ഞ വയലില്‍ ലോഡ് കണക്കിന് മണ്ണുവീണ്ടും കൊണ്ടിട്ടിരിക്കുകയാണ്.

കുന്ന്-വയല്‍ സംരക്ഷണനിയമം നിലവില്‍വന്ന ശേഷം ഏക്കര്‍ കണക്കിന് വയലുകളാണ് കാഞ്ഞങ്ങാട് മേഖലയില്‍മാത്രം നികത്തിയത്.

കാഞ്ഞങ്ങാട് നഗരസഭയ്ക്കകത്തെ ആവിക്കര, കാരാട് വയല്‍, വടകരമുക്ക്, കുശാല്‍നഗര്‍, ആവിയില്‍, കല്ലൂരാവി, പട്ടാക്കല്‍, കൊവ്വല്‍പ്പള്ളി എന്നിവിടങ്ങളിലെ വയലുകളില്‍ നേരത്തെതന്നെ മണ്ണുവീണ് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ കല്ലംചിറവയലും മണ്ണിട്ട് നികത്തി വാഴവെച്ചു.

വയല്‍ നികത്തലിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിയമം ഉണ്ടായാട്ടും അധികൃതര്‍ ഉറക്കം നടിക്കുന്നതിനെതിനെയാണ് ഇനി ശബ്ദമുയര്‍ത്തേണ്ടതെന്ന് കുന്ന്-വയല്‍ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. ഈസ്ഥിതി തുടര്‍ന്നാല്‍ പുതുതലമുറ വയലുകളെക്കുറിച്ച് വായിച്ചറിയേണ്ട ദുരവസ്ഥ ഉണ്ടാകുമെന്നും പരിസ്ഥിതിസ്‌നേഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com