ബ്രസീലിയന്‍ തെരുവിലൂടെ ഹിജാബണിഞ്ഞ് ഒരു വനിത പ്രഭാതസവാരി നടത്തുന്നു. വസ്ത്രത്തിന്റെ അളവ് എത്ര കുറക്കാമോ എന്ന് ചിന്തിക്കുന്ന സാംബാ വനിതകള്‍ക്കിടയിലെ അപൂര്‍വ്വ കാഴ്ച. പൗരന്മാരുടെ ആരോഗ്യ പരിപാലനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന ഭരണകൂടം വഴിയരികില്‍ ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളതിനല്‍ രാവിലെ നടത്തവും വ്യായാമവുമെല്ലാമായി നല്ല തിരക്കാണ്.
വിസ്തൃതിയുള്ള റോഡില്‍ ബസ്സുകള്‍ക്കും കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേക പാതയുണ്ട്. ജോഗിങ് നടത്തുന്നവര്‍ക്കും പ്രത്യേക സൗകര്യം. നാട്ടുകാരോടെല്ലാം പോര്‍ച്ചുഗീസും യൂറോപ്യന്‍ സുഹൃത്തുക്കളോടെല്ലാം ഇംഗ്ലീഷും സംസാരിച്ച് അതിവേഗം സഞ്ചരിക്കുന്ന വനിത മടക്കയാത്രയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ കയറി അവശ്യസാധനങ്ങള്‍ വാങ്ങിയാണ് മടങ്ങുന്നത്.
കാത്തലിക് ഭൂരിപക്ഷമുള്ള നാടാണ് ബ്രസീല്‍. ജനസംഖ്യയുടെ 90 ശതമനാവും ക്രിസ്ത്യന്‍ ജനത. മുസ്‌ലിം ജനസംഖ്യ അല്‍പം ലെബനാനുകാരില്‍ ഒതുങ്ങുന്നു. പള്ളികള്‍ വളരെ കുറവ്. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം വളരെ വലുതായതിനാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ചൊന്നും ബ്രസീലുകാര്‍ക്ക് വലിയ അവബോധമില്ല. ക്രൈസ്തവര്‍ ഞായറാഴ്ച ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥനക്ക് പോവുമെന്നതാണ് വിശ്വാസത്തിന്റെ കാര്യമായ പ്രതിഫലനം. വിശ്വാസപ്രമാണങ്ങള്‍ക്ക് വലിയ വിലയൊന്നുമില്ലാത്ത നാട്ടില്‍ ഇസ്‌ലാമികത ഉയര്‍ത്തിപ്പിടിച്ച് സഞ്ചരിക്കുന്ന വനിതയെ പരിചയപ്പെട്ടപ്പോള്‍ കേരളത്തിലെ തനി നാട്ടിന്‍പുറത്തുകാരി.
പേര് ആച്ചുമ്മ.... വയസ് 65. ജനിച്ചത് തൃശൂര്‍ വടക്കേക്കാട് കറുകന്‍പെട്ടിയില്‍. മുളക്കാന്‍ഞ്ചേരി കുഞ്ഞഹമ്മദിന്റെയും മംഗലത്തയില്‍ ഖദീജയുടെയും നാല് മക്കളില്‍ ഒരാള്‍. കുഞ്ഞഹമ്മദ് മലേഷ്യയില്‍ വ്യാപാരിയായിരുന്നു. നാട്ടില്‍ പത്താം ക്ലാസ് കഴിഞ്ഞു 1968 ല്‍ വിവാഹം. ഭര്‍ത്താവ് കാനഡയില്‍ ശാസ്ത്രജ്ഞന്‍ ഡോ. മംഗലത്തയ്യില്‍ അബ്ദു. വിവാഹത്തിന് ശേഷം രണ്ടാം മാസം തന്നെ കാനഡയില്‍. രണ്ട് വര്‍ഷത്തിന് ശേഷം ബ്രസീലില്‍. 1973 മുതല്‍ സാവോപോളോയും റിയോഡിജനറോയും സാന്‍ജോസുമെല്ലാം സുപരിചിതം.
മൂന്ന് പെണ്‍കുട്ടികളുടെ മാതാവ്. മൂവരും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കയിലും കാനഡയിലും കുടുംബസമേതം താമസം. ആച്ചുമ്മ പക്ഷേ ബ്രസീലില്‍ തന്നെ. ഇടക്ക് മക്കളുടെ അരികിലേക്ക് പോവും. അടുത്തയാഴ്ച അമേരിക്കയിലെ ഡള്ളാസിലുള്ള മകളുടെ അരികിലേക്ക് പോവുകയാണ്. അവള്‍ക്ക് വേണ്ടി നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍
മനോഹരമായി പോര്‍ച്ചുഗീസ് സംസാരിക്കുന്നതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ മറുപടി ലളിതം: ഇവിടെ വരുമ്പോള്‍ ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ വന്നതാണ്. പക്ഷേ അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ പതുക്കെ ചെറിയ പദങ്ങള്‍ പഠിച്ചു. കുട്ടികളെ സ്‌ക്കൂളിലേക്ക് അയക്കാന്‍ പോവുമ്പോള്‍ പതുക്കെ പോര്‍ച്ചുഗീസ് വഴങ്ങാന്‍ തുടങ്ങി. അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ പഠിക്കേണ്ടിവന്നു. ഇപ്പോള്‍ നന്നായി എഴുതാനും സംസാരിക്കാനുമറിയാം. ഏത് ഓഫീസിലും ധൈര്യത്തില്‍ കയറിചെല്ലാം. ഭര്‍ത്താവിനൊപ്പം വിവിധ വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ ഇംഗ്ലീഷിലും നല്ല അവഗാഹം. ഹിന്ദിയും തെലുങ്കും തമിഴുമെല്ലാം ആച്ചുമ്മക്ക് വഴങ്ങും.
ഹിജാബിനോട് ബ്രസീലുകാര്‍ക്ക് താല്‍പര്യമില്ല. ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ആക്രമിക്കപ്പെട്ട സമയത്ത് ചിലര്‍ പരിഹസിച്ച് വിളിക്കും ബിന്‍ ലാദന്റെ ആളാണെന്ന്. സാരിയുടുത്താലും ചിലര്‍ കളിയാക്കും. ഇപ്പോള്‍ ബ്രസീലുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട വസ്ത്രമാണ് സാരി. നാട്ടില്‍ പോവുകയാണെങ്കില്‍ സാരി കൊണ്ടുവരാന്‍ പലരും പറയും. അവരെ ഉടുപ്പിക്കുകയാണ് പ്രയാസം.
വീട്ടില്‍ എന്നും കേരളീയ ഭക്ഷണം. പക്ഷേ പ്രഭാതത്തില്‍ ബ്രെഡ്ഡ്. ബ്രസീലുകാര്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ് ബ്രെഡ്ഡ്. ഉച്ചക്ക് ചോറ്. രാത്രി ചപ്പാത്തി. വീട്ടിനുള്ളില്‍ സംസാരമെല്ലാം മലയാളത്തില്‍ തന്നെ. കുട്ടികളോടുള്ള സംസാരവും മലയാളത്തില്‍. ബ്രസീല്‍ ജീവിതശൈലി കുട്ടികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയാണ് അവരെ കാനഡയിലേക്കും അമേരിക്കയിലേക്കും അയച്ചത്. മതവും വിശ്വാസവുമൊന്നും ഇല്ലാത്ത നാടാവുമ്പോള്‍ കുട്ടികള്‍ക്ക് നല്ല വഴി തിരിച്ചറിയാന്‍ പ്രയാസമാണ്.
ഇത് വരെയുള്ള ബ്രസീല്‍ ജീവിതത്തില്‍ സംതൃപ്തയാണ് ഈ വീട്ടമ്മ. നമസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാമായി കൂടുതല്‍ സമയം വീട്ടില്‍ തന്നെ. റമസാന്‍ വരുമ്പോള്‍ തറാവിഹീനും മറ്റുമായി നാല്‍പത് കീലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് ഭര്‍ത്താവിനൊപ്പം പോവും. ഏത് മണ്ണിലാണെങ്കിലും സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ചാല്‍ ധൈര്യസമേതം ജീവിക്കാനാവുമെന്നാണ് ആച്ചുമ്മ തെളിയിക്കുന്നത്. നാടിനൊപ്പം നീങ്ങാതെ നമ്മുടെ വിശ്വാസത്തിനൊപ്പം നില്‍ക്കണം. വേണമെങ്കില്‍ ഹിജാബെല്ലാം ഒഴിവാക്കി തനി ബ്രസീലുകാരിയായി ജീവിക്കാമായിരുന്നു.
പക്ഷേ കുട്ടിക്കാലം മുതല്‍ പഠിച്ചതും വളര്‍ന്നതും മതചിട്ടയിലാണ്. ആ ചിട്ട തുടരുന്നു. എന്ത് സഹായം ആര് ചോദിച്ചാലും പറ്റുന്നതാണെങ്കില്‍ ചെയ്യും. പ്രഭാത സവാരികഴിഞ്ഞ് മടങ്ങുമ്പോള്‍ അയല്‍ക്കാരിയായ ബ്രസീല്‍ വനിത കണ്ണിന് കുളിര്‍മ നല്‍കുന്ന കേരളത്തിന്റെ മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആച്ചുമ്മക്ക് പെട്ടെന്ന് കാര്യം പിടികിട്ടി; നമ്മുടെ സുറുമ!ഇത്തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ സുറുമ കൊണ്ട് വരാമെന്ന ഉറപ്പ് അയല്‍ക്കാരിക്ക് നല്‍കുന്നു. വീട്ടിലെത്തി ചെടികള്‍ക്കെല്ലാം വെള്ളം നനക്കുന്നു. മാവും മുരിങ്ങയും കറിവേപ്പിലയും മത്തങ്ങയുമെല്ലാം ആച്ചുമ്മയുടെ അടുക്കളത്തോട്ടത്തിലുണ്ട്. വിനയവും വിശ്വാസവും പിന്നെ ചിട്ടകളുമാവുമ്പോള്‍ ബ്രസീലിലെ മാതൃകാ വനിതയാവുകയാണ് നമ്മുടെ സ്വന്തം ആച്ചുമ്മ.
0 comments:
Post a Comment