മമ്മച്ചയുടെ നഷ്ട്ടം ചിത്താരിക്കാര്‍ക്ക്നികത്താന്‍ പറ്റുമോ ?

on Jun 21, 2014

നിസ്വാര്‍ഥമായ സേവനം നിഷ്കളങ്കമായ പെരുമാറ്റം ത്യാഗ സേവനം ചെയ്യാന്‍ മാത്രം കൊതിക്കുന്ന ഹൃദയങ്ങള്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ സായൂജ്യം കണ്ടെത്തുന്ന മനസ്സ് ...അങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ മഹാ നഷ്ടമാണ് ചിത്താരിയിലെ പൊതു ജനങ്ങള്‍ക്ക്‌ വ്യാഴാഴ്ച  ഉണ്ടായത് ....

സൗത്ത് ചിത്താരിയില്‍ മമ്മച്ച എന്ന പേരില്‍ അറിയപെടുന്ന മുഹമ്മദ്‌ ....വ്യാഴാഴ്ച ഉണ്ടായ വാഹനാ അപകടത്തില്‍ മരണപെട്ടതോടെ ഉണ്ടായ നഷ്ട്ടം ചിത്താരിക്കാര്‍ക്ക് അടുത്ത കാലത്തൊന്നും നികത്താന്‍ പറ്റുമോ എന്ന് സംശയമാണ് ..

പണം കൊണ്ടോ പ്രതാപം കൊണ്ടോ വിദ്യാഭ്യാസ യോഗ്യത കൊണ്ടോ ഒന്നും നേടിയെടുക്കാത്ത ഒരു ആദരവാണ് ചിത്താരിയുടെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നത് മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ കബറടക്കും വരെ ജനങ്ങള്‍ കാണിച്ച പങ്കാളിത്തം അതാണ്‌ കാണിക്കുന്നത് ..

ആദരവ് വില കൊടുത്തു വാങ്ങാന്‍ പറ്റുന്ന ഒരു വസ്തുവല്ല എന്ന് തെളിയിക്കുന്ന സ്നേഹ പ്രകടനങ്ങളാണ് ചിത്താരി\യില്‍ വെള്ളിയാഴ്ച കണ്ടത് ..ഹൃദയത്തില്‍ തട്ടുന്ന കളങ്ക രഹിതമായ ഒരു വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു ..
എന്താണ് മമ്മച്ചയുടെ മഹത്വം എന്ന് നിരീക്ഷിക്കുമ്പോള്‍ മരണ വീടുകളിലും പള്ളി പറമ്പുകളിലും കല്യാണ വീടുകളിലും സേവന നിരതനായി കാണുന്ന അദ്ധേഹത്തിന്റെ നിറ സാന്നിധ്യം തന്നെയാണ് ..ഇവിടെ പണക്കാരനെന്നോ പാവപെട്ടവന്‍ എന്ന വകതിരിവ് ഇല്ലാതെ പ്രതിഫലം കാംഷിക്കാതെ സേവനം ചെയ്യുന്ന കാഴ്ചയാണ് എപ്പോഴും കാണാറുള്ളത്‌ ..

ഏത് സേവന മേഘലകളിലും ക്ഷണിക്കാതെ മാലാഖയെ പോലെയെത്തുന്ന ഒരു അധിതിയായിരുന്നു മമ്മച്ച ..മയ്യത്ത് പരിപാലനത്തിനും കബര്‍ നിര്‍മാണത്തിനും അതീവ താല്‍പര്യം കാണിച്ചിരുന്ന ഇദ്ദേഹം ഇതിനകം തന്നെ നൂറു കണക്കിന് കബര്‍ നിര്‍മിക്കുകയും മയ്യത്തുകളെ ആദരവോടെ പരിചരിക്കുകയും ചെയ്യുന്ന കാഴ്ച ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവ ദൃശ്യമാണ് ..

എത്രയോ മൈലാഞ്ചി ചെടികള്‍ കബര്‍സ്ഥാനില്‍ വളര്‍ന്നു പരിലസ്സിക്കുന്നത് മമ്മച്ചയുടെ കൈകളാല്‍ കബറിന്റെ സിരസ്സുകളില്‍ നട്ട ചെടികളാണ് ..കല്യാണ വീടുകളില്‍ മമ്മച്ചയുടെ സാന്നിധ്യം ഉണ്ടങ്കില്‍ വീട്ടുക്കാരന് ഒന്നും ചിന്തികേണ്ടിവരാറില്ലായിരുന്നു .എല്ലാ മേഘലകളിലും മമ്മച്ചയുടെ കണ്ണും കാതും ഓടിയെത്തുന്നത് കാണാമായിരുന്നു ..
പലപ്പോള്‍ നിസാരമായി തോന്നുന്ന സേവനങ്ങളാണ്‌ നാടന്‍ പുറങ്ങളില്‍ കാണുന്ന ഇത്തരം വ്യക്തികളിലൂടെ നമ്മുക്ക് കിട്ടുന്ന സേവന പ്രകാശങ്ങള്‍..അത് ചിലപ്പോള്‍ തിരിച്ചറിയുക ഇവര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് ..ആ ശൂന്യത പെട്ടന്ന് അനുഭവപെടുകതന്നെ ചെയ്യും ,വലിയ പ്രശസ്തര്‍ ധനാട്യന്‍മാര്‍ ഇവരെല്ലാം വേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശബ്ദ കോലാഹലങ്ങള്‍ ഒന്നും തന്നെ കാണാന്‍ പറ്റില്ലങ്കിലും ഈ സേവന സൗകര്യം അനുഭവിച്ച ചിത്താരിയിലെ മുഴുവന്‍ ജനങ്ങളുടെയും മനസ്സുകളില്‍ ഒരു  കെടാ വിളക്കായി മമ്മച്ച നില കൊളളും  എന്നതില്‍ സംശയമില്ല. 

അതിന്‍റെ തെളിവ് തന്നെയാണ് വെള്ളിയാഴച നടത്തപെട്ട അനുശോചന യോഗവും കബറടക്ക ചടങ്ങിലെ ജനസാനിധ്യവും തെളിക്കുന്നത് ..തന്‍റെ പ്രവര്‍ത്തന മേഖലയിലെ പ്രധാന ഒരിടമായിരുന്നു പള്ളിപറമ്പും ആ മൈലാഞ്ചികാടും ..ആ കാട്ടില്‍ അവരുടെ തോഴനായി സൌരഭ്യം പരത്തുന്ന ഒരു സാന്നിദ്ധ്യമായി തീരട്ടെ മമ്മച്ച ...

ചിത്താരിക്കാര്‍ക്ക് നിര്‍മല സൌരഭ്യം പരത്തി നില കൊണ്ട ഈ കാട്ടുമുല്ലക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ....

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നിന്‍റെ മടക്കം .... 

ബഷീര്‍ ചിത്താരി (ജിദ്ദ)

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com