പാറപ്പള്ളിക്കാര്‍ കാട്ടിത്തരുന്നു....സൗഹാര്‍ദ്ദത്തിന്റെ മാതൃക
കാഞ്ഞങ്ങാട്: മതത്തിന്റെ പേരില്‍ പോര്‍വിളിച്ചും തമ്മിലടിച്ചുമല്ല, മറിച്ച് സ്‌നേഹം പങ്കിട്ടും സൗഹൃദം ഊട്ടിയുറപ്പിച്ചുമാണ് ജീവിക്കേണ്ടതെന്ന് പാറപ്പള്ളിക്കാര്‍ കാട്ടിത്തരുന്നു. കാഞ്ഞങ്ങാടിന് പത്ത് കിലോമീറ്റര്‍ കിഴക്കക്കുമാറി പാറപ്പള്ളി ടൗണിലെത്തിയാല്‍ ഒരു ബോര്‍ഡ് കാണാം. ആദ്യ കാഴ്ചയില്‍ത്തന്നെ ആ ബോര്‍ഡ് ശ്രദ്ധിക്കും. കാരണം അതില്‍ ഹിന്ദു-മുസ്ലിം ഐക്യമുണ്ട്.
പൂരോത്സവത്തിന്റെയും മഖാം ഉറൂസിന്റെയും നോട്ടീസുകള്‍ ഫ്ലക്‌സ്‌ബോര്‍ഡില്‍ ചേര്‍ത്തുെവച്ചിരിക്കുന്നു. തുളുര്‍വനം ബാത്തൂര്‍ ഭഗവതിക്ഷേത്രത്തിലെ പൂരോത്സവ ആഘോഷങ്ങളും പാറപ്പള്ളി മഖാം ഉറൂസിന്റെ വിശദാംശങ്ങളുമാണ് ബോര്‍ഡിലുള്ളത്. പത്തടി നീളവും അത്രതന്നെ വീതിയുമുള്ള ഫ്ലക്‌സ്‌ബോര്‍ഡില്‍ രണ്ട് ആഘോഷങ്ങളും ഒരുമിച്ചെഴുതിയിരിക്കുന്നതില്‍ ഒതുങ്ങുന്നില്ല, ഇവരുടെ സ്‌നേഹവും സൗഹാര്‍ദവും. ബോര്‍ഡിനുവേണ്ടി ചെലവായത് രണ്ടായിരം രൂപ. തുക നല്കിയത് രണ്ടുപേരും പങ്കിട്ട്.
ഇവിടെ ക്ഷേത്രോത്സവത്തിന്റെ കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കുമ്പോള്‍, ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് മുസ്ലിം സമുദായക്കാര്‍ കുടിവെള്ളം നല്കും. ഉറൂസായാലും മുസ്ലിം മതാചരണപ്രകാരമുള്ള എന്തെങ്കിലും കൂട്ടായ്മയായാലും ഈ പ്രദേശത്തെ ഹൈന്ദവസമൂഹം ആ കൂട്ടായ്മയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കിക്കൊടുക്കും.
മഖാം ഉറൂസില്‍ നേര്‍ച്ചയുമായെത്തുന്നവരില്‍ നാട്ടിലെ മിക്ക ഹിന്ദുവിശ്വസികളുമുണ്ടാകാറുണ്ടെന്ന് ഇരുമതക്കാരും എടുത്തുപറയുന്നു. തുളുര്‍വനം ബാത്തൂര്‍ ദേവസ്ഥാനത്ത് തെയ്യം അരങ്ങിലെത്തിയാല്‍ അനുഗ്രഹം വാങ്ങുന്നവരുടെ കൂട്ടത്തില്‍ മുസ്ലിം സമുദായക്കാരുമുണ്ടാകും.
മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയല്ല, അടുപ്പമാണ് ഉണ്ടാകേണ്ടതെന്നും മതത്തിന്റെയും മതേതരത്വത്തിന്റെയും പൊരുള്‍ തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് പാറപ്പള്ളിയില്‍ വിദ്വേഷമെന്ന വാക്കിനുപോലും പ്രസക്തിയില്ലാതായതെന്ന് ഇവിടത്തുകാര്‍ പറയുന്നു.
ടി.കെ.ഇബ്രാഹിമാണ് ഉറൂസ്‌കമ്മിറ്റിയുടെ പ്രചാരണത്തിന് ചൂക്കാന്‍ പിടിക്കുന്നത്. തുളുര്‍വനം ക്ഷേത്രത്തിന്റെ ആഘോഷ പ്രചാരണത്തിന് ആദ്യാവസാനം മുമ്പിലുള്ളത് മണി ബ്ലാത്തൂരാണ്.
0 comments:
Post a Comment