Written By വെബ് ഡെസ്ക് on Saturday, 7 December 2013 | 19:34
1896 ഏപ്രില്‍ 20 ന് മൂല തറവാടായ കണ്ണികുളങ്ങര തറവാടില്‍ നിന്ന് അത്തീരവളപ്പ് തറവാട് രൂപീകരിച്ചതിനുശേഷം ആദ്യമായാണ് മംഗലാപുരം മുതല്‍ കോഴിക്കോട് വരെ വ്യാപിച്ചുകിടക്കുന്ന അത്തീരവളപ്പ് തറവാട്ടിലെ അഞ്ചു തലമുറയില്‍ ഉള്‍പ്പെട്ട 220 അംഗങ്ങള്‍ ആദ്യമായി ഒത്തുകൂടുന്നത്.
തറവാട്ടിലേയ്ക്ക് കല്യാണത്തോടെ ബന്ധം സ്ഥാപിച്ച് എത്തിചേര്‍ന്നവരുടെ കണക്കെടുത്താല്‍ അത് തറവാട്ടംഗങ്ങളുടെ ഇരട്ടിയലധികം വരും.1992 ല്‍ തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്ന സമയത്ത് ഇങ്ങിനെയൊരു കുടുംബസംഗമം നടത്താന്‍ തറവാട്ടംഗങ്ങള്‍ ഒരുങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.എന്നാലിപ്പോള്‍ തറവാട്ടംഗങ്ങളെയെല്ലാം നേരിട്ട് കണ്ട് ക്ഷണിച്ച് പുന:പ്രതിഷ്ഠ ചടങ്ങിനെത്തിക്കാന്‍ തറവാട് ട്രസ്റ്റ് ശ്രമിച്ചതോടെയാണ് കുടുംബസംഗമം യാഥാര്‍ത്ഥ്യമാവുന്നത്.
അടോട്ട് എന്ന പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌ക്കാരിക,രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ തറവാടാണ് അത്തിക്കുടിയാന്മാരുടെ തറവാട്.നീലേശ്വരം രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് രാജാവ് കരമൊഴിവാക്കിയാണത്രെ അത്തീരവളപ്പ് തറവാട് പണിയാന്‍ സ്ഥലം വിട്ടു കൊടുത്തത്.അന്നത്തെ പ്രധാന ജന്മി കുടുംബാംഗങ്ങളായ കോടോത്ത്, ഏച്ചിക്കാനം എന്നിവരുമായും അത്തിക്കുടിയാന്മാര്‍ നല്ല ബന്ധത്തിലായിരുന്നു.
കുടകു മുതല്‍ ചിത്താരിപ്പുഴ വരെ കള്ള് വ്യാപാരമുണ്ടായിരുന്ന അത്തിക്കുടിയാന്മാര്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനു മുമ്പു തന്നെ തങ്ങളുടെ ആശ്രിതര്‍ക്ക് കുടിയാണ്മ അവകാശം നല്‍കിയിരുന്നു എന്നത് ചരിത്രത്തില്‍ ഇടം നേടിയ വസ്തുതയാണ്.പഴയ നാലണ കോണ്‍ഗ്രസ് അംഗങ്ങളായിട്ടും ഒളിവില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശ്രയമായിരുന്നു അത്തീരവളപ്പ് തറവാട്ടുകാര്‍ എന്ന് കെ.മാധവന്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.
ഒരു നൂറ്റാണ്ടുകാലം ഒരു പ്രദേശത്തിന്റെ ചുറ്റുപാടുകള്‍ക്ക് വീര്യം പകര്‍ന്ന അത്തിക്കുടിയാന്മാര്‍ 1950 കള്‍ക്ക് ശേഷം എന്തുകൊണ്ടോ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു.ജില്ലയിലെ പ്രമുഖരായ ഒരു പാട് പേരുടെ മൂലതറവാട് കൂടിയാണ് അത്തീരവളപ്പ് തറവാട്.മനുഷ്യന്‍ ഒറ്റയ്ക്കാവുന്ന ഈ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍, ബന്ധുക്കളായിട്ടും പരസ്പരം പരിചയം നടിക്കാതെ, ബന്ധം അറിയാതെ പോകുന്ന മുഹൂര്‍ത്തത്തില്‍ പരസ്പരം പരിചയപ്പെടാനും,സ്വന്തം ചോരയെ തിരിച്ചറിയാനുമാണ് കുടുംബസംഗമം ഒരുക്കിയതെന്ന് തറവാട് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.
0 comments:
Post a Comment