മൊയ്തു : യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...

on Jan 21, 2014

കിനാവില്‍ ഇനിയും യാത്രകള്‍


മൊയ്തു രോഗക്കിടക്കയില്‍
യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...
സൗദി അറേബ്യയിലെ ജിദ്ദയില്‍ മൊയ്തു ഒരു പ്രവാസിയായിരുന്നില്ല. ഉംറ വിസയില്‍ വന്ന് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരായ അനേകരില്‍ ഒരുവന്‍ മാത്രം. യാത്രാരേഖകളും താമസ രേഖയുമില്ല. എങ്കിലും ജിദ്ദയിലെ തെരുവുകളില്‍ അദ്ദേഹം നിര്‍ഭയം സഞ്ചരിച്ചു. സിത്തീന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ടെലിഫോണ്‍ അറ്റന്‍ഡറായി ജോലി ചെയ്തു. താമസ രേഖയില്ലാത്തവന് തൊഴില്‍ രേഖയുമില്ല. പിടിക്കപ്പെട്ടാല്‍ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകള്‍ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്‍െറ ഇടപാടുകാരുമായി ടെലിഫോണില്‍ അനായാസം സംവദിച്ചു.
രേഖാരഹിത യാത്രകള്‍ മൊയ്തുവിന് പുത്തരിയല്ല. 24 രാജ്യങ്ങളിലാണ് മൊയ്തു രേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയില്‍വെച്ച് മൊയ്തുവിനെ കാണുമ്പോള്‍ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.
തുര്‍ക്കിയിലേക്ക് ഒരിക്കല്‍ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുര്‍ക്കി. യാത്രകള്‍ക്കിടയില്‍ മൊയ്തുവിനെ പ്രണയിച്ച ഗോക്സെന്‍െറ നാട്. അദാനാ പട്ടണത്തില്‍ ചെന്ന്, പറ്റിയാല്‍ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണണം. അന്നു കാണുമ്പോള്‍ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു. മൊയ്തുവിനോട് വര്‍ത്തമാനം പറഞ്ഞു പിരിയുമ്പോള്‍ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങള്‍ കടന്നുപോയ മൊയ്തുവിന്‍െറ മനസ്സില്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാകഥകളുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്ത് മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിലാണ്. രോഗം തളര്‍ത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ഈ ലോക സഞ്ചാരിയെ ആരും തിരിച്ചറിയുന്നില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ മൊയ്തു.
പള്ളി ദര്‍സിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുര്‍ആന്‍ വചനമാണ് മൊയ്തുവിനെ യാത്രകളിലേക്ക് പ്രചോദിപ്പിച്ചത്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് നോക്കുക.’ വിശുദ്ധ ഖുര്‍ആനിലെ ഈ വചനം മൊയ്തുവിന്‍െറ മനസ്സ് ചഞ്ചലമാക്കി. ഭൂമി മുഴുവന്‍ കറങ്ങുക. മുന്‍കാല സമൂഹങ്ങള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടത്തെുക. കൗതുകത്തിനപ്പുറം, പോയകാല സമൂഹങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കായി വിട്ടേച്ചുപോയ പാഠങ്ങളുമുണ്ടതില്‍. പള്ളി ദര്‍സില്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തഫ്സീറുല്‍ ജലാലൈനി ഓതി, വിശുദ്ധ വചനത്തിന്‍െറ വ്യാഖ്യാനം പറയുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് കടലും മലയും മരുഭൂമികളും താണ്ടി രാജ്യാന്തരങ്ങളിലേക്ക് പറന്നു കഴിഞ്ഞിരുന്നു.
അങ്ങനെയാണ് കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യന്‍ അഹ്മദ് കുട്ടി ഹാജിയുടേയും കദിയക്കുട്ടി ഹജ്ജുമ്മയുടേയും മകന്‍ മൊയ്തുവിനെ യാത്ര കീഴടക്കുന്നത്. എങ്ങോട്ടു യാത്ര പോകണം? എങ്ങനെ പോകണം? പാഥേയങ്ങളെന്തൊക്കെ? ഒന്നിനെക്കുറിച്ചും ഒരു പിടിപാടുമില്ല. പോകണം. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. അങ്ങനെയൊരു വിചാരമല്ലാതെ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാരേഖകളോ ഒന്നുമില്ല.
ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന അക്കാലത്താണ് പത്രത്തിലൊരു വാര്‍ത്ത മൊയ്തു കണ്ടത്. പാകിസ്താനിലെ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കാവലുണ്ടാകില്ളെന്ന് മൊയ്തുവിന്‍െറ സഞ്ചാര ബുദ്ധി കണ്ടത്തെി. പ്രശ്നങ്ങളൊതുങ്ങിയാല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാകിസ്താനിലേക്കാകട്ടെ. പാകിസ്താനിലെ കറാച്ചിയില്‍ പണ്ട് മൊയ്തുവിന്‍െറ വാപ്പ ഹോട്ടല്‍ നടത്തിയിരുന്നു. അങ്ങനെ, ഒരുനാള്‍ മൊയ്തു പള്ളി ദര്‍സില്‍ നിന്നിറങ്ങി. പള്ളി ദര്‍സിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവങ്ങളും തേടി മൊയ്തു പുറപ്പെട്ടു. കൈയില്‍ ആകെയുള്ളത് 50 രൂപ മാത്രം.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃത്സറിലൂടെ, അഠാരി വഴി വാഗാ അതിര്‍ത്തിയിലത്തെി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല അതിര്‍ത്തി താണ്ടല്‍. മുറിച്ചു കടക്കാന്‍ പറ്റിയ ഇടംതേടി നടക്കുന്നതിനിടെ സൈനികര്‍ പിടിച്ചു. മുസല്‍മാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാല്‍ പന്ത്രണ്ടുകാരന്‍െറ മേനി മാത്രം. സൈനികര്‍ വിട്ടുവെങ്കിലും പിന്നീട് അതിര്‍ത്തി സൈനികരുടെ പിടിയിലായി.
‘മുസല്‍മാനാണോ എന്നായിരുന്നു അവരുടേയും ചോദ്യം. സിഖുകാരായിരുന്നു സൈനികര്‍. പുണ്യകര്‍മം ചെയ്യുന്നതുപോലെ അവര്‍ ബൂട്ടു കൊണ്ട് ചവിട്ടിക്കുഴച്ചു. ജീവന്‍ ബാക്കിയാവില്ളെന്ന് ഏതാണ്ടുറപ്പായി. ഒടുവില്‍ ക്യാപ്റ്റന്‍ വന്ന് രക്ഷിക്കുകയായിരുന്നു -മൊയ്തു ഓര്‍ത്തു. കുട്ടിയാണെന്ന് കരുതിയാണ് അവര്‍ വിട്ടയച്ചത്. വീണ്ടും അതിര്‍ത്തി കടക്കാന്‍ പറ്റിയ സ്ഥലം തേടിനടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും എഴുന്നേറ്റുനടന്നു.
ചെന്നു പെട്ടത് പാകിസ്താന്‍ സൈനികരുടെ മുന്നില്‍. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവര്‍ കരുതിയത്. തിരിച്ചു പൊയ്ക്കൊള്ളാന്‍ അവര്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോള്‍ പട്ടാളക്കാര്‍ പിടിച്ച് ജയിലിലടച്ചു. മൂന്നുദിവസം കഴിഞ്ഞാണ് അവര്‍ വിട്ടയച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെനിന്ന് ലോറിയില്‍ ലാഹോറിലേക്ക്...
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്‍െറ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്ലാമാബാദും കറാച്ചിയും മുല്‍ത്താനും സഖറും നുഷ്കിയും കുഹേട്ടയും കറങ്ങി. ഒടുവില്‍ അഫ്ഗാനിസ്താനിലത്തെി. കാണ്ഡഹാറും കാബൂളും മസാറെ ശരീഫും കണ്ടു. പാമീര്‍ മലമ്പാത വഴി കിര്‍ഗിസ്താനിലത്തെി. പിന്നെ, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാന്‍വഴി വീണ്ടും പാകിസ്താനിലത്തെി.
പാകിസ്താനില്‍ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ നാടോടിയാണെന്ന് ബോധ്യം വന്നതിനത്തെുടര്‍ന്ന് വിട്ടയക്കാന്‍ തീരുമാനമായി. അധികാരികളില്‍നിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്താന്‍ ഗവര്‍ണര്‍ ഇറാനിലേക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുത്തു. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫിസര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ഇറാനിലെ സഹ്ദാനിലത്തെി. അവിടെനിന്ന് കര്‍മാന്‍ വഴി ബന്ദര്‍ അബ്ബാസിലും മഹ്റാനിലുമത്തെി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാന്‍ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനില്‍ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവില്‍ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവര്‍ പട്ടാളക്കോടതിയിലത്തെിച്ചു. വിട്ടയക്കാന്‍ അവര്‍ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വരമൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയില്‍ ശിക്ഷ.
തടവില്‍ കഴിയുമ്പോള്‍ ഫ്ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാന്‍ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാര്‍ക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോള്‍ അവരുടെ ഉസ്താദായി. പട്ടാളക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദര്‍സ് പഠനത്തിന്‍െറ പുണ്യം. ഒടുവില്‍ മൊയ്തുവിനെ ഇറാന്‍ സൈന്യത്തിലെടുത്തു. രണ്ടുതവണ ഇറാഖിനെതിരായ യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞു.
1980ല്‍ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടെ നിന്ന് രക്ഷപ്പെട്ടത്. തന്‍െറ ലക്ഷ്യം യാത്രയാണ്. ഇറാന്‍ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്‍െറ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് മൊയ്തു ഓര്‍ക്കുന്നു. മഹര്‍നൂശ് എന്നായിരുന്നു അവളുടെ പേര്.
എപ്പോഴോ മനസ്സുകള്‍ തമ്മില്‍ അടുത്തപ്പോള്‍ ഞാനെന്‍െറ കഥകള്‍ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവള്‍ എനിക്ക് ഊരിത്തന്നു -മൊയ്തു പറഞ്ഞു.
നനഞ്ഞ കണ്ണുകളുമായി അവള്‍ യാത്രയാക്കുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് സഞ്ചാരത്തിന്‍െറ പുതിയ വഴികള്‍ തേടുകയായിരുന്നു. തുര്‍ക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കില്‍ കയറി അങ്കാറയിലൂടെ ഇസ്തംബൂളിലത്തെി. അവിടെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ബുക്സ്റ്റാള്‍ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളജില്‍ ചേര്‍ന്നു. ഒരു വര്‍ഷം തുര്‍ക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോര്‍ജിയ വഴി മോസ്കോയിലത്തെി. ചെച്നിയ വഴി യുക്രെയ്ന്‍ വരെ യാത്ര ചെയ്തു വീണ്ടും തുര്‍ക്കിയിലത്തെി. ഇതിനിടയില്‍ കിട്ടിയ ഈജിപ്തുകാരന്‍െറ പാസ്പോര്‍ട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാതില്‍ തുറന്നു. ഈജിപ്ത്, തുനീഷ്യ, അല്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചത് അങ്ങനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാന്‍ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുര്‍ക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയില്‍നിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോര്‍ഡനും സന്ദര്‍ശിച്ചു. ജോര്‍ഡന്‍ നദി നീന്തിക്കടന്നു ഇസ്രായേലിലത്തെി.
ജോര്‍ഡനില്‍നിന്ന് സൗദിയിലേക്ക് കടന്നു. സൗദി പട്ടാളക്കാര്‍ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചുകാലം ജോര്‍ഡനില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅസ് പാര്‍ട്ടിയുടെ മുഖപത്രത്തിലും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞു.
ഒടുവില്‍ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാന്‍ തുടങ്ങി. 24 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മൊയ്തു കീശ തപ്പി നോക്കി. 40 പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങള്‍ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ളാസും പള്ളിദര്‍സുമായി നാടുവിട്ട മൊയ്തു തിരിച്ചത്തെുമ്പോള്‍ അനവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉര്‍ദു, അറബി, ഫാര്‍സി, തുര്‍ക്കി, റഷ്യന്‍, കുര്‍ദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനില്‍ക്കാനുള്ള ഇംഗ്ളീഷും.
തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിങ് ഇന്‍ ദ എഡ്ജ്, ദൂര്‍ കേ മുസാഫിര്‍, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, മരുഭൂ കാഴ്ചകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മൊയ്തു.
നാട്ടിലത്തെിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളിനീക്കിയത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുസമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രോഗബാധിതനായപ്പോള്‍ മ്യൂസിയം പൂട്ടി. പുരാവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ ലോക സഞ്ചാരി ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. വൃക്കകള്‍ തകറാറിലായ മൊയ്തുവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് അനിവാര്യമാണ്. അതിനുള്ള പണം പക്ഷേ, ഈ ലോക സഞ്ചാരിയുടെ കൈയിലില്ല.
- See more at: http://www.madhyamam.com/travel/node/202#sthash.rae5KrxY.dpuf

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com