കാഞ്ഞങ്ങാട് അക്രമം: സി.പി.എം നേതാക്കളുള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്

on Aug 3, 2012


കാഞ്ഞങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങളുള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറികൂടിയായ എം പൊക്ലന്‍, സി ഐ ടിയു നേതാക്കളായ കാറ്റാടി കുമാരന്‍, നെല്ലിക്കാട് കുഞ്ഞമ്പു, സിപിഎം അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ഏരിയാ കമ്മിറ്റിയംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായ അഡ്വ കെ രാജ്‌മോഹനന്‍, എ വി സഞ്ജയന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശിവജി വെള്ളിക്കോത്ത്, ചെമ്മട്ടംവയലിലെ കെ ജെ സോണി, നെല്ലിക്കാട്ട് കോളനിയിലെ ബെന്നി, നെല്ലിക്കാട്ടെ വിനോദ്, കൊവ്വല്‍ പള്ളിയിലെ വിനീഷ്, നെല്ലിക്കാട്ടെ എം ബിജു, കൊവ്വല്‍പള്ളിയിലെ അശ്വിന്‍, പാക്കത്തെ പ്രകാശന്‍, ഇട്ടമ്മലിലെ സുധീര്‍, നെല്ലിക്കാട്ടെ ബാബു, പി വി അശ്വിന്‍, എന്‍ വി രാജന്‍, എം റഷീദ്, അനില്‍ ഗാര്‍ഡര്‍ വളപ്പ്, തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്. 


പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് പ്രകടനം നടത്തിയ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പുതിയകോട്ടയില്‍വെച്ച് പോലീസ് ബസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും നഗരസഭ, സബ്ട്രഷറി ഓഫീസുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും നഗരസഭ ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങ ള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 

പോലീസിന്റെ അനുമതിയില്ലാതെയാണ് സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്. നഗരസഭ- സബ് ട്രഷറി ഓഫീസുകളും കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റും ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ ഓഫീസിനും ട്രഷറിക്കും പോലീസ് വാഹനത്തിനും നേരെ അക്രമം നടത്തിയ കേസില്‍ സോണി, ബെന്നി, വിനോദ്, ബിനീഷ്, ബിജു, അശ്വിന്‍, പ്രകാശന്‍, സുധീര്‍, ബാബു, റഷീദ്, രാജീവന്‍, എന്‍ വി രാജന്‍ തുടങ്ങി 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റ് ആക്രമിച്ച കേസില്‍ പ്രതികളായ ചെമ്മട്ടം വയലിലെ പി എം അജയന്‍(25), കാഞ്ഞങ്ങാട്ട് തുളിച്ചേരിയിലെ കെ രാഘവന്‍ (34), കൊളവയല്‍ പുതിയ പുരയില്‍ പി എ ബാബു (45), ചെമ്മട്ടം വയലിലെ ബി എം ശശി (44) ഇരിയ എരിക്കുളത്തെ എന്‍ രാജേഷ് (33), കൊളവയലിലെ കെ മണികണ്ഠന്‍ (36), ഇട്ടമ്മലിലെ റിജേഷ് (36), കെ ടി പ്രകാശന്‍ (32), മണി തുടങ്ങി 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ മുന്‍കരുതലായി 16 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com