കൊടഗിലെ കാഴ്ചകളിലൂടെ - തലക്കാവേരി.

on Oct 29, 2015


പതിവുപോലെതന്നെ മാവേലി എക്സ്പ്രസ്സ്‌ മാംഗ്ലൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ അര മണിക്കൂറോളം വൈകിയാണ് എത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞങ്ങളെ സ്വീകരിക്കാനായി എത്തും എന്ന് പറഞ്ഞ ആള്‍ പ്ലാറ്റ്ഫോര്‍മില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്റ്റേഷന് വെളിയിലെത്തി നേരെ സനോഹ എന്നാ ഗസ്റ്റ് ഹൗസിലേക്ക്. ഏകദേശം ഒരുമണിക്കൂര്‍ കൊണ്ട് ഫ്രഷ്‌ ആയി പ്രഭാത ഭക്ഷണവും കഴിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന ഐഡിയല്‍ ടൂറിസ്റ്റ് കമ്പനിയുടെ ബസിലേക്ക് കയറി. ഇനി കര്‍ണാടക സംസ്ഥാനത്തെ കൂര്‍ഗ് ജില്ലയുടെ തലസ്ഥാനമായ മടിക്കെരിയിലേക്ക്. മംഗലാപുരത്തുനിന്നും മടിക്കെരിയിലേക്ക് ഏകദേശം 150 കിലോമീറ്റര്‍ ഉണ്ട്. ഏകദേശം നാലു മണിക്കൂര്‍ പ്രതീക്ഷിക്കുന്ന ഈ യാത്ര പക്ഷെ അഞ്ചു മണിക്കൂറില്‍ അധികമാകും എന്ന് ബസ്‌ ഡ്രൈവര്‍ ലോകേഷിന്റെ വാക്കുകളിൽ നിന്ന് ബോധ്യമായി. ഒരു രാത്രി മുഴുവൻ ട്രെയിനിലും പിന്നെ ബസിലുമായി തുടരുന്ന ഈ യാത്ര പതിയെ പലരെയും ഉറക്കത്തിലേക്ക് നയിച്ചു.
ഞാൻ ബസിന്റെ ക്യാബിന്റെ ഉള്ളിൽ ഡ്രൈവറോടും ക്ലീനറോടും മലയാളവും അറിയാവുന്ന കന്നടയും തമിഴും ഹിന്ദിയും ഒക്കെ കൂട്ടിക്കലർത്തി പോകുന്ന സ്ഥലങ്ങളെ പറ്റിയുള്ള കിട്ടാവുന്ന മുഴുവൻ വിവരങ്ങളും ഒക്കെ ശേഖരിച്ചുകൊണ്ട് യാത്ര ആസ്വദിച്ച് അങ്ങനെ ഇരുന്നു. 
ഒരുമണിയോടുകൂടി സുള്ളിയയിലെ ഹോട്ടൽ മെട്രോ പാലസ് എന്ന മലയാളി ഹോട്ടലിൽ നിന്നും കർണ്ണാടക സ്റ്റൈലിൽ അയില കറിയും കൂട്ടി ഒരു ഊണും പാസാക്കി വീണ്ടും യാത്ര. ഒടുവിൽ മടിക്കേരി എത്തുന്നതിനു ഒരു അഞ്ചു കിലോമീറ്റർ മുൻപ് ഒരു ബോർഡ്‌ തലക്കാവേരി 43 കിലോമീറ്റർ, വലതുവശത്തെക്ക് ഒരു ആരോയും. അവിടുന്നങ്ങോട്ടുള്ള യത്ര മനോഹരം എന്നല്ല അതിമനോഹരം എന്നുവേണം പറയാൻ. ചുറ്റും കാപ്പിത്തോട്ടം, വളഞ്ഞു പുളഞ്ഞു ഒഴുകുന്ന ഒരു അരുവി പോലെ റോഡ്‌, ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. വളഞ്ഞും പുളഞ്ഞും ഇഴഞ്ഞും വലിഞ്ഞും ലാസ്റ്റിൽ തലക്കാവേരിയുടെ പാര്ക്കിംഗ് ഗ്രൗണ്ടിൽ എത്തി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഇതുവരെ അനുഭവിച്ച സകല ബുദ്ധിമുട്ടുകളും ഒരു നിമിഷം കൊണ്ട് പമ്പ കടന്നു. മൂടൽ മഞ്ഞിൽ കുളിച്ചു നിക്കുന്ന ഒരു താഴ്വര. തൊട്ടടുത്ത്‌ നില്ക്കുന്നവരെ പോലും വ്യക്തമായി കാണാൻ പറ്റുന്നില്ല അത്രയ്ക്ക് മഞ്ഞ് മൂടിക്കിടക്കുന്നു. പുതിയ സഞ്ചാരികളെ സ്വാഗതം ചെയ്യനെന്നോണം ഒരു ചെറിയ കാറ്റ് എല്ലാവരെയും തഴുകി കടന്നുപോയി.

നേരെ മുന്നിലേക്കുള്ള വഴിയിലൂടെ ഒരു ഊഹം വെച്ച് എല്ലാവരും നടന്നുതുടങ്ങി. മഞ്ഞ് അൽപ്പാൽപ്പമായി മാറി തുടങ്ങി. കൂടുതൽ മുന്നിലേക്ക്‌ ചെല്ലും തോറും കാഴ്ച വ്യക്തമായികൊണ്ടിരുന്നു. നടന്നു ചെല്ലുന്ന വഴിയിൽ ഇരുവശങ്ങളിലുമായി ആവി പറക്കുന്ന ചൂട് കാപ്പിയും ബജിയും വെള്ളവും മറ്റും വില്ക്കുന്ന ഒന്നുരണ്ടു കടകൾ. മുൻപിലായി വലിയ ഒരു ഗേറ്റ്. പടവുകൾ കയറി ഗേറ്റിന്റെ അടുത്തേക്ക് അടുക്കുമ്പോൾ പാദരക്ഷകൾ സൂക്ഷികാനായി ഒരു ചെറിയ ഷെഡ്‌. അതിൽ ചെരുപ്പുകൾ ഊരി ഇട്ടിട്ട് പടവുകൾ കയറി ഞാനും തലക്കാവേരിയിലേക്ക്.

കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ തലക്കാവേരി. തലക്കാവേരി എന്നാൽ കാവേരിയുടെ നെറുക അല്ലെങ്കിൽ തല എന്നർത്ഥം. കവേരി നദി ഇവിടെ ഉള്ള ഒരു ഉറവയിൽ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗർഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം.പടവുകൾ കയറി എത്തുന്നത്‌ ഒരു വലിയ തളത്തിലേക്കാണ്. അതിനു മുന്പിലായാണ് കാവേരി നദിയുടെ ഉത്ഭവം എന്ന് വിശ്വസിക്കുന്ന അരുവി. അതിനു സമീപത്തായി ഒരു കുളവും അതിനോട് ചേർന്ന് ഒരു ചെറിയ അമ്പലവും. അവിടെ അപ്പോളും പൂജകൾ നടക്കുന്നുടണ്ടായിരുന്നു. കുളത്തിനു സമീപം തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു മരം. ഈ മരം നില്ക്കുന്ന സ്ഥലത്ത് പണ്ട് അഗസ്ത്യമുനി തപസ് അനുഷ്ട്ടിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ആ മരത്തിനു സമീപത്തുകൂടി മുകളിലേക്ക് വേണ്ടും പടവുകൾ ഉണ്ട്.പടവുകൾ കയറി മുകളിൽ എത്തുമ്പോൾ കല്ല്‌പാകിയ വഴി വീണ്ടും മുകളിലേക്ക്. മഞ്ഞു മൂടി നിൽക്കുന്നതിനാൽ മുകളിലേക്കുള്ള കാഴ്ചകൾ വ്യക്തമല്ല. മരത്തിനു സമീപത്തായി ഒരു നടുത്തളവും ഉണ്ട്.
.
കുളവും ക്ഷേത്രവും പരിസരവും ആകെ മഞ്ഞു മൂടി നിൽക്കുന്നതിനാൽ ഫോട്ടോസ് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയായി. കുറെ സമയം ആ ക്ഷേത്രത്തിനുള്ളിൽ ചിലവഴിച്ച ശേഷം നിറഞ്ഞ മനസോടെ മറ്റു സഞ്ചരികൾക്കൊപ്പം ഞാനും പടവുകൾ തിരികെ ഇറങ്ങിത്തുടങ്ങി. കൂർഗിലെ അടുത്ത കാഴ്ചകളിലേക്ക്.
രാവിലെ 6 മണിക്ക്മുന്‍പ് തന്നെ എല്ലാവരും ഉണര്‍ന്നു . എല്ലാവര്ക്കും വേണ്ടി കൊടഗിലെ കാപ്പി തട്ടങ്ങളില്‍ വിളയുന്ന ഒന്നാതരം കാപ്പിയരിയുടെ നല്ല ആവി പറക്കുന്ന ബ്ലാക്ക്‌ കോഫി റെഡി ആയിരുന്നു. ഓരോ കപ്പ് കാപ്പിയുമായി എല്ലാവരും ഞങ്ങള്‍ താമസിച്ചിരുന്ന കൊല്ലനൂര്‍ ഗസ്റ്റ് ഹൌസ് എന്ന ഹോം സ്റ്റേയുടെ ടെറസിന്റെ മുകളില്‍ലേക്ക് കയറി വന്നു. അവിടെ നിന്ന് നോക്കിയാല്‍ മഞ്ഞില്‍ മൂടി നില്‍ക്കുന്ന മടിക്കേരി ടൌണ്‍ മുഴുവന്‍ കാണാമായിരുന്നു. വളരെ മനോഹരമായ ഒരു വ്യൂ പോയിന്റ്‌ തന്നെ ആണ് ആ ഹോം സ്റ്റേ. കുറേ നേരം ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞു എല്ലാവരും അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിനായി അവരവരുടെ റൂമുകളിലേക്ക് പോയി.
രാവിലെ എട്ടുമണിക്ക് തന്നെ യാത്ര ആരംഭിക്കേണ്ടതുകൊണ്ട് എല്ലാവരും വേഗം തന്നെ റെഡി ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാന്‍ എത്തി. രാവിലെ കൂര്‍ഗ് സ്പെഷ്യല്‍ കടുബ് (ഇഡ്ഡലി പോലെ ആവിയില്‍ പുഴുങ്ങി എടുക്കുന്ന ഒരു പലഹാരം), ഉപ്പുമാവ് കൂടെ വെജ് കറിയും ചട്ണിയും ചായയും. 


അത്യധികം രുചികരമായ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം അന്നത്തെ ഞങ്ങളുടെ മടിക്കേരി കാഴ്ചകള്‍ ആരംഭിച്ചു. ആദ്യ പോയിന്റ്‌ രാജാസ് സീറ്റ്.

കര്‍ണ്ണാടകയിലെ കൂര്‍ഗ് ജില്ലയിലെ മെക്കാറാ എന്നാ മടിക്കെരിയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രം ആണ് രാജാസ് സീറ്റ്. ഇത് ഒരു സീസണല്‍ ഗാര്‍ഡന്‍ ആണ്. കൊടഗിലെ രാജാക്കന്മാര്‍ അവരുടെ പ്രതാപ കാലങ്ങളില്‍ പ്രഭാത - സന്ധ്യ നേരങ്ങളില്‍ സൂര്യോദയവും അസ്തമനവും കാണാനും വിശ്രമിക്കാനുമായി എത്തിയിരുന്ന ഉദ്യാനം ആണിത്. വളരെ മനോഹരമായ ഒരു വ്യൂ പോയിന്റ്‌ ആണിത്. മനോഹരമായി ക്രമീകരിച്ചിരിക്കുന്ന ഒരു പൂന്തോട്ടവും പുല്‍ത്തകിടികളും ഇവിടെ ഉണ്ട്.


ഉദ്യാനത്തിന്റെ ഒരു വശത്ത് വ്യൂ പൊയന്റിനു നേരെ മുന്‍പിലായി പഴയ രാജാക്കന്മാരുടെ ഇരിപ്പിടം ഓര്‍മ്മിപ്പിക്കും വിധം ഒരു മണ്ഡപം പണിതിരിക്കുന്നു. അതിനു ചുറ്റും മനോഹരമായ ഇലച്ചടികളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. മണ്ഡപത്തിനു മുന്നിലായി താഴെ ഒരു തട്ട് പോലെ കുറേകൂടി വ്യക്തമായ വ്യൂ പോയിന്റ്‌ ഉണ്ട്. കൈവരികളും തറഓടുകളും ഭംഗിയായി ക്രമീകരിച്ച് മനോഹരവും സുരക്ഷിതവും ആക്കിയിരിക്കുന്ന ഈ വ്യൂ പൊയന്റില്‍ യാത്രക്കാരുടെ സെല്‍ഫി എടുക്കാനുള്ള തിക്കും തിരക്കും. 
മഞ്ഞുമൂടിയ, തണുത്ത കാറ്റ് വീശുന്ന, രാജ പ്രതാപവും പാരമ്പര്യവും ഉറങ്ങുന്ന ആ ഉദ്യാനത്തില്‍ നിന്ന് താഴ്‌വരയുടെ കാഴ്ച ഏറെ ഹൃദ്യവും മനോഹരവും മനസിന് ഏറെ കുളിര്‍മ്മ നല്‍കുന്നതുമായ ഒരനുഭവം തന്നെയാണ്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com