റുഫീന ബാക്കിവെച്ചത് നിരവധി ചോദ്യങ്ങള്‍

on Aug 14, 2011


കാഞ്ഞങ്ങാട്: സമൂഹം ചിന്തിക്കേണ്ട കുറേ ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് വിശുദ്ധ റമസാനില്‍ ജീവിതത്തിലെ ദുരിതത്തില്‍ നിന്നും എന്നന്നേക്കുമായി ചിത്താരി ചെമ്മണം കുണ്ടിലെ റുഫീന(22) യാത്രയായത്. കോടികളുടെ മണി മാളികകളും അതിന് മുമ്പില്‍ ലക്ഷങ്ങളുടെ ഗൈററും പുറത്തെ ഷെഡില്‍ ആടംബര കാറുകളും നിരത്തി, സ്വന്തം മക്കളുടെ കല്ല്യാണത്തിന് ലക്ഷങ്ങള്‍ പൊടിക്കുന്ന സമൂഹത്തിനിടയിലാണ് റൂഫീനയുടെ മരണം നടന്നത്.

കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മുഹമ്മദ് കുഞ്ഞി-ആയിശ ദമ്പതികളുടെ മകള്‍ റുഫീന. ആഗസ്ത് ആറിന് വൈകീട്ട് 6.45 മണിയോടെയാണ് റുഫിനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തത് വീട്ടിലെ പ്രാരാബ്ധം മൂലമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിലെ സാക്ഷരത പ്രേരക് ആയ മാതാവ് ആയിശ വീട്ടിലെത്തിയപ്പോഴാണ് റുഫീനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറു മാസം മുമ്പ് റൂഫിനയുടെ വീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. റുഫീനയുടെയും മാതാവിന്റെയും ഒന്‍പത് പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. ആകെയുള്ള സമ്പാദ്യമായ സ്വര്‍ണം മോഷണം പോയതോടെ റുഫിനയും കുടുംബവും ഏറെ സങ്കടത്തിലായിരുന്നു. നിര്‍ധന കുടുംബമായതിനാല്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണത്തിനായി റുഫീന ഏറെ വിഷമിച്ചിരുന്നു.

കൂട്ടുകാരികളൊക്കെ നല്ല വസ്ത്രവും പഠനോപകരണങ്ങളും നല്ല ഭക്ഷണവും കഴിക്കുമ്പോള്‍ പലപ്പോഴും റുഫീന നിരാശപ്പെട്ടിരുന്നു. റുഫീനയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് പ്രദേശത്തെ സമ്പന്നരോ മറ്റു സംഘടനങ്ങളോ കണ്ടിരുന്നില്ല. തന്റെ കുടുംബത്തെ ആരും സഹായിക്കാനില്ലെന്ന തോന്നലാണ് റുഫീനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.

റംസാന്‍ വ്രതമാസം ആരംഭിച്ചതോടെ കുടുംബത്തിന്റെ ദാരിദ്ര്യം റുഫീനയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്. രണ്ട് ചെറിയ മുറികളുള്ള വീട്ടിലാണ് റുഫീനയും മാതാപിതാക്കളും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്ക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അനുജന്‍ മുഹമ്മദ് റാഫിയും താമസിച്ചിരുന്നത്. പിതാവിന് കാലിന് അസുഖമുള്ളതിനാല്‍ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മാതാവ് ആയിശയ്ക്ക് നഗരസഭയില്‍ ജോലി ചെയ്താല്‍ കിട്ടുന്ന ചെറിയ ശമ്പളമാണ് കുടുംബത്തിന് ആകെയുള്ള വരുമാനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമുദായ നേതൃത്വങ്ങളും സംഘടനകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളില്‍ നിന്നും ആവശ്യമുയരുന്നത്.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com