ഖാസി കേസ്: സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

on Jul 21, 2011

http://www.kasaragod.com/news_details.php?CAT=102&NEWSID=53788
കാസര്‍കോട്: ചെമ്പിരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. അന്തിമറിപ്പോര്‍ട്ട് നല്‍കിയതായി ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഖാസി ആത്മഹത്യ ചെയ്തതായുള്ള പുതിയ റിപ്പോര്‍ട്ടുകളെ കുറിച്ച് പ്രതികരിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അതേസമയം ഖാസിയുടെ മരണം ആത്മഹത്യയാണെന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ആക്ഷന്‍ കമ്മിറ്റിയും ഇതര സംഘടനകളും ഇത് സംബന്ധമായി ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതകമാണെന്നതിന് ഇതുവരെ തെളിവോ സൂചനയോ ലഭിച്ചിട്ടില്ലെന്നും അപകടമരണമല്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ചെന്നൈയിലെ മേഖലാ ജോയിന്റ് ഡയറക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗീകാരം ലഭിച്ചശേഷം റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെ ഖാസിയുടെ മയ്യത്ത് ചെമ്പിരിക്ക കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. ഒട്ടേറെ വിവാദങ്ങള്‍ക്കിടയാക്കിയ കേസ് ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചശേഷം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി 600 ഓളം പേരെ ഇതിനകം സി.ബി.ഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്തവരില്‍ മലപ്പുറം എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡന്റും ഇപ്പോള്‍ കോഴിക്കോട് വിജിലന്‍സ് എസ്.പിയായി നിയമിതനായ പി. ഹബീബ് റഹ്മാനും ഉള്‍പ്പെടും. ഒരു സംഘടനയില്‍പ്പെട്ടവര്‍ പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹബീബ് റഹ്മാനെ കോഴിക്കോട്ട് വെച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ഹബീഹ് റഹ്മാന്റെ സെല്‍ ഫോണില്‍ നിന്നും വിളിച്ചതും ഫോണിലേക്ക് വന്നതുമായ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. ഹബീബ് റഹ്മാന്‍ അന്വേഷണം വഴിതെറ്റിക്കാനായി മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടേക്ക് വിളിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണ്‍ കോള്‍ വിവരങ്ങള്‍ സി.ബി.ഐ പരിശോധിച്ചത്.
കാഞ്ഞങ്ങാട്ടെ ഒരു പത്രാധിപരില്‍ നിന്നും സി.ബി.ഐ ഇതിന്റെ വിശദാംശങ്ങളറിയാനായി സമീപിച്ചിരുന്നു. ഖാസി കേസിന്റെ ഒരന്വേഷണവും ഹബീബ് റഹ്മാന്‍ നടത്തിയിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ സി.ഡി ഫയലില്‍ ഒരിടത്തും അദ്ദേഹത്തിന്റെ ഒപ്പുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അണുവിട വിടാതെയാണ് ഹബീബ് റഹ്മാന്റെ കാര്യത്തില്‍ സി.ബി.ഐ അന്വേഷണം നടത്തിയത്. ഖാസിയുടെ ഭാര്യയും ബന്ധുക്കളുമടക്കം സംശയമുള്ള 18 പേരെ സി.ബി.ഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ഖാസി നേരെത്തെ കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കാര്യവും രോഗ ശമനത്തിനുവേണ്ടി ആത്മീയ ചികിത്സ നടത്തിയിരുന്ന കാര്യവും സി.ബി.ഐ പരിശോധിച്ചിരുന്നു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനം ചില ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അപകട മരണത്തിനാണ് കൂടുതല്‍ സാധ്യതയെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. ഗോളശാസ്ത്ര പണ്ഡതനുകൂടിയായ ഖാസി അമാവാസി ദിനമായ സംഭവ ദിവസം വാനനിരീക്ഷണത്തിനോ, പ്രാര്‍ഥനക്കോ എത്തിയതവാമെന്ന നിഗമനവും സി.ബി.ഐക്കുണ്ട്. ചെമ്പരിക്ക കടുക്കകല്ലിലെത്തിയ ഖാസി കടലില്‍ വിണ് മരിച്ചതായിട്ടാണ് സി.ബി.ഐ സംഘം അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം.
 http://www.kasaragod.com/news_details.php?CAT=102&NEWSID=53788

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com