പ്രവാചകന്‍ എന്ന പ്രകാശം

on Feb 16, 2011


......ഏവര്‍ക്കും  നബിദിനാശംസകള്‍ ........
സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ജനറല്‍ സെക്രട്ടറി ,
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ

"നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്''(വി.ഖു)
ഭൂമിയിലെ ആവാസ വ്യവസ്ഥകള്‍ താളം തെറ്റാതെ ഇടപെടാനുള്ള പാഠങ്ങളാണ് തിരുചര്യ. മനുഷ്യര്‍ക്കെന്ന പോലെ സകല ജീവികള്‍ക്കും ഇരതേടാനും ജീവിക്കാനും പ്രജനനം നടത്താനുമുള്ള അവകാശം സ്ഥാപിക്കുകയാണ് പ്രവാചകന്‍. കമ്പോളവല്‍കൃതമാവരുത് സാമ്പത്തിക വ്യവഹാരങ്ങള്‍ എന്നാല്‍ കമ്പോള സാധ്യതകള്‍ നിരാകരിച്ചു സന്യസിക്കുകയുമല്ല ഇസ്ലാം. ഭരണം, സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍, സാമൂഹ്യബാധ്യതകള്‍ സൗഹൃദ പരിസരങ്ങളിലൂടെ വളര്‍ത്താനാണ് ഇസ്ലാമിന്റെ അധ്യാപനം. കാര്‍ഷിക വീക്ഷണങ്ങള്‍ ഉന്നതമായിരുന്നു. തൊഴിലിന് മുന്തിയ ഇടവും പദവിയും നല്‍കി .
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട അധ്യാപനങ്ങള്‍ നമുക്ക് തിരുനബി(സ)യില്‍ കാണാന്‍ കഴിയും. നമ്മുടെ ജീവിതത്തിന് വഴിയേകുന്ന ആ റസൂലിനോട് ആര്‍ക്കും അനുരാഗമുണ്ടാകും. അതാണ് മൗലിദിലൂടെ നാം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നബി(സ) പഠിപ്പിച്ച സമത്വവും സാഹോദര്യവും മനുഷ്യരെ ഒന്നായിക്കാണാനുള്ള വിശാലമനസ്സും പരക്കെ ആദരിക്കപ്പെട്ടു. അറബിക്ക് അനറബിയേക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ ഇസ്ലാമില്‍ സ്ഥാനമില്ലെന്നും അല്ലാഹുവിലുള്ള ഭയഭക്തിയാണ് ഔന്നത്യത്തിന്റെ മാനദണ്ഡമെന്നും നബി(സ) പഠിപ്പിച്ചു.
സമൂഹം മറ്റൊരു സമൂഹത്തോടും ഒരു വ്യക്തി മറ്റൊരു വ്യക്തിയോടുമുള്ള പെരുമാറ്റത്തിലും ഇടപഴകലിലും മര്യാദയും സ്നേഹവും കാണിക്കാന്‍ ഇസ്ലാം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. വിശ്വാസത്തിന്റെ ലക്ഷണമായി പരസ്പര സ്നേഹത്തെ ഇസ്ലാം കണക്കാക്കി. ചെറിയവരെ സ്നേഹിക്കലും വലിയവരെ ബഹുമാനിക്കലും ഒരു മുസ്ലിമിന്റെ ബാധ്യതയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ലെന്ന പ്രവാചകന്റെ അധ്യാപനങ്ങള്‍ എല്ലാ കാലത്തും എല്ലാ പ്രദേശത്തും പ്രസക്തമാണ്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്നേഹവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനാണ് ഇസ്ലാം പ്രഥമ പരിഗണന നല്‍കുന്നത്.
ലൈംഗികത, ലഹരി, യുദ്ധം എന്നിവയിലായിരുന്നു പുരാതന അറബികളുടെ ജീവിതം. കവികള്‍ പെണ്ണിനേയും യുദ്ധത്തേയും വര്‍ണ്ണിച്ചു പാട്ടെഴുതി. മദ്യം നുകര്‍ന്ന് ജീവിതം പാഴാക്കി. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അവര്‍ക്കില്ലാതെപോയി. അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു.
""നിങ്ങളില്‍നിന്നു തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനുമേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു.'' (വി.ഖു.)
നബി(സ)യുടെ നിയോഗ ലക്ഷ്യത്തിന്റെ ഭൗതികവും പാരത്രികവുമായ മാനങ്ങളെ ഈ വചനം വിശദീകരിക്കുന്നു. മനുഷ്യജീവിത വ്യവഹാരങ്ങളില്‍ സംഭവിക്കാനിടയുള്ള സംഗതികളില്‍ പങ്കാളിത്ത സമീപനങ്ങളും പാരത്രിക വിജയകാര്യങ്ങളില്‍ കണിശമായ താല്‍പര്യവും കരുണ, സ്നേഹം, ആര്‍ദ്രത തുടങ്ങിയ ഉന്നത മാനുഷിക ഭാവങ്ങളുടെ പ്രകാശനവും പ്രവാചകത്വ നിയോഗ പരിസരമാണെന്ന് വിശുദ്ധഖുര്‍ആന്‍ ഉണര്‍ത്തുന്നു.
ഇഖ്വത്ത് (സാഹോദര്യം), മുസാവമത്ത് (സ്ഥിതിസമത്വം), ഹുരിയ്യത്ത് (സ്വാതന്ത്രൃം) എന്നീ മൂന്ന് അടിസ്ഥാനശിലയില്‍ പടുത്തുയര്‍ത്തിയ ഇസ്ലാമിക ഭരണം വന്‍വിജയമായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രേഖപ്പെടുത്തിയ മനുസ്മൃതിയിലെ ചാതുര്‍വര്‍ണ്ണ്യവും റോമാപേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ സ്ഥാപിച്ച രാജവാഴ്ചകളും ഫറോവനംറൂദുമാര്‍ സ്ഥാപിച്ച ദൈവനിഷേധ ഭരണവും മനുഷ്യര്‍ക്ക് വരുത്തിയ മാനഹാനിയും നഷ്ടവും കഷ്ടവും നബി(സ) മാറ്റിയെടുത്തു. മനുഷ്യാവകാശങ്ങളെ മാനിക്കാതെ മതമില്ലെന്ന പാഠമാണ് ഇസ്ലാം ഉയര്‍ത്തിയത്. ഓരോ വ്യക്തിയുടെയും അഭിമാനം വളരെ വലുതാണെന്നും അതിലിടപെടാന്‍ ഒരാള്‍ക്കുമധികാരവും അവകാശവും ഇല്ലെന്നും തിരുനബി(സ) വിളംബരപ്പെടുത്തി.
മനുഷ്യര്‍ തുല്യരാണെന്ന് അവിടുന്നരുളി. വര്‍ണ്ണ വ്യത്യാസം സ്ഥാനമാനത്തിന്റെ മാനദണ്ഡമല്ലെന്ന് അവിടുന്ന് പ്രസ്താവിച്ചു. നീഗ്രോ വംശജനായ ബിലാല്‍(റ)വിനെയും ഖുറൈശി തറവാട്ടുകാരനായ അലിയ്യുബ്നു അബീതാലിബ്(റ)വിനെയും സമാനമായ ചുമതലകള്‍ ഏല്‍പ്പിച്ചു കൊണ്ട് ഇസ്ലാമിക ഭരണത്തില്‍ സ്ഥിതി സമത്വം പ്രഖ്യാപിത നയമാണെന്ന് അവിടുന്ന് പ്രാവര്‍ത്തികമാക്കി നിലനിന്നിരുന്ന സായുധ സംഘട്ടനങ്ങളും അവിടുന്ന് അവസാനിപ്പിച്ചു. പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്നവര്‍ സ്നേഹത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിയലഞ്ഞു. നൂറ്റാണ്ടിലധികം മദീനയെ പ്രയാസപ്പെടുത്തിയ ഔസ്ഗസ്റജ് ഗോത്ര തര്‍ക്കങ്ങളും സംഘട്ടനങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
പാരതന്ത്രൃത്തിന്റെ കൂച്ചുവിലങ്ങിട്ടു അടിമകളാക്കി അടിച്ചമര്‍ത്തിയിരുന്ന മാനവരാശിയെ സ്വാതന്ത്രൃത്തിന്റെ വിഹായസ്സിലേക്ക് നബി(സ) നയിച്ചു. അഭിപ്രായസ്വാതന്ത്രൃം ഒരിക്കലും അവമതിക്കപ്പെട്ടിട്ടില്ല. വിശ്വാസ സ്വാതന്ത്രൃം, സാമ്പത്തിക സ്വാതന്ത്രൃം, തൊഴില്‍ സ്വാതന്ത്രൃം, വാണിജ്യ സ്വാതന്ത്രൃം അങ്ങനെ മനുഷ്യരുടെ ഭൗതിക ജീവിതത്തില്‍ അവന്റെ സാധ്യതകള്‍ക്കനുസരിച്ച് സ്വാതന്ത്രൃത്തിന്റെ ലോകത്തേക്കവനെ ആനയിക്കുകയും അതേ അവസരം മനുഷ്യരുടെ ജീവന്‍, സ്വത്ത്, അഭിമാനം, ചാരിത്യ്രം എന്നിവയ്ക്കെല്ലാം പുര്‍ണ്ണമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു.
ഇസ്ലാം ഉയര്‍ത്തിയ സന്ദേശങ്ങള്‍ പ്രധാനമായും ഇവയാണ്: 1. ഏക ദൈവ വിശ്വാസം 2. വിജ്ഞാനത്തിലൂടെ വിജയം 3. സാഹോദര്യത്തിലൂടെ സമാധാനം 4. സത്യസന്ധതയിലൂടെ വ്യവഹാരങ്ങള്‍ 5. സൂക്ഷ്മതയിലൂടെ ഇഹപരവിജയം
നല്ല ഇടയന്‍, കുടുംബനാഥന്‍, കര്‍ഷകന്‍, കച്ചവടക്കാരന്‍, ഭരണാധികാരി, ഭരണീയര്‍ എന്നീ രീതികളിലൊക്കെ സമൂഹസമ്പത്ത് നിലനിര്‍ത്തുന്നവരായി മാനവസമൂഹത്തെ പരിവര്‍ത്തിപ്പിച്ചു. എ.ഡി. 570 ഓഗസ്റ്റ് 30ന് (റബീഉല്‍ അവ്വല്‍ 12) ഭൂജാതനായ മുഹമ്മദ് നബി(സ) എ.ഡി. 632 ജൂണ്‍ 7 (റബീഉല്‍ അവ്വല്‍ 12)ന് വഫാത്തായി. വര്‍ത്തമാന ചിന്തകളില്‍ പ്രവാചകദര്‍ശനങ്ങള്‍ക്ക് അധിക ഇടം ലഭിക്കുന്നു. വികസിത സമൂഹങ്ങള്‍ക്ക് അറിവും അനുഭവവും ഉപകരിക്കാനും ഉപദ്രവമാകാതിരിക്കാനും ആധുനിക മനുഷ്യന്‍ നന്നേ ക്ലേശിക്കുന്നു. മനുഷ്യന്റെ ജീവിതവുമായി ചുറ്റിപറ്റി തുടരെ തുടരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പലദര്‍ശനങ്ങളും പ്രയാസപ്പെടുമ്പോള്‍ സാമൂഹ്യ സുരക്ഷയിലൂടെ സന്തോഷം, മാനസിക സംതൃപ്തിയിലൂടെ മോക്ഷം എന്ന പരമമായ പ്രവാചക ദര്‍ശനം അധികവായനക്ക് വിധേയമാക്കപ്പെടുകയാണ

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com