കേരളത്തില്‍ ഒന്നേകാല്‍ ലക്ഷംപേര്‍ക്ക് മറവിരോഗം

on Sep 21, 2010

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം വയോധികര്‍ക്ക് മറവിരോഗം ബാധിച്ചു തുടങ്ങിയതായി കണക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പോളിസി ഓഫ് ഓള്‍ഡര്‍ പേഴ്‌സണ്‍ എന്ന ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ത യ്യറാക്കിയത്. രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സ്വയം തിരിച്ചറിയാന്‍ പോലും വൈകുന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വയോധികര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയിലാകെയുള്ളവരില്‍ 30 ശതമാനം പേര്‍ കേരളത്തിലാണ്. ഇതില്‍ നാലുശതമാനം പേര്‍ക്ക് മറവി രോഗമുള്ളതായാണ് പഠനം വ്യക്തമാക്കുന്നത്. 15 വര്‍ഷം കൊണ്ട് കേരളത്തില്‍ 80 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണക്ക്. എന്നാല്‍ ഈ പ്രശ്‌നത്തെ ഗൗരവമായി സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. രോഗബാധിതരായവര്‍ പ്രത്യേക പരിചരണം ആവശ്യമായവരാണ്. പക്ഷെ, ഇതിനാവശ്യമായ പരീശീലനം ഇന്ന് ലഭ്യമല്ല. സ്വഭാവരീതിയില്‍ പോലും മാറ്റം വന്നവരെ പരിചരിക്കാന്‍ ആവശ്യമായ സദനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലില്ല.

കേരളത്തില്‍ സ്ത്രീകളാണ് രോഗബാധിതരായി കഴിയുന്നവരിലേറെയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 11 വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് രോഗം ഏറിയോ കുറഞ്ഞോ ബാധിച്ചിട്ടുണ്ട്. അമ്പതിലേറെ സ്വകാര്യ വൃദ്ധ സദനങ്ങളും കേരളത്തിലുണ്ട്. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ മാനസിക രോഗികളായി പരിഗണിച്ച് മയക്കിക്കിടത്തുകയാണ് രോഗം മൂര്‍ച്ഛിച്ചവരെ ചെയ്യുന്നത്. ശ്രദ്ധാപൂര്‍വമായ പരിചരണവും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളും കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക സുരക്ഷാമിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കല്ലാതെയും മറവിരോഗം വരുന്നുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. 60 വയസ്സിന് ശേഷമാണ് ഇത് പ്രകടമായി കാണുന്നത്. വ്യക്തിഗത ജോലികളും വാക്കുകളും മറന്നുപോവുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ തുടങ്ങി സ്വന്തം മക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയാതിരിക്കുക, സ്ഥലബോധം നഷ്ടമാവുക എന്നീ നിലകളിലേക്ക് രോഗം മാറും. മറ്റുള്ളവരെ ഉപദ്രവിക്കുക, ലൈംഗിക വൈകൃതം കാണിക്കുക എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഇവരെ ഭ്രാന്തന്മാരായി പരിഗണിക്കുകയാണ് ചെയ്യാറ്.

കേരളത്തില്‍ ഇവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന ഭീകരമായ സ്ഥിതികൂടി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആസ്​പത്രികളില്‍ ബന്ധുക്കളുപേക്ഷിച്ച 190 വയോധികരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മറവിരോഗം ബാധിച്ചവരാണ്. വയോധികര്‍ക്കായി 30 ക്ഷേമപദ്ധതികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവയിലൊന്നും മറവിരോഗം ബാധിച്ചവരെ പരിഗണിച്ചിട്ടില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com