BMW X 6 @ CHITHARI

on Sep 30, 2010

ഹംസ വധം: രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം ശിക്ഷ

on

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസിലെ രണ്ടാംപ്രതി കെ.എം. അബ്ദുള്ളയ്ക്ക് പ്രത്യേക സി.ബി.ഐ. കോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചു.

വധശിക്ഷ വിധിക്കേണ്ടതില്ലെന്നും നീതിയുടെ താല്പര്യങ്ങള്‍ക്ക് ജീവപര്യന്തം മതിയാകുമെന്നും പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് പറഞ്ഞു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാല്‍ അത്‌കൊല്ലപ്പെട്ട ഹംസയുടെ വിധവയ്ക്ക് നല്‍കണം. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.

കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഹംസ കൊലക്കേസ് സിബിഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസാണ് ആദ്യം അന്വേഷിച്ചത്. കാസര്‍കോട് സ്വദേശിയും പാകിസ്താന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന് അറിയപ്പെടുന്ന രാജ്യാന്തര കുറ്റവാളിയുമാണ് കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി.

ഹംസയെ കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പാകിസ്താന്‍ അബ്ദുള്‍ റഹ്മാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അബ്ദുള്ളയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സാക്ഷി മൊഴികളിലൂടെ
സിബിഐക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഹംസ കൊല്ലപ്പെട്ടത് 1989 ഏപ്രിലില്‍ കാസര്‍കോട് റോഡില്‍വെച്ച് പട്ടാപ്പകലായിരുന്നു. പ്രതിയായ എം.കെ. അബ്ദുള്ള സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെങ്കിലും കൊലപാതകം നടപ്പിലാക്കുന്നതിലും വാടക ഗുണ്ടകളെ കൊണ്ടു വരുന്നതിലും പങ്കുവഹിച്ചിട്ടുണ്ടെന്ന് തെളിയുന്നതായി കോടതി പറഞ്ഞു.

ആറ് കോടിയുടെ സ്വര്‍ണം കേരളത്തില്‍ കള്ളക്കടത്തായി എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. അത് റവന്യൂ ഇന്റലിജന്‍സ് പിടിച്ചത് ഹംസ ഒറ്റിക്കൊടുത്തതു കൊണ്ടായിരുന്നുവെന്ന് പ്രതികള്‍ വിശ്വസിച്ചു. ഹംസയ്ക്ക് റവന്യൂ ഇന്റലിജന്‍സ് പാരിതോഷികം നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഹംസയെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താന്‍ അബ്ദുള്‍ റഹ്മാനാണ് ആസൂത്രണം ചെയ്തത്.

വിധിയില്‍ ആശ്വാസം - ഹംസയുടെ മകന്‍

on



കാഞ്ഞങ്ങാട്: ''വധശിക്ഷ വിധിക്കുമെന്ന് കരുതിയിരുന്നു. എന്റെ ഉപ്പയെ ഇല്ലാതാക്കിയവന് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടിയല്ലോ-ആശ്വാസം''. ഹംസ വധക്കേസിലെ രണ്ടാം പ്രതി അബ്ദുള്ളയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ഹംസയുടെ മൂത്തമകന്‍ ഫത്താഹ്. 'സി.ബി.ഐ. അന്വേഷണം ഊര്‍ജിതപ്പെടുത്തി ഒന്നാം പ്രതി പാക്കിസ്താന്‍ അബ്ദുള്ളയെ കൂടി പിടിക്കണം. അന്വേഷണങ്ങള്‍ക്ക് കരുത്തേകാന്‍ ഞങ്ങളുടെ പ്രാര്‍ഥനയും ഉണ്ടാകും' ഫത്താഹ് കൂട്ടിച്ചേര്‍ത്തു.

21 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസിന് വിവരം നല്കിയെന്ന പേരില്‍ ഹംസയെ വെടിവെച്ച് കൊല്ലുമ്പോള്‍ ഫത്താഹിന് പത്തു വയസായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫത്താഹ് ഇപ്പോള്‍ നാട്ടിലുണ്ട്. മൗവ്വലിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് ഫത്താഹ് ഹൈക്കോടതി വിധിയിലെ സന്തോഷം പങ്കുവച്ചത്.

ഹംസ സൈബുന്നിസ ദമ്പതികള്‍ക്ക് ഏഴ് കുട്ടികളാണ്. ഫത്താഹിന്റെ അനുജന്‍മാരായ നൗഫല്‍, നബീല്‍, നജീബ് എന്നിവരും ഗള്‍ഫിലാണ്. ഷഹനാസ്, ഷനാഹ്, സഫ്‌വാന എന്നിവരാണ് സഹോദരിമാര്‍. മൂത്തവര്‍ രണ്ട് പേരുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇളയകുട്ടി സഫ്‌വാനുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഫ്‌വാനയെ സൈബുന്നിസ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഹംസ കൊല്ലപ്പെട്ടത്. ഹംസ വെടിയേറ്റ് മരിച്ച കാര്‍ ഇപ്പോഴും മൗവല്ലിലെ 'ഷഹനാസ്' വില്ലയിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഘാതകരെ ശിക്ഷിച്ചതിനെ കുറിച്ച് പറയുമ്പോള്‍ ഒരു വിതുമ്പല്‍ മാത്രമാണ് സൈബുന്നിസയുടെ മുഖത്ത്. നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞതെല്ലാം കൈക്കുഞ്ഞുങ്ങളായ ഏഴ് പേരെ പോറ്റി വളര്‍ത്തിയ സാഹസത്തെ കുറിച്ചാണ്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയപ്പോള്‍ സൈബുന്നീസ മറുചോദ്യം 'എത്ര ശിക്ഷ കൊടുത്താലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്റെ വിലയാകുക'?

സ്വര്‍ണവും പണവും കളഞ്ഞുകിട്ടി

on Sep 29, 2010




കാഞ്ഞങ്ങാട്: ചാമുണ്ടിക്കുന്ന് പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് പണവും സ്വര്‍ണവും ഉള്‍പ്പെടെയുള്ള പഴ്‌സ് കളഞ്ഞുകിട്ടിയിട്ടുണ്ട്. ഉടമ 9446564998 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

ഇന്ന് രാത്രിമുതല്‍ ജില്ലയില്‍ മൂന്നുദിവസം നിരോധനാജ്ഞ

on

കാസര്‍കോട്: അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച രാത്രി 12 മുതല്‍ മൂന്നുദിവസത്തേക്ക് കളക്ടര്‍ ആനന്ദ് സിങ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ സമയങ്ങളില്‍ജാഥ നടത്തുന്നതും നിരോധിച്ചു.

ജില്ലയില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ പ്രധാനസ്ഥലങ്ങളില്‍ നിയോഗിക്കും. നേരത്തെ ഉന്നത പോലിസുദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു.

വെള്ളിമൂങ്ങയെ പിടികൂടി

on

രാവണേശ്വരം: പുതിയവളപ്പിലെ ഫോട്ടോഗ്രാഫര്‍ ലോഹിതാക്ഷന്റെ വീട്ടുവളപ്പില്‍നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മൂങ്ങയെ ഏറ്റുവാങ്ങി.

ജിന്ന്ചികിത്സ: കുണിയയില്‍ വീടാക്രമിച്ചു

on Sep 25, 2010

കാഞ്ഞങ്ങാട്: ജിന്ന്ചികിത്സയ്‌ക്കെത്തിയവരെ തരിച്ചയച്ചതിന് കുണിയയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വീടാക്രമണം. കുണിയ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീടാണ് ആക്രമിച്ചത്. സംഭവത്തില്‍ 10പേരെ ബേക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കാസര്‍കോട് സ്വദേശികളായ കബീര്‍, റഹ്മാന്‍, താജുദ്ദീന്‍, ഷിഹാബുദ്ദീന്‍, അന്‍വര്‍ സാദത്ത്, മുസമ്മില്‍, ഖലീല്‍, ഷമീര്‍, കൈസല്‍, റാബിത്ത് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുണിയയിലെ ജിന്ന്ചികിത്സയ്ക്കായി കഴിഞ്ഞദിവസം തളങ്കരയില്‍നിന്ന് ഒരു കുടുംബം എത്തിയിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ഈ കുടുംബത്തെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ വ്യാജ ജിന്നിന്റെ വികൃതികളെ പറഞ്ഞു ഉല്‍ബുദ്ധരാക്കി തിരിച്ചയച്ചിരുന്നു. ഇത് ചോദ്യംചെയ്യാന്‍ എത്തിയ ജിന്നിന്റെ ഗുണ്ടാ സംഘമാണ് വീട്ടിനുനേരെ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ വീട്ടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷറഫ് പറഞ്ഞു.

മുള്ളേരിയയില്‍ ഈ സഹോദരങ്ങള്‍ കരളലിയിക്കും കാഴ്ച

on Sep 22, 2010

മുള്ളേരിയ: കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വിഷമഴ പെയ്യിച്ചപ്പോള്‍ റാബിയയും നാസിറും അറിഞ്ഞില്ല അത് തങ്ങളുടെ ജീവിതം നിത്യദുഃഖത്തിലാക്കുമെന്ന്. മുള്ളേരിയ ഗ്വാളിമുഖത്തെ പാലത്തൊട്ടി മന്‍സിലില്‍ ഈ സഹോദരങ്ങള്‍ ഇന്ന് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.

16 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതവും പേറിയാണ് റാബിയയും (22), നാസിറും (21) കഴിയുന്നത്. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു. ചികിത്സയ്ക്കുശേഷം ഉമ്മ ദൈനബിയുടെ കൈയില്‍ ഇപ്പോള്‍ മിച്ചമായുള്ളത് പണയത്തിലായ പത്ത് സെന്റ് സ്ഥലവും വീടുമാണ്. ദൈനബിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മകന്‍ അഷ്‌റഫിന്റെ വരുമാനമായിരുന്നു. അഷ്‌റഫ് കാലൊടിഞ്ഞ് പണിക്ക് പോകാന്‍ പറ്റാതിരുന്നത് ഇവര്‍ക്ക് കനത്ത ആഘാതമായി.

ഇവരുടെ വീട് കര്‍ണ്ണാടകയില്‍പ്പെടുന്നതാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാവുന്നില്ല. ആകെ ഇവര്‍ക്ക് ലഭിക്കുന്നത് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച 400 രൂപ വികലാംഗ പെന്‍ഷന്‍ മാത്രമാണെന്ന് അഷ്‌റഫ് പറഞ്ഞു.

ഇപ്പോള്‍ റാബിയയ്ക്ക് രോഗം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നടക്കുമായിരുന്ന റാബിയയ്ക്ക് ഇപ്പോള്‍ ഉമ്മ ദൈനബിയാണ് കൈത്താങ്ങ്. ഒരടി വെച്ചാല്‍ വീഴുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവരെ കാണുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി വേദനയോടെ നോക്കിനില്‍ക്കാനേ സഹോദരന്‍ അഷ്‌റഫിനും അമ്മ ദൈനബിക്കുമാകുന്നുള്ളൂ. സര്‍ക്കാരുകള്‍ കനിയുമെന്നും സഹായം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.

കേരളത്തില്‍ ഒന്നേകാല്‍ ലക്ഷംപേര്‍ക്ക് മറവിരോഗം

on Sep 21, 2010

സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം വയോധികര്‍ക്ക് മറവിരോഗം ബാധിച്ചു തുടങ്ങിയതായി കണക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പോളിസി ഓഫ് ഓള്‍ഡര്‍ പേഴ്‌സണ്‍ എന്ന ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള ഏകദേശ കണക്കുകള്‍ ത യ്യറാക്കിയത്. രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സ്വയം തിരിച്ചറിയാന്‍ പോലും വൈകുന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലന്ന് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. വയോധികര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയിലാകെയുള്ളവരില്‍ 30 ശതമാനം പേര്‍ കേരളത്തിലാണ്. ഇതില്‍ നാലുശതമാനം പേര്‍ക്ക് മറവി രോഗമുള്ളതായാണ് പഠനം വ്യക്തമാക്കുന്നത്. 15 വര്‍ഷം കൊണ്ട് കേരളത്തില്‍ 80 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണക്ക്. എന്നാല്‍ ഈ പ്രശ്‌നത്തെ ഗൗരവമായി സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. രോഗബാധിതരായവര്‍ പ്രത്യേക പരിചരണം ആവശ്യമായവരാണ്. പക്ഷെ, ഇതിനാവശ്യമായ പരീശീലനം ഇന്ന് ലഭ്യമല്ല. സ്വഭാവരീതിയില്‍ പോലും മാറ്റം വന്നവരെ പരിചരിക്കാന്‍ ആവശ്യമായ സദനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലില്ല.

കേരളത്തില്‍ സ്ത്രീകളാണ് രോഗബാധിതരായി കഴിയുന്നവരിലേറെയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 11 വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് രോഗം ഏറിയോ കുറഞ്ഞോ ബാധിച്ചിട്ടുണ്ട്. അമ്പതിലേറെ സ്വകാര്യ വൃദ്ധ സദനങ്ങളും കേരളത്തിലുണ്ട്. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ മാനസിക രോഗികളായി പരിഗണിച്ച് മയക്കിക്കിടത്തുകയാണ് രോഗം മൂര്‍ച്ഛിച്ചവരെ ചെയ്യുന്നത്. ശ്രദ്ധാപൂര്‍വമായ പരിചരണവും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളും കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക സുരക്ഷാമിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കല്ലാതെയും മറവിരോഗം വരുന്നുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. 60 വയസ്സിന് ശേഷമാണ് ഇത് പ്രകടമായി കാണുന്നത്. വ്യക്തിഗത ജോലികളും വാക്കുകളും മറന്നുപോവുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ തുടങ്ങി സ്വന്തം മക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയാതിരിക്കുക, സ്ഥലബോധം നഷ്ടമാവുക എന്നീ നിലകളിലേക്ക് രോഗം മാറും. മറ്റുള്ളവരെ ഉപദ്രവിക്കുക, ലൈംഗിക വൈകൃതം കാണിക്കുക എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഇവരെ ഭ്രാന്തന്മാരായി പരിഗണിക്കുകയാണ് ചെയ്യാറ്.

കേരളത്തില്‍ ഇവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന ഭീകരമായ സ്ഥിതികൂടി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആസ്​പത്രികളില്‍ ബന്ധുക്കളുപേക്ഷിച്ച 190 വയോധികരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മറവിരോഗം ബാധിച്ചവരാണ്. വയോധികര്‍ക്കായി 30 ക്ഷേമപദ്ധതികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവയിലൊന്നും മറവിരോഗം ബാധിച്ചവരെ പരിഗണിച്ചിട്ടില്ല.

വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു

on Sep 20, 2010

കാഞ്ഞങ്ങാട്: വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി പിടിയിലാകുന്നു. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കൃത്രിമമായി ഉണ്ടാക്കിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. റവന്യു വകുപ്പിന്റെ പരാതിയില്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒരു മാസത്തിനിടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. 2007 മുതലുള്ള കണക്കനുസരിച്ച് 40 പേരാണ് കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ മാത്രം അറസ്റ്റിലായത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് കല്ലൂരാവിയിലെ പി.എം.ഇബ്രാഹിം(54) പോലീസ് പിടിയിലായത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചറിയലിനായി എത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശോധിച്ച റവന്യു വകുപ്പാണ് ഇത് തെറ്റായ രേഖയാണെന്ന് മനസ്സിലാക്കിയത്. ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.കുഞ്ഞികൃഷ്ണനും സംഘവുമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.

വെള്ളൂര്‍ പുത്തപ്പള്ളയിലെ അഷ്‌റഫ് കുണ്ടല(32), മാട്ടുമ്മല്‍ ചിത്താരിയിലെ എം.പ്രഭാകരന്‍(27), പടന്നയിലെ എം.വി.സി.കുഞ്ഞബ്ദുള്ള(49), പടന്നക്കാട് ഞാണിക്കടവിലെ പി.പി.അബൂബക്കര്‍(52) എന്നിവരാണ് ഒരുമാസത്തിനിടെ പോലീസ് പിടിയിലായത്. അച്ഛന്റെ പേര് മാറ്റി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കൊടക്കാട് സ്വദേശിക്ക് തപാലില്‍ പാസ്‌പോര്‍ട്ട് വന്നപ്പോള്‍ അച്ഛന്റെ പേരിലെ വ്യത്യാസം കണ്ട് പോസ്റ്റോഫിസ് അധികൃതര്‍ തിരിച്ചയച്ചത് അടുത്തിടെയാണ്.

കേസുകളില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടവര്‍, റദ്ദ് ചെയ്തവര്‍, ഇരട്ട പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവര്‍ എന്നിവരാണ് വ്യാജരേഖയുണ്ടാക്കി പുതിയ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവരില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സ്വാധീനിച്ച് ജനനതീയതിയും അച്ഛന്റെ പേരും തിരുത്തി 'എക്‌സ്ട്രാക്ട്' സമ്പാദിക്കുന്നവരും ഏറെയാണ്. പത്താം ക്ലാസിന് മുമ്പെ പഠനം മതിയാക്കിയവരാണ് പ്രധാനാധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ പകര്‍പ്പ് വാങ്ങുന്നത്. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് 'എക്‌സ്ട്രാക്ടി'ല്‍ തെറ്റുണ്ടോ എന്നറിയാന്‍ സ്‌കൂളുകളിലേക്ക് കത്തയക്കാറുണ്ട്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ശരിയാണെങ്കിലേ പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകൂ. ചിലര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.

എസ്.ഐ കെ.കുഞ്ഞികൃഷ്ണന്‍ നയിക്കുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ സ്‌ക്വാഡില്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, ഗണേശന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ സുരേന്ദ്രന്‍, രമേശന്‍, ബാബു, പ്രസന്നന്‍ എന്നിവരാണുള്ളത്.

കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ യാത്ര കഠിനം

on Sep 19, 2010

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ യാത്രാദുരിതം ഏറുന്നു. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് പള്ളിക്കര, പള്ളിക്കര കാസര്‍കോട് എന്നിങ്ങനെയാണ് കെ.എസ്.ആര്‍.ടി.സി.സര്‍വിസ് നടത്തുന്നത്.

115 ഓളം സര്‍വീസുകളാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി.യില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാസര്‍കോട്-പള്ളിക്കര റൂട്ടില്‍ പത്ത് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.

കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ ടയറിന് തകരാര്‍പറ്റുന്നതിനാല്‍ സര്‍വീസുകള്‍ മുടക്കേണ്ടിവരുന്നുണ്ട്.പ്രതിദിനം എട്ടിലേറെ ബസ്സുകളാണ് ടയര്‍ പഞ്ചറായി ഓട്ടം നിര്‍ത്തുന്നത്. പുതിയ ടയര്‍ ഉപയോഗിച്ച് 30000 കി.മീ.ഓടാം. എന്നാല്‍ തകര്‍ന്ന റോഡിലൂടെ ഓടുന്നതിനാല്‍ 10000-15000 കി.മീ.ആകുമ്പോഴേക്കും ടയര്‍ പഞ്ചറാവും. ഇത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി.ക്ക്.ഇതിന്പുറമെ പഴയ ബസ്സുകള്‍ക്ക് യന്ത്രത്തകരാറുകളും. ഇത്തരം പ്രശ്‌നങ്ങളാണ് ട്രിപ്പ് റദ്ദാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പള്ളിക്കരറൂട്ടില്‍ രാവിലേയും വൈകീട്ടും ആവശ്യത്തിന് ബസ്സുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കര മേല്‍പ്പാലത്തിന്റെ പണിക്കൊപ്പം മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ആവഴിയും യാത്ര നടക്കുന്നില്ല. ഇത് ജനങ്ങളുടെ യാത്രാപ്രശ്‌നം ഇരട്ടിയാക്കുന്നു.

ചിത്താരിഇലക്ട്രിസിറ്റി ഓഫീസില്‍ അക്രമം: 20പേര്‍ക്കെതിരെ കേസ്

on Sep 12, 2010

വൈദ്യുതിമുടങ്ങി എന്നാരോപിച്ച് ഇലക്ട്രിസിറ്റി ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയേറ്റംചെയ്തു. ഓഫീസ് ഫര്‍ണിച്ചറും നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചിത്താരി വൈദ്യുതിഓഫീസിലാണ് അക്രമം അരങ്ങേറിയത്. പള്ളിക്കരഭാഗത്ത് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്നാണ് ഒരു സംഘംആളുകള്‍ എത്തി അക്രമംനടത്തിയത്. ഓഫീസ് ഫര്‍ണിച്ചറും ജനല്‍ച്ചില്ലുകളും ടെലിഫോണും അടിച്ചു തകര്‍ത്തു. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇലക്ട്രിസിറ്റിവര്‍ക്കര്‍ ശ്യാമിനെ കൈയേറ്റംചെയ്തു. കാഞ്ഞങ്ങാട് സബ്‌സ്റ്റേഷനില്‍നിന്ന് ചാലിങ്കാല്‍വഴി മുക്കൂട് പള്ളിക്കര ഭാഗത്തേക്ക് വരുന്ന 11 കെ.വി.ലൈന്‍മാവുങ്കാലില്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് പ്രദേശങ്ങളില്‍ വൈദ്യുതിമുടങ്ങിയതത്രേ. 11മണിയോടെതന്നെ മാവുങ്കാല്‍, ചിത്താരി സെക്ഷനിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നുവെന്ന് ഇലക്ട്രിസിറ്റി അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്റ് എന്‍ജിനിയരുടെ പരാതിയില്‍ പള്ളിക്കര അഞ്ജന തിയേറ്ററിന് സമീപത്തെ ജലീല്‍, സുബൈര്‍ തുടങ്ങി 20 തോളം ആളുകളുടെപേരില്‍ ഹൊസ്ദുര്‍ഗ് പോലിസ്‌കേസെടുത്തു

.

on







ത്യാഗോജ്യ്വലവും ഭക്തിസാന്ദ്രവുമായ ഇരുപത്തൊന്പതു നാളിനു പരിസമാപ്തി കുറിച്ചു കൊണ്ട് സൌഹ്രദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓര്‍മ പുതുക്കല്‍ ദിവസം വീണ്ടും വരവായി.... പ്രിയ സന്ദര്‍ശകര്‍ക്ക് മൈ ചിത്താരിയുടെ ഒരായിരം പെരുന്നാള്‍ പൂച്ചെണ്ടുകള്‍!



ഈദ്‌ മുബാറക്ക്‌.....ഈദ്‌ മുബാറക്‌!!



നേതാക്കള്‍ പെരുന്നാള്‍ ഉറപ്പിച്ചു..

on Sep 10, 2010

കോഴിക്കോട്

: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

റമദാനിന്റെ പവിത്രത ഉള്‍കൊണ്ട്കൊണ്ട് തികച്ചും സമാധാനപരമായി തന്നെ ഈദ്‌ കൊണ്ടാടണമെന്നു നേതാക്കള്‍ ഓര്‍മിപ്പിച്ചു..

റംസാന്‍ അവസാന പത്തിലേക്ക്

on Sep 2, 2010

ആത്മസമര്‍പ്പണത്തിലൂടെ വിശ്വാസിയുടെ കര്‍മങ്ങളെ പരിശുദ്ധമാക്കാന്‍ സര്‍വശക്തന്‍ കനിഞ്ഞുനല്കിയ പുണ്യ റംസാന്‍മാസം അവസാനപത്തിലേക്ക് കടന്നു. ഇനി നരകമോചനത്തിനായുള്ള പ്രാര്‍ഥനയുടെ രാവുകളാണ്. അവസാന പത്തായതോടെ വിശ്വാസികള്‍ നോമ്പിന്റെ പാരമ്യത്തിലായി.

ഇസ്‌ലാമിന് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇനിയുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലേക്കവതരിച്ച പുണ്യരാവായ 'ലൈലത്തുല്‍ ഖദ്ര്‍' റംസാനിലെ അവസാനത്തെ പത്തിലാണ്. 'ഖദ്‌റിന്റെ രാവ്' എന്നാല്‍ 'നിര്‍ണയരാത്രി' എന്നാണര്‍ത്ഥം. അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന രാവാണിത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ദിനം അവസാനപത്തിലെ ഒറ്റയായ ദിവസങ്ങളില്‍ വന്നണയുമെന്നതിനാല്‍ ഇഅ്ത്തികാഫ് (ഭജനമിരിക്കല്‍), ഖുര്‍ആന്‍ പാരായണം, പഠനം എന്നിവയില്‍ വിശ്വാസികള്‍ മുഴുകും.

ഇനിയുള്ള രാപകലുകളില്‍ 'സുബഹി' നമസ്‌കാരംമുതല്‍ പള്ളിയിലെ സംഘനമസ്‌കാരത്തിനും തറാവീഹ് നമസ്‌കാരത്തിനും വിശ്വാസികളുടെ വലിയ തിരക്കാവും. സക്കാത്ത് നല്കലും സമൂഹനോമ്പുതുറകളുമായി വിശ്വാസികള്‍ സജീവമാകും.

സമൂസയുണ്ടാക്കാന്‍ ഇത്തവണയും ബേക്കല്‍ മൗവ്വലിലെ യുവാക്കള്‍ ഗള്‍ഫില്‍ നിന്നുമെത്തി

on Sep 1, 2010


ഉദുമ: റമദാനില്‍ നോമ്പ്‌ തുറക്കാം സമൂസക്ക്‌ ആവശ്യക്കാര്‍ വര്‍ദ്ധിച്ചോേതാടെ ഇതൊരുക്കാന്‍ ഗള്‍ഫിലെ തിരക്കുപിടിച്ച ജോലിയില്‍ നിന്ന്‌ അവധിയെടുത്ത്‌ നാട്ടിലെത്തിയിരിക്കുകയാണ്‌ ബേക്കല്‍ മൗവ്വലിലെ യുവാക്കള്‍. റമദാന്‍ മാസാരംഭം മുതല്‍ രാപകലില്ലാതെയാണ്‌ പത്തുപേരു വരുന്ന ഇവര്‍ സമൂസ ഒരുക്കുന്നത്‌.മൗവ്വല്‍ ടൗണിലെ പാതയോരത്ത്‌ ബസ്‌മല്‍ സമൂസ എന്ന പേരിലുള്ള സമൂസ സെന്ററില്‍ യുവാക്കളുടെ കഠിന പ്രയത്‌നം ആരിലും കൗതുകമുണര്‍ത്തും. രാവിലെ 5 ന്‌ തുടങ്ങുന്ന പണിക്ക്‌ വൈകിട്ട്‌ 7 മണി വരെ തുടരും. ഷാര്‍ജയിലെ സമൂസ കമ്പനിയില്‍ ജോലിയുള്ള ഇബ്രാഹിം, ഹനീഫ, എറമു, ഇലിയാസ്‌, നിസാം, ഷംസു, വസിം, നാട്ടിലുള്ള മുനീര്‍, ദാവൂദ്‌ എന്നിവരും ചേര്‍ന്നാണ്‌ സമൂസ ഉാക്കുന്നത്‌. ആറ്‌ വര്‍ഷമായി ഗള്‍ഫില്‍ നിന്ന്‌ പ്രത്യേകസംഘം നാട്ടുകാരുടെ ആവശ്യപ്രകാരമാണ്‌ സമൂസ ഉാക്കാനായി എത്തുന്നത്‌. ഓരോവര്‍ഷവും വെവേറെ സംഘങ്ങളാണ്‌ മൗവ്വലിലെത്തുക.സമൂസ ഗ്രാമം എന്ന പേരില്‍ അറിയപെടുന്ന മൗവ്വലിന്റെ യശസിന്‌ മങ്ങലേല്‍ക്കാതിരിക്കാനാണ്‌ തങ്ങള്‍ പ്രതിഫലം പോലും നോക്കാതെ കഠിനധ്വാനം ചെയുന്നതെന്നാണ്‌ ഈ യുവാക്കള്‍ പറയുന്നു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com