സാമൂഹ്യ സേവന രംഗത്ത്‌ സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി

on Apr 12, 2011

സാമൂഹ്യ സേവന രംഗത്ത്‌ സ്‌നേഹ വെളിച്ചവുമായി ഇബ്രാഹിം ഹാജി

Ibrahim haji Ibrahim haji
നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായി പാവപ്പെട്ടവര്‍ക്ക്‌ സ്‌നേഹ വെളിച്ചം വീശി ഒരാള്‍. കാഞ്ഞങ്ങാട്ടെ പാലാട്ട്‌ ഇബ്രാഹിം ഹാജി ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള സേവന രംഗത്ത്‌ ഒരു പ്രസ്ഥാനമാണ്‌. ഒരു നേരത്തെ അന്നമില്ലാത്തവന്‌ സ്വന്തം ആഹാരത്തില്‍ നിന്നും ഒരുപിടി മാറ്റിവെയ്‌ക്കുന്ന ഹാജിക്ക്‌ നാട്ടിലും പുറത്തും വലിയ സൗഹൃദമുണ്ട്‌. ഗള്‍ഫില്‍ ബനിയാസ്‌ കമ്പനിയില്‍ ബിസിനസുകാരനായ ഇദ്ദേഹം ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ പാല്‍-8 ബിസിനസ്‌ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌ടറാണ്‌. സ്വന്തം ഇച്ഛാശക്തിയും കഠിന പ്രയത്‌നവും കൊണ്ട്‌ ബിസിനസില്‍ തിളങ്ങിയ ഇദ്ദേഹത്തിന്റെ സ്‌നേഹമയമായ പ്രവര്‍ത്തനവും, പെരുമാറ്റവും മാതൃകയാക്കാവുന്നതാണ്‌.
ജാതി മത ഭേദമില്ലാതെ ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ഉത്സവങ്ങളിലും ആഘോഷ ചടങ്ങുകളിലും പങ്കെടുക്കുകയും, അവിടെ വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഹാജി ജാതിമത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ്‌ സാമൂഹ്യ- വിദ്യാഭ്യാസ രംഗത്ത്‌ രണ്ട്‌ പതിറ്റാണ്ടുകാലമായി പ്രവര്‍ത്തിച്ചു വരുന്ന ഇബ്രാഹിം ഹാജി ഈ മേഖലയില്‍ നല്‍കികൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥ സേവനങ്ങള്‍ വലുതാണ്‌. നിര്‍ദ്ധനരും, പഠിക്കാന്‍ മിടുക്കരുമായ കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ സ്വയം ഏറ്റെടുത്ത്‌ നടത്തുന്ന ഇദ്ദേഹം നിരവധി കുടുംബാംഗങ്ങളുടെ ആശയും, സ്വപ്‌നവും സാക്ഷാത്‌കരിച്ച്‌ മുന്നേറുകയാണ്‌. അകകണ്ണിലെ വെളിച്ചം നഷ്‌ടപ്പെട്ട നിരവധി നിരാലംബര്‍ക്ക്‌ കാഴ്‌ച്ച തിരിച്ചു നല്‍കി പുതുജീവന്‍ നല്‍കാന്‍ ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ സാധ്യമായിട്ടുണ്ട്‌. ഇതിലൂടെ വലിയ സാമൂഹ്യ കൂട്ടായ്‌മയ്‌ക്ക്‌ രൂപം നല്‍കുകയാണ്‌ അദ്ദേഹം. പാവപ്പെട്ടവരും കഷ്‌ടത അനുഭവിക്കുന്നവരുമായ ആളുകളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാനാണ്‌ ഇബ്രാഹിം ഹാജിയുടെ ശ്രമം. തൊഴിലില്ലായ്‌മയാണ്‌ യുവാക്കള്‍ വഴിതെറ്റാന്‍ പ്രധാന കാരണമെന്ന്‌ ഇബ്രാഹിം ഹാജി പറയുന്നു. ഇവര്‍ക്കായി ചെറിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാണ്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട യുവാക്കളെ നേര്‍വഴിക്ക്‌ നയിക്കാന്‍ സമൂഹത്തിന്‌ ബാധ്യതയുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ക്ലബ്ബ്‌കളുടെയും സഹകരണത്തോടെയാണ്‌ ഹാജി തന്റെ സാമൂഹ്യ പ്രവര്‍ത്തനം സഫലമാക്കുന്നത്‌. കെയ്‌റോയില്‍ നടന്ന അന്താരാഷ്‌ട്ര പഞ്ചഗുസ്‌തി മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വലഞ്ഞ കുശാല്‍ നഗറിലെ വിനോദിന്‌ അവിടേക്ക്‌ പോകാനുള്ള യാത്രാ ചിലവും മറ്റും സഹായങ്ങളും നല്‍കിയത്‌ ഇബ്രാഹിം ഹാജിയാണ്‌. കുശാല്‍ നഗറില്‍ സൈക്കിള്‍ ഷോപ്പ്‌ നടത്തുന്ന വിനോദിന്‌ എല്ലാ അന്താരാഷ്‌ട്ര മത്സരങ്ങളിലും പങ്കെടുക്കാന്‍ സ്‌പോണ്‍സറായി ഇപ്പോള്‍ കൂടെ ഹാജിയുമുണ്ട്‌.
കടക്കെണിയിലകപ്പെടാതെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വീട്‌ വെച്ച്‌ നല്‍കുന്നതിലും അദ്ദേഹം ചെറുതല്ലാത്ത സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്‌. ആവശ്യക്കാരുടെ പ്ലാനിലും മോഡലിലും കെട്ടിടം നിര്‍മ്മിച്ച്‌ താക്കോല്‍ ദാനം നടത്തുന്ന ഹാജി സത്യസന്ധത വിടാതെയാണ്‌ ഇത്തരം സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌. സംസ്ഥാന വികലാംഗ ഐക്യ സംഘടനയുടെ സംസ്ഥാന ഫണ്ടിലേക്ക്‌ വികലാംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും സഹായധനം നല്‍കി വരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം എന്‍.എസ്‌.യു അഖിലേന്ത്യാ പ്രസിഡണ്ട്‌ ഹൈബി ഈഡന്‌ ധനസഹായം നല്‍കിയിരുന്നു. കെ.പി. ധനപാലന്‍ എം.പി കളമശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, മുസ്‌ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറി അഹമ്മദ്‌ കബീര്‍, ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍, സംസ്ഥാന കണ്‍വീനര്‍ കുഞ്ഞബ്‌ദുല്ല കൊളവയല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ സെക്രട്ടറി, ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട്‌ കുശാല്‍ നഗറിലാണ്‌ താമസം. ഭാര്യ ദൈനബി. മക്കള്‍ ഹനീസ, ഷാഹിന, നിഹാസ്‌.
-ആതിര. എം

http://kvartha.com/article-about-ibrahim-haji-by-athira-m-102884.html

1 comments:

KAREEM KALLAR said...

പ്രസ്തുത മഹാനെ നേരില്‍ കണാന്‍ ഭാഗ്യം സിദ്ധിച ഈ എളിയവന്‍ ആദിരയുടെ വരികള്‍ വായിചപ്പോള്‍ രോമാഞ്ജ്പുളകിതനായി അഭിനന്ദനങള്‍

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com