കൊടഗിലെ കാഴ്ചകളിലൂടെ - അബ്ബി ഫോള്സ്.

on Nov 11, 2015



രാജാസ് സീറ്റില്‍ നിന്നും അടുത്ത ലക്ഷ്യം അബ്ബി ഫോൾസ് ആയിരുന്നു. മടിക്കെരിയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ ദൂരം. കാവേരി നദിയിലെ ഈ വെള്ളച്ചാട്ടം മനോഹരം തന്നെ ആണ്. വലിയ വാഹനങ്ങളിൽ എത്തുന്നവർ ഏകദേശം രണ്ടു കിലോമീറ്റർ മുൻപ് പാർക്ക് ചെയ്യണം. അവിടെ നിന്ന് കർണാടക ടൂറിസം ഡിപ്പാർട്ടുമെന്റ് വക മിനി ബസിൽ വെള്ളച്ചാട്ടത്തിനു അടുത്തേക്ക് എത്താം. എന്നാൽ ചെറിയ വാഹനങ്ങൾക്ക് ഈ നീയന്ത്രണം ഇല്ല. വളരെ വലിയ ഒരു കാപ്പി തോട്ടത്തിന്റെ ഉള്ളിലായി ആണ് ഈ വെള്ളച്ചാട്ടം നിലനില്ക്കുന്നത്. അവിടേക്ക് ഉള്ള വഴി ഇടുങ്ങിയ കല്ലുപാകിയ വഴി തകരക്കുന്നുകിടക്കുകയാണ്. എങ്കിലും കാൽനടക്കാർ മാത്രമേ ഉള്ളൂ എന്നതിനാൽ അധികം ബുദ്ധിമുട്ടാതെ നടന്നു പോകുവാൻ കഴിയും. ഏതു സമയവും അപ്രതീക്ഷിതമായി മഴ പെയ്യും എന്നതിനാൽ അവിടെ ഉള്ള മൂന്നാല് പെട്ടികടകളിലെ പ്രധാന ബിസിനസ് കുട വാടകയ്ക്ക് നല്കുക എന്നതാണ്. നൂറു രൂപ സെക്യൂരിറ്റി കൊടുത്താൽ ഇരുപതു രൂപ വാടകയ്ക്ക് ആണ് കുടകൾ ലഭിക്കുക. ചെന്നിറങ്ങിയ സമയം നല്ല മഴ ചാറ്റൽ ഉണ്ടായിരുന്നതിനാൽ ഞങ്ങളും കുട വാടകയ്ക്ക് എന്നാ ബോര്ടിനു സമീപത്തേക്ക് നീങ്ങി.
നമ്മുടെ വയനാട് സൂചിപ്പാറ വെള്ളച്ചട്ടത്തിലെക്കുള്ള വഴിയെ അനുസ്മരിപ്പിക്കുന്ന കല്ലുപാകിയ പൊളിഞ്ഞു കിടക്കുന്ന വഴിയിലൂടെ, കാപ്പി തോട്ടങ്ങൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിന്റെ ആരവം ശ്രദ്ധിച്ച് നടക്കുന്ന സഞ്ചാരികൾക്കൊപ്പം ഞങ്ങളും നടന്നുതുടങ്ങി. ഏകദേശം അഞ്ചാറു മിനിട്ട് നടപ്പിനു ശേഷം അബ്ബി ഫോൾസ് എന്ന കൂർഗ്ഗിലെ പ്രധാന കാഴ്ച ഞങ്ങള്ക്കും ദർശ്യമായി.


അബ്ബിയുടെ സമീപത്തായി ഒരു പൊളിഞ്ഞു വീഴാറായ ഒരു തൂക്കുപാലം. മുന്നറിയിപ്പുകൾ അവഗണിച്ചു അതിലൂടെ നടന്നു ഫോട്ടോ എടുക്കുന്ന സഞ്ചാരികൾ. എല്ലാ വേലികെട്ടുകളും മറികടന്നു വെള്ളത്തിൽ ഇറങ്ങി സെൽഫി എടുക്കുന്ന കമിതാക്കൾ. എല്ലാ വെള്ളചാട്ടങ്ങളിലെയും പോലെ ഇവിടുത്തെയും കാഴ്ചകൾ ഇതൊക്കെത്തന്നെ.



കുറച്ചുനേരത്തെ ആസ്വാദനത്തിനും ഫോട്ടോ എടുപ്പിനും ശേഷം വീണ്ടും റോഡിലേക്ക്. അതി മനോഹരം എന്നൊന്നും പറയാൻ ഇല്ലങ്കിലും കുടഗിലെ ആ മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ കാപ്പി തോട്ടങ്ങൾക്കുനടുവിലെ അബ്ബി ഫോൾസ് ഒരു നനുനനുത്ത അനുഭവം സഞ്ചാരികൾക്ക് പ്രദാനംചെയ്യും എന്നതിൽ സംശയമില്ല
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com