
നിലംതൊടാന്‍ താഴ്ന്നുപറന്നുവരുമ്പോള്‍ മണിക്കൂറില്‍ 220 കിലോമീറ്ററാണ് അനുവദനീയമായ പരമാവധി വേഗം. എന്നാല്‍ സെര്‍ബിയന്‍ കമാന്‍ഡര്‍ സെഡ്. ഗൂസിയ ഈ വിമാനം റണ്‍വേയിലേക്ക് ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വേഗം മണിക്കൂറില്‍ 400 കിലോമീറ്ററോളമായിരുന്നു.
വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതിന് സഹായിക്കുന്ന ഐഎല്‍എസ് സൂചിപ്പിച്ച ശരിയായ ചരിവിലാണ് വിമാനം ഇറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഗൂസിയ മംഗലാപുരത്തെ വ്യോമഗതാഗത നിയന്ത്രകരോട് പറഞ്ഞതു സത്യമല്ലായിരുന്നുവെന്നും അന്വേഷണ സംഘങ്ങള്‍ കരുതുന്നു.
യഥാര്‍ഥത്തില്‍ ഇറങ്ങേണ്ട ചരിവായ മൂന്നു ഡിഗ്രിയിലും കുറഞ്ഞ ചരിവിലാണ് വിമാനം റണ്‍വേയെ സമീപിക്കുന്നതെന്ന് കോക്പിറ്റിലെ ഡയലുകളില്‍ നിന്നു വ്യക്തമായിട്ടും പൈലറ്റ് കണ്‍ട്രോള്‍ ടവറിലുള്ളവരോട് അക്കാര്യം മറച്ചുവച്ചത് വിമാനം വൈകുന്നത് ഒഴിവാക്കാനായിരുന്നുവെന്നാണ് കരുതേണ്ടത്. റണ്‍വേയ്ക്ക് സമീപമെത്തിയിട്ടും കൃത്യമായ ചരിവ് ലഭിക്കാതെ വരികയോ കൃത്യമായ ചരിവില്‍ 450 അടിപ്പൊക്കമെത്തുമ്പോഴും റണ്‍വേ കാണാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കാതെ വീണ്ടും ഉയര്‍ന്നു കറങ്ങി വന്നു ലാന്‍ഡു ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പല പൈലറ്റുമാരും ഇത്തരം ചെറു നുണകള്‍ പറയുന്നത് അസാധാരണമല്ല.റണ്‍വേയുടെ അറ്റത്തില്‍ വന്‍വേഗത്തില്‍ നിലം തൊട്ടയുടന്‍ വിമാനം എടുത്തുചാടുന്നതുപോലെ ഉയര്‍ന്നു പൊങ്ങി വീണ്ടും റണ്‍വേയില്‍ സ്പര്‍ശിച്ചുവെന്നും അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

വീണ്ടും ഒരു തവണകൂടി എടുത്തു ചാടുമ്പോഴേക്കും വിമാനം റണ്‍വേയുടെ അറ്റത്തുള്ള മണല്‍വിരിച്ച സുരക്ഷാനീളത്തിന് വളരെ അടുത്ത് എത്തിയിരുന്നു. അപകടം അതിന്റെ എല്ലാ ഭയാനകതയോടും കൂടെ തിരിച്ചറിഞ്ഞ പൈലറ്റ്, നിഷ്ക്രിയമായ ഒരു നിമിഷത്തിനു ശേഷം വിമാനം ഉയര്‍ത്താന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
വിമാനത്തിന് പരമാവധി വേഗം കൊടുക്കുകയും മുന്നറ്റം ഉയര്‍ത്തുകയും ചെയ്തുവെങ്കിലും ശ്രമം പരാജയപ്പെട്ടു. ആദ്യം വഴങ്ങി മൂക്കുയര്‍ത്തിയ വിമാനം വീണ്ടും റണ്‍വേ സുരക്ഷാമേഖലയില്‍ നിലം തൊട്ടു. വീണ്ടും ഗൂസിയ ഒരു ശ്രമം കൂടി നടത്തിയപ്പോഴേക്കും വലംചിറക് തൊട്ടുമുന്നിലുള്ള ഐഎല്‍എസ് ആന്റിനയില്‍ തട്ടി തകര്‍ന്നിരുന്നു.
വിമാനം മലഞ്ചെരിവിലുടെ താഴെപ്പതിച്ച് തകര്‍ന്നതിനു ശേഷമാണു തീപിടിച്ചതെന്ന മുന്‍ധാരണ ശരിയല്ലെന്നും അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. ചിറക് ആന്റിനയില്‍ തട്ടി തകര്‍ന്ന് വേര്‍പെട്ട് പതിക്കുമ്പോള്‍ തന്നെ തീയും പുകയും ഉയര്‍ന്നിരുന്നു.
വിമാനത്തെ നിരീക്ഷിച്ച് റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 2600 അടി കഴിഞ്ഞ് നിന്നിരുന്ന വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗക്കാര്‍ വിമാനം ഏഴായിരം അടിയില്‍ പോയിറങ്ങുന്നതും നിമിഷങ്ങള്‍ക്കകം പുകപരക്കുന്നതും കണ്ടിരുന്നു.
എല്ലാ വിമാനങ്ങളുടേയും കാര്യത്തില്‍ ചെയ്യുന്നതു പോലെ ഫയര്‍ ടെന്‍ഡര്‍ വാഹനം സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന സേനാംഗങ്ങള്‍ വന്‍വേഗത്തില്‍ റണ്‍വേയിലുടെ വിമാനത്തിനു പിന്നാലെ കുതിച്ചെത്തുകയും ചെയ്തു.റണ്‍വേയുടെ ടേബിള്‍ ടോപ്പ് അറ്റം വീടിന്റെ പടിയില്‍ ഇരുന്ന് കാണാന്‍ കഴിയുന്ന കെഞ്ചാര്‍ ലാല്‍ബാഗ് വീട്ടില്‍ പുഷ്പ എന്ന വീട്ടമ്മയും കാലത്ത് ആറിന് വന്‍ ശബ്ദം കേള്‍ക്കുകയും പിന്നെ വിമാനവും പുകയും കാണുകയും ചെയ്തു. വിമാനം താഴേക്ക് പതിക്കുന്നത് അതിനുശേഷമാണ്.

0 comments:
Post a Comment