

ഉദുമ: മുഹമ്മദിനുമുന്നില്‍ ഏതു പാമ്പും പത്തിമടക്കും. ഏതുതരം വിഷപ്പാമ്പും മുഹമ്മദിന്റെ കൈപ്പിടിയിലൊതുങ്ങും. പതിനഞ്ചാം വയസ്സ് മുതലാണ് മാങ്ങാട് അരമങ്ങാനത്തെ മുഹമ്മദിന് പാമ്പുപിടിത്തത്തില്‍ കമ്പം തോന്നിയത്. തന്റെ ഇളയച്ഛന് പാമ്പുപിടിത്തത്തിലുണ്ടായ വൈദഗ്ധ്യമാണ് മുഹമ്മദിനെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്.അണലി, മൂര്‍ഖന്‍, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി ഏകദേശം 300ഓളം പാമ്പുകളെ ഇതിനോടകം മുഹമ്മദ് പിടികൂടിയിട്ടുണ്ട്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിനു കൈമാറും. മൂന്നുമാസം മുമ്പ് വനംവകുപ്പ് പാമ്പ് പിടിത്തത്തിനുള്ള സര്‍ട്ടിഫിക്കറ്റ് മുഹമ്മദിനു നല്‍കി താല്‍കാലിക ജോലിയായി നിയമിച്ചു.മാസത്തില്‍ ഇരുപതോളം പാമ്പുകളെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി മുഹമ്മദ് പിടികൂടുന്നുണ്ട്. പിടികൂടിയ പാമ്പുകളെ വീട്ടില്‍ 15 ദിവസം സൂക്ഷിക്കാനുള്ള അനുമതി മുഹമ്മദിനുണ്ട്. എന്നാല്‍, രണ്ടുദിവസം കൂടുമ്പോള്‍ പിടികൂടിയ പാമ്പുകളെ മുഹമ്മദ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രതിഫലേഛയില്ലാതെ ചെയ്യുന്ന ഈ തൊഴിലിന് ചിലര്‍ ചെറിയൊരു തുക മുഹമ്മദിനു നല്‍കാറുണ്ട്. മറ്റു ചിലപ്പോള്‍ കൂലിപോലും കിട്ടാറില്ല. കൂലിപ്പണിക്കാരനായ മുഹമ്മദ് കഴിഞ്ഞ 21 വര്‍ഷമായി പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. മാത്രമല്ല, എവിടെയെങ്കിലും അപകടകരമായ അവസ്ഥയില്‍ പാമ്പിനെകണ്ടാല്‍ 9846964021 എന്ന തന്റെ നമ്പറില്‍ വിളിച്ചാല്‍ താന്‍ എത്തുമെന്ന് മുഹമ്മദ് ഉറപ്പുനല്‍കുന്നു.
0 comments:
Post a Comment