സപ്താഹയജ്ഞം

on Dec 6, 2009

:വെള്ളിക്കോത്ത് പൊറവങ്കര തറവാട്ടില്‍ 29ന് ആരംഭിച്ച ഭാഗവത സപ്താഹ യജ്ഞം ഞായറാഴ്ച സമാപിക്കും.

ഞായറാഴ്ച ഉദ്ധവന്റെ ബദരീയാത്ര, സ്വര്‍ഗാരോഹണം, കല്‍ക്കി അവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയചരിതം, ദ്വാദശസ്‌കന്ദസാരം തുടങ്ങിയ ഭാഗങ്ങള്‍ ചര്‍ച്ചചെയ്യും.

അയ്യപ്പ ഭജനമന്ദിരത്തിന്റെ പ്രതിഷ്ഠാ ഉത്സവം

on

ചിത്താരിക്കടപ്പുറം അയ്യപ്പ ഭജനമന്ദിരത്തിന്റെ പ്രതിഷ്ഠാ ഉത്സവം ഞായറാഴ്ച നടക്കും. ഉദയംമുതല്‍ അസ്തമയംവരെ ഭജനനടത്തും.

ബേക്കല്‍ ഉപജില്ലാ കലോത്സവം വെള്ളിക്കോത്ത്

on

ഡിസംബര്‍ എട്ട് മുതല്‍ 11 വരെ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബേക്കല്‍ ഉപജില്ലയിലെ 66 സ്‌കൂളുകളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളില്‍ നിന്നുള്ള 2422 വിദ്യാര്‍ഥികള്‍ 256 ഇനങ്ങളിലായി മാറ്റുരക്കും.

കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഒമ്പതിന് 5 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍ നിര്‍വഹിക്കും.

സ്റ്റേജ് ഇതര മത്സരങ്ങള്‍ എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. സമാപന സമ്മേളനം 11ന് 5 മണിക്ക് കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍ കെ.കൃഷ്ണന്‍, വര്‍ക്കിങ് ചെയര്‍മാന്‍ കാറ്റാടി കുമാരന്‍, എ.ഇ.ഒ. ജി.കെ.ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോ. :സമ്മാനമായി പുസ്തകങ്ങള്‍

on

കാഞ്ഞങ്ങാട്:ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത് പുസ്തകങ്ങള്‍. സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പുസ്തകങ്ങള്‍ സമ്മാനം നല്കുന്നതിന് സംഘാടക സമിതി തീരുമാനിച്ചു. കുട്ടികള്‍ക്ക് പഠനത്തിനുപകരിക്കുന്ന പുസ്തകങ്ങളാണ് നല്കുക. 1, 2, 3 സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്കും.

SKSSFപാണക്കാട് ശിഹാബ് തങ്ങള്‍ പുരസ്‌കാരം മെട്രോ മുഹമ്മദ് ഹാജിക്ക്

on

കാഞ്ഞങ്ങാട്: മത, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കാഞ്ഞങ്ങാട് മേഖലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരത്തിന് മെട്രോ മുഹമ്മദ് ഹാജി അര്‍ഹനായി.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, എസ്.വൈ.എസ്. മുഖപത്രമായ സുന്നീ അഫ്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എം.എഫ്. ജില്ലാ പ്രവര്‍ത്തക സമിതിയംഗം, നോര്‍ത്ത് ചിത്താരി ജമാഅത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.

19ന് കാഞ്ഞങ്ങാട്ട് നടക്കുന്ന സുന്നി സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം വിതരണംചെയ്യും.
[metro2.jpg]
Metro Muhammad Haji at a award receiving ceremony

കൂളിക്കാട് കെ.എസ് മുഹമ്മദിന്റെ ഭാര്യ ചാപ്പയില്‍ ഫാത്തിമ നിര്യാതയായി

on Dec 5, 2009

ചിത്താരി: സൗത്ത് ചിത്താരിയിലെ കൂളിക്കാട് കെ.എസ്. മുഹമ്മദിന്റെ ഭാര്യ ചാപ്പയില്‍ ഫാത്തിമ (60) നിര്യാതയായി. പരേതരായ ചാപ്പയിലെ അലീമയുടെയും പുച്ചക്കാട് അഹ്മദിന്റെയും മകളാണ്. മക്കള്‍: കൂളിക്കാട് അസീസ്, നഫീസ. മരുമക്കള്‍: സയ്യിദ് പള്ളിക്കര, റഹ്മത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സൗത്ത് ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

നാടന്‍ചൂലുകള്‍ നാടു നീങ്ങുന്നു; വിപണി പിടിക്കാന്‍ ആന്ധ്രക്കാര്‍

on

അജാനൂര്‍: നാടന്‍ചൂലുകള്‍ നാട്ടുമ്പുറങ്ങളില്‍നിന്നുപോലും അപ്രത്യക്ഷമായതോടെ മറുനാടന്‍ പുല്‍ചൂലുകളുമായി ആന്ധ്രക്കാര്‍ കൂട്ടത്തോടെയെത്തുന്നു. അജാനൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പയ്യന്നൂര്‍ ഭാഗങ്ങളിലാണ് പുല്ലുകൊണ്ട് നിര്‍മിച്ച മനോഹര ചൂലുകളുമായി ആന്ധ്ര കച്ചവടക്കാര്‍ രംഗത്തെത്തിയത്.
ആന്ധ്രയില്‍നിന്ന് ലോറി മാര്‍ഗമാണ് ചൂലുകള്‍ കേരളത്തില്‍ എത്തിക്കുന്നത്. ഇത്തരം പുല്‍ചൂലുകള്‍ക്ക് മാര്‍ക്കറ്റില്‍ 40 മുതല്‍ 60 രൂപവരെ ഈടാക്കുന്നു. ടൈല്‍സ്, മാര്‍ബിള്‍ തുടങ്ങിയവ പാകിയ വീടുകളിലാണ് അധികമായി പുല്‍ചൂലുകള്‍ ഉപയോഗിക്കുന്നത്.
ആന്ധ്രാപ്രദേശിലെ മലയോര കുന്നുകളിലാണ് ഇത്തരം പുല്ലുകള്‍ ധാരാളമായുള്ളത്. ഇത് വെയിലത്ത് ഉണക്കിയെടുത്താണ് ചൂലുകള്‍ നിര്‍മിക്കുന്നത്. തുടര്‍ന്ന് പ്ലാസ്റ്റിക് പിടികളിലേക്ക് ഇറക്കിവെച്ച് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കഞ്ചൂര്‍ ചൂലുകള്‍ എന്നാണ് ആന്ധ്രക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇത്തരം ചൂലുകള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ഇവര്‍ പറഞ്ഞു.
Madhyamam report

അറ്റകുറ്റപ്പണി: വൈദ്യുതി മുടങ്ങും

on

ചിത്താരി: എച്ച്.ടി.ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടുന്ന ചിത്താരി ഫീഡറില്‍ ഞായറാഴ്ച പത്തുമുതല്‍ രണ്ടുമണി വരെ വൈദ്യുതി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. 11 കെ.വി. ബായാര്‍ ഫീഡര്‍ പരിധിയില്‍ രാവിലെ ഒമ്പതുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു-News

ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

on

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫാഷന്‍ ഡിസൈനിങ്-ടെയ്‌ലറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. കോഴ്‌സില്‍ ചേരാന്‍ താത്പര്യമുള്ള 20നും 35നും മധ്യേ പ്രായമുള്ള യുവതികള്‍ ഡിസംബര്‍ 11നകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ., കാഞ്ഞങ്ങാട്, പിന്‍-671 531 എന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടണം. ക്ലാസുകള്‍ 14ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടണം.

അര്‍ബുദ ബാധിതനെ സഹായിക്കാന്‍ കാരുണ്യമുള്ളവരേ മുന്‍പോട്ട്‌ വരിക

on

അജാനൂറ്‍: അര്‍ബുദം ബാധിച്ച്‌ മംഗലാപുരം ആശുപത്രിയില്‍ കഴിയുന്ന അജാനൂറ്‍ കടപ്പുറത്തെ വിശാലുവിണ്റ്റെ ചികില്‍സയ്ക്കായി നാട്ടുകാര്‍ ചികില്‍സാ സഹായനിധി രൂപീകരിച്ചു. മല്‍സ്യത്തൊഴിലാളിയായ വിശാലുവിന്‌ രണ്ട്‌ പെണ്‍മക്കളാണ്‌ ഉള്ളത്‌. മല്‍സ്യം വിറ്റ്‌ ഉപജീവനം കഴിഞ്ഞിരുന്ന കുടുംബം വിശാലുവിണ്റ്റെ രോഗത്തോടെ ദുരിതത്തിലായി. തുടര്‍ചികില്‍സയ്ക്ക്‌ അഞ്ചുലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന്‌ സഹായനിധി ചെയര്‍മാന്‍ എ. ഹമീദ്‌ഹാജി, കണ്‍വീനര്‍ എ.എസ്‌. ഗോപി, ട്രഷറര്‍ എ. ഷാജി എന്നിവര്‍ അറിയിച്ചു.സാഹയങ്ങള്‍ വിശാലു ചികില്‍സാസഹായനിധിയുടെ പേരില്‍ ഇന്ത്യന്‍ബാങ്ക്‌ കാഞ്ഞങ്ങാട്‌ ശാഖയില്‍ 864850397 എന്ന എസ്ബി അക്കൌണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.
ഞിങ്ങളുടെ വിലപ്പെട്ട സംഭാവകള്‍ ഇന്ത്യന്‍ ബാങ്കിണ്റ്റെ കാഞ്ഞങ്ങാട്‌ ശാഖയിലേക്ക്‌ ഡെപ്പോസിറ്റ്‌ ചെയ്യാവുന്നതാണ്‌: അകൌണ്ട്‌ നമ്പറ്‍: 864850397

യുഎഇ ദേശീയദിനാഘോഷം: ദുബൈയില്‍ താരമായി ബേക്കലിലെ ഇഖ്‌ബാലും ചമഞ്ഞൊരുങ്ങിയ ഫോര്‍വീലറും

on Dec 3, 2009

ഇഖ്‌ബാല്‍ അലങ്കരിച്ച തന്റെ വാഹനത്തോടൊപ്പം ദുബൈ വീഥിയില്‍
ദുബൈ: യുഎഇ ദേശീയ ദിനത്തില്‍ ആവേശം വിതറി മലയാളിയായ ഇഖ്‌ബാല്‍ അബ്‌ദുല്‍ ഹമീദും അദ്ദേഹത്തിന്റെ ഫോര്‍വീലറും. യുഎഇ ഭരണാധികാരികളുടെ ബഹുവര്‍ണ ചിത്രങ്ങള്‍ പതിച്ച വാഹനത്തില്‍ കന്തൂറയും ഗത്തറയും ധരിച്ച്‌, പുഞ്ചിരി തൂകിക്കൊണ്ട്‌ ഇഖ്‌ബാല്‍ ദുബൈ വീഥികളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ വഴിയാത്രക്കാരുടെയും കാഴ്‌ചക്കാരുടെയും മനം നിറഞ്ഞു.
കാസര്‍കോട്‌ ബേക്കല്‍ ഹദ്ദാദ്‌ നഗര്‍ സ്വദേശി അബ്‌ദുല്‍ ഹമീദിന്റെ മകന്‍ ഇഖ്‌ബാല്‍ വന്‍തുക ചെലവഴിച്ചാണ്‌ സ്വദേശികളെ അനുകരിച്ച്‌ തന്റെ വാഹനം മോടിപിടിപ്പിച്ചത്‌. മികച്ച രീതിയില്‍ അലങ്കാരപ്പണി ചെയ്‌ത വാഹനങ്ങള്‍ക്ക്‌ ആഘോഷക്കമ്മിറ്റി സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുള്ള സമ്മാനം സ്വന്തമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രകടിപ്പിക്കുകയാണ്‌ സ്വദേശി യുവതിയെ വിവാഹം കഴിക്കുക കൂടി ചെയ്‌തിട്ടുള്ള ഇഖ്‌ബാലിന്റെ ലക്ഷ്യം. സ്വദേശി യുവതിയെ വന്‍വിവാദമുയര്‍ത്തി വിവാഹം കഴിച്ചതിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതനാണ്‌ ഇപ്പോള്‍ ദുബൈയില്‍ ബിസിനസ്‌ നത്തുന്ന ഈ ചെറുപ്പക്കാരന്‍.
മറ്റെല്ലാവരേയും പോലെ 1993ല്‍ ജോലി തേടിയാണ്‌ ഇഖ്‌ബാല്‍ യുഎഇയിലെത്തിയത്‌. കഠിനാധ്വാനമുള്ള വ്യത്യസ്‌തങ്ങളായ നിരവധി ജോലികള്‍ ചെയ്‌ത ശേഷം ബിസിനസിലേക്ക്‌ തിരിയുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ പരിചയപ്പെട്ട സ്വദേശി കുടുംബാംഗത്തെ ഇവിടെ വെച്ച്‌ വിവാഹം കഴിച്ചു. പിന്നീട്‌ ഭാര്യയേയും കൊണ്ട്‌ മൂന്ന്‌ പ്രാവശ്യം കാസര്‍കോട്‌ സന്ദര്‍ശിച്ചു. നാടിനെയും നാട്ടാരെയും ഇഷ്‌ടപ്പെട്ടെങ്കിലും റോഡുകളിലൂടെ യാത്ര ചെയ്‌തപ്പോള്‍ എത്രയും പെട്ടെന്ന്‌ തിരിച്ചുപോകാമെന്ന അഭിപ്രായമായിരുന്നു ഭാര്യക്കെന്ന്‌ ഇഖ്‌ബാല്‍ പറയുന്നു.
പെറ്റമ്മയായ ഇന്ത്യയെപ്പോലെ പോറ്റമ്മയായ യുഎഇയേയും ഞാന്‍ ഏറെ ഇഷ്‌ടപ്പെടുന്നു. എന്നെപ്പോലുള്ള നിരാശ്രയരായ സാധാരണക്കാര്‍ക്ക്‌ അഭയം തന്നെ ഈ രാജ്യത്തെ വിവാഹത്തിന്‌ മുമ്പെ തന്നെ ഏറെ സ്‌നേഹിച്ചിരുന്നു. അതുകൊണ്ടാണ്‌ കന്തൂറയും ഗത്താറും ഒഴിവാക്കാത്തത്‌-ഇഖ്‌ബാല്‍ പറയുന്നു. വര്‍ഷങ്ങളായി ഇവിടെ അറബി വേഷത്തിലാണ്‌ ഇഖ്‌ബാല്‍. നാട്ടില്‍ പോകുമ്പോള്‍ പക്ഷെ, പാന്റ്‌സും ഷേര്‍ട്ടും ഉപയോഗിക്കുന്നു. തന്നെപ്പോലുള്ളവരുടെ മനസ്സിനെ നോവിച്ചുകൊണ്ട്‌ സ്‌മാര്‍ട്ട്‌സിറ്റിയുടെയും സാമ്പത്തിക തകര്‍ച്ചയുടെയും മറ്റും പേര്‌ പറഞ്ഞ്‌ ഈ രാജ്യത്തെയും ഭരണാധികാരികളെയും കുറ്റപ്പെടുത്തുന്നവര്‍ക്ക്‌ കാലം മാപ്പുനല്‍കില്ലെന്നാണ്‌ ഇഖ്‌ബാലിന്റെ അഭിപ്രായം.
Reported by Sadiq kavil
thejasnews.com

പെരുങ്കളിയാട്ടത്തിന്റെ സ്‌മരണ നിലനിര്‍ത്താന്‍ വൃക്ഷരക്ഷാ പദ്ധതി; വനം വകുപ്പ്‌ മന്ത്രി ഉദ്‌ഘാടനം ചെയ്യും

on Dec 1, 2009

മാണിക്കോത്ത്‌: പെരുങ്കളിയാട്ടത്തിന്റെ സ്‌മരണ വരുംകാലങ്ങളില്‍ നിലനിര്‍ത്തുവാനും പോയകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതിനുമായി വൃക്ഷരക്ഷാ പദ്ധതി നടപ്പാക്കുന്നു. 150 വര്‍ഷത്തിനു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന മാണിക്കോത്ത്‌ മാണിക്യമംഗലം പുന്നക്കല്‍ ഭഗവതി ക്ഷേത്ര ആഘോഷ കമ്മറ്റിയാണ്‌ ഈ ചരിത്ര പദ്ധതിക്ക്‌ തുടക്കം കുറിക്കുന്നത്‌. വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ഡിസംബര്‍ എട്ടിന്‌ വൈകീട്ട്‌ മൂന്ന്‌ മണിക്ക്‌ ക്ഷേത്ര പരിസരത്ത്‌ വൃക്ഷരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പ്രകൃതിയും ഭൂമിയുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, വനസംരക്ഷണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ്‌ വൃക്ഷരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്ന്‌ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ.വേണുഗോപാലന്‍ നമ്പ്യാറും, ജന: കണ്‍വീനര്‍ എം.ജയചന്ദ്രനും അറിയിച്ചു. വൃക്ഷരക്ഷാപദ്ധതി ഉദ്‌ഘാടന ചടങ്ങില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി.നാരായണന്‍ പദ്ധതി വിശദീകരിക്കും. പള്ളിപ്രം ബാലന്‍ എം.എല്‍.എ , നഗരസഭാ ചെയര്‍മാന്‍ എന്‍.എ.ഖാലിദ്‌, ബ്ലോക്ക്‌ പ്രസിഡണ്ട്‌ ബേബി ബാലകൃഷ്‌ണന്‍, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചെറക്കോട്ട്‌ കുണ്ണിക്കണ്ണന്‍, എം.സി.ജോസ്‌, യൂസഫ്‌ ഹാജി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും.
http://www.kasaragodvartha.com

അനുമോദിച്ചു

on

കാഞ്ഞങ്ങാട്: ബേക്കല്‍ സബ്ജില്ലാ കായികമേളയില്‍ എല്‍.പി. വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍, പി.കെ.അബ്ദുള്ളക്കുഞ്ഞി, ട്രഷറര്‍ എം.എം.അശ്‌റഫ് എന്നിവര്‍ ട്രോഫികള്‍ വിതരണംചെയ്തു . പി.ടി.എ. പ്രസിഡന്റ് പി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. സി.മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഷൈജ നായര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ എ.സൈഫുദ്ദീന്‍ നന്ദിയും പറഞ്ഞു

പരാതിയുണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ വിളിക്കാന്‍ നമ്പര്‍

on Nov 29, 2009

ന്യൂഡല്‍ഹി: ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന്‌ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. അവര്‍ക്ക്‌ 1800110088 എന്ന നമ്പറില്‍ വിളിച്ച്‌ തങ്ങളുടെ പ്രശ്‌നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇതിന്‌ എന്തു പരിഹാരമാണ്‌ കൈക്കൊള്ളുന്നതെന്ന കാര്യം അന്വേഷിക്കുകയുമാവാം. ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളില്‍ അടിയന്തര നടപടി സ്വീരിക്കുമെന്ന്‌ കമ്മീഷന്‍ അധ്യക്ഷന്‍ മുഹമ്മദ്‌ഷാഫി പറഞ്ഞു.


News report

on

കാഞ്ഞങ്ങാട്‌: ചിത്താരി തൊട്ടിയില്‍ സ്വദേശി മിനായില്‍ ഹജ്ജ്‌ കര്‍മ്മത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. തൊട്ടിയിലെ പരേതനായ അസൈനാര്‍-ആസ്യ ദമ്പതികളുടെ മകനും കാഞ്ഞങ്ങാട്ടെ വ്യവസായിയുമായ ഉറുമാല്‍ മുഹമ്മദ്‌ എന്ന തൊട്ടിയില്‍ മുഹമ്മദ്‌ കുഞ്ഞി(50)യാണ്‌ വെള്ളിയാഴ്‌ച്ച രാവിലെ ഇന്ത്യന്‍ സമയം 9.30 മണിയോടെ കുഴഞ്ഞു വീണ്‌ മരിച്ചത്‌. ഭാര്യ: ആയിശ. മക്കള്‍: ഖൈറൂന്നീസ, സൗറാബി, അബ്ദുല്‍ റഹ്മാന്‍, നാജിയ. മരുമകന്‍: അബ്ദുല്‍ മജീദ്‌ കുശാല്‍ നഗര്‍. സഹോദരങ്ങള്‍: അഹമ്മദ്‌ കുഞ്ഞി, മൊയ്‌തീന്‍, അബ്ദുല്‍ മജീദ്‌, ഫാത്തിമ. ഖബറടക്കം മിനായില്‍ വൈകിട്ടോടെ നടന്നു.

Eid-ul Az-ha Mubarak!

on Nov 26, 2009

ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ ഹൈക്കോടതി നിര്‍ദേശം

on Nov 25, 2009

പള്ളിക്കര: ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറക്കാന്‍ റെയില്‍വെയ്‌ക്ക്‌ ഹൈക്കോടതി നിര്‍ദേശം നല്‍കി. റെയില്‍വെ ഗേറ്റ്‌ ഉടന്‍ തുറക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌്‌ ജനപ്രതിനിധികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ചാണ്‌ ഹൈക്കോടതി ഉത്തരവിറക്കിയത്‌.
ചേറ്റുകുണ്ട്‌- ചിത്താരി കടപ്പുറത്തേക്കുള്ള റോഡിന്‌ കുറുകെ നിര്‍മിച്ച റെയില്‍വെ ഗേറ്റ്‌ ഒന്നരമാസം മുമ്പാണ്‌ റെയില്‍വേ അടച്ചിട്ടത്‌. കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ബാലകൃഷ്‌ണന്‍, വൈസ്‌പ്രസിഡന്റ്‌ പി കെ അബ്ദുല്‍റഹ്‌മാന്‍, ചേറ്റുകുണ്ട്‌ കടപ്പുറം എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്‌, ബേക്കല്‍ റിസോര്‍ട്ട്‌ മനേജ്‌മെന്റ്‌, പള്ളികമ്മിറ്റി തുടങ്ങിയവരാണ്‌ ഗേറ്റ്‌ അടച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. റെയില്‍വേക്ക്‌ നല്‍കാനുള്ള പണം ഗഡുക്കളായി നല്‍കാമെന്ന്‌ ബിആര്‍ഡിസി അറിയിച്ചതിനെതുടര്‍ന്നാണ്‌ ഗേറ്റുതുറക്കാന്‍ കോടതി ഉത്തരവിട്ടത്‌. എം കെ ദാമോദരന്‍ ഹരജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായി. ഡിസംബര്‍ 15ന്‌ ബിആര്‍ഡിസിയുമായി റെയില്‍വേ അധികൃതര്‍ ചര്‍ച്ച നടത്തും.
ഗേറ്റ്‌ അടച്ചിട്ടതിനാല്‍ ചേറ്റുകുണ്ട്‌, ചിത്താരി കടപ്പുറത്തെ നൂറുകണക്കിനാള്‍ക്കാര്‍ ദുരിതത്തിലാണ്‌. സുനാമി പദ്ധതിയുടെ 1.36 കോടി ഉപയോഗിച്ച്‌ ചിത്താരി കടപ്പുറത്തേക്ക്‌ നിര്‍മിക്കുന്ന റോഡ്‌, ഹാര്‍ബര്‍ പണി എന്നിവ നിലച്ചു. ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട റിസോര്‍ട്ട്‌ നിര്‍മാണവും നിലച്ചു. ഗേറ്റ്‌ സ്ഥാപിക്കാന്‍ റെയില്‍വെയ്‌ക്ക്‌ ഒരുകോടിയോളം രൂപ ബിആര്‍ഡിസി നല്‍കിയിരുന്നു. വീണ്ടും ഒരുകോടി രൂപ ആവശ്യപ്പെട്ടാണ്‌ റെയില്‍വേ ഗേറ്റടച്ചത്‌.
http://www.kasaragodvartha.com/viewnews.php?id=22831

മാണിക്കോത്ത് പെരുങ്കളിയാട്ടം; മൂലാരൂഢ സ്ഥാന ശുചീകരണം നടത്തി

on Nov 24, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്ര മൂലാരൂഢ സ്ഥാനത്ത് ശുചീകരണം നടത്തി. പുന്നക്കാല്‍ ഭഗവതി ആദ്യമായി കുടിയിരുന്ന രൂഢ സ്ഥാനം മാണിക്കോത്ത് റെയില്‍പാതയ്ക്ക് പടിഞ്ഞാറു വശത്താണ്. ഇവിടെ ചെത്തിക്കോരി വൃത്തിയാക്കി പന്തല്‍ പണിയും. പെരുങ്കളിയാട്ടത്തിന് മുന്നോടിയായി ഇവിടെ നിന്നും ദീപവും തിരിയും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ. വേണുഗോപാലന്‍ നമ്പ്യാര്‍, കണ്‍വീനര്‍ മുട്ടത്ത് ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു

on Nov 22, 2009

ഉദുമ:ബേക്കല്‍ ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയമേള സമാപിച്ചു.പ്രവൃത്തി പരിചയമേള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബേക്കല്‍ ജി.എഫ്.എച്ച്.എസ്.ഒന്നാംസ്ഥാനം നേടി. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറിക്കാണ് രണ്ടാംസ്ഥാനം. യു.പി. വിഭാഗത്തില്‍ വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംസ്ഥാനവും കീക്കാന്‍ ആര്‍.ആര്‍.എം. യു.പി. രണ്ടാം സ്ഥാനവും നേടി. ഉദുമ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ.മുരളീധരന്‍ സ്വാഗതവും, രത്‌നാകരന്‍ തൊട്ടി നന്ദിയും പറഞ്ഞു. സമാപന യോഗത്തില്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രന്‍ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.

പെരുങ്കളിയാട്ടം: അറിവനുഭവ സെമിനാര്‍ നാളെ

on Nov 21, 2009

കാഞ്ഞങ്ങാട്: മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഐതിഹ്യവും പുരാവൃത്തവും ശേഖരിച്ച് ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രേശസംഗമവും അറിവനുഭവസെമിനാറും 22ന് രണ്ടുമണിക്ക് ക്ഷേത്രപരിസരത്ത് നടക്കും. ഒന്നര നൂറ്റാണ്ടിനുമുമ്പ് നടന്ന പെരുങ്കളിയാട്ടം എങ്ങനെയായിരുന്നുവെന്ന കേട്ടറിവുകഥകള്‍ പ്രായമായവര്‍ ചര്‍ച്ചചെയ്യും.

മുകയരുടെ വംശീയത, തെയ്യങ്ങളും അനുഷ്ഠാനങ്ങളും, 11 താനങ്ങളും തറവാടുകളും, തൊഴില്‍, വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ സെമിനാറില്‍ പങ്കുവെക്കും. സംഗമവും സെമിനാറും ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ.നമ്പ്യാര്‍ ഉദ്ഘാടനംചെയ്യും.

ബേക്കല്‍ ഉപജില്ലാ കായികമേള

on

പെരിയ: ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള പുല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ സമാപിച്ചു. സബ്ബ്ജൂനിയര്‍ വിഭാഗം ബോയ്‌സ്-ജി.യു.പി.എസ്. ബാര 31 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.എച്ച്.എസ്.എസ്.ഉദുമ 16 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി.

സബ് ജൂനിയര്‍ ഗേള്‍സ്-യു.എന്‍.എച്ച്.എസ്. പുല്ലൂര്‍ 23 പോയിന്റ്‌നേടി ഒന്നാംസ്ഥാനം നേടി. ജി.യു.പി.എസ്. അഗസര്‍ഹോള 14 പോയിന്റ്‌നേടി രണ്ടാംസ്ഥാനം നേടി.

കിഡ്ഡീസ് ബോയ്‌സ്-ജി.യു.പി.എസ്.ബാര 23 പോയിന്‍േറാടെ ഒന്നാംസ്ഥാനവും ജി.യു.പി.എസ് പുല്ലൂര്‍ 17 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.

കിഡ്ഡീസ് ഗേള്‍സ് വിഭാഗം -ജി.യു.പി.എസ് പുല്ലൂര്‍ 28 പോയിന്‍േറാടെ ഒന്നാംസ്ഥാനംനേടി. ജി.യു.പി.എസ് കരിച്ചേരി 14 പോയിന്‍േറാടെ രണ്ടാംസ്ഥാനവും നേടി.

എല്‍.പി.വിഭാഗം -ക്രസന്റ് ഇംഗ്ലീഷ് മീഡിയം ഉദുമ. ജൂനിയര്‍ ഗേള്‍സ്-ജമാഅത്ത് പടിഞ്ഞാര്‍, ജി.യു.പി.എസ്.കരിച്ചേരി. ചില്‍ഡ്രന്‍സ് ബോയ്‌സ്-ക്രസന്റ് ഇംഗ്ലീഷ് മീഡിയം അജാനൂര്‍, ജി.യു.പി.എസ്.പുല്ലൂര്‍ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

ചില്‍ഡ്രന്‍ ഗേള്‍സ്-ജമാഅത്ത് ഉദുമ പടിഞ്ഞാര്‍ പതിനഞ്ചും, എല്‍.എല്‍.പി.എസ്. ഉദുമ ഇസ്‌ലാമിയ പത്തും പോയിന്റ് നേടി.

സമാപനസമ്മേളനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ്കുമാര്‍ പള്ളയില്‍വീട് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. എ.കൃഷ്ണന്‍, എം.ഇന്ദിര, പി.വി.സരോജനി സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് എം.ശ്രീധരന്‍ നമ്പ്യാര്‍ സ്വാഗതവും കെ.രാജീവന്‍ നന്ദിയും പറഞ്ഞു.

ബലിപെരുന്നാള്‍ 27ന്

on Nov 20, 2009


eid-31.gif (220×350)

കാഞ്ഞങ്ങാട്: കാപ്പാട് ദുല്‍ഹജ് മാസപ്പിറവി കണ്ടതില്‍ 27ന് ബലിപെരുന്നാള്‍ ആഘോഷിക്കുമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അറിയിച്ചു. കേരളം മുഴുക്കേയും ഒമാനൊഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളിലും ബലിപെരുന്നാള്‍ 27ന്ന്‌ (വെള്ളിയാഴ്ച്ച)ആയിരിക്കും.

Friday's Talk:ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

on

ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

” ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
നിന്റെയടുത്തു വന്നെത്തും. ” (അല്‍ഹജ്ജ്‌:27 ) hajj1 ഇബ്റാഹീമിന്റെ വിളംബരം കേട്ട് ആവേശത്തള്ളിച്ചയാല്‍ തിടുക്കപ്പെട്ടെത്തുന്ന
വിശ്വാസിക്കൂട്ടങ്ങളെ സ്വീകരിച്ചാനയിച്ച് വിയര്‍ത്തൊലിക്കുമ്പോഴും
‘ഉമ്മുല്‍ഖുറാ’ സന്തോഷത്തിമര്‍പ്പിലാണ്. ദൈവത്തോടുള്ള നിഷ്കാമ സ്നേഹത്താല്‍
പ്രചോദിതരായി, അവനെ മാത്രം ധ്യാനിക്കാനായി പടുത്തുയര്‍ത്തപ്പെട്ട ആദ്യഭവനം കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാന്‍ കരയും കടലും ആകാശവും താണ്ടിയെത്തിയ ദൈവദാസന്മാരുടെ, വാന-ഭുവനങ്ങളെ ഒരുപോലെ അതിശയം കൊള്ളിക്കുന്ന അനുപമമായ ഒത്തുകൂടല്‍. ജീവിതം ഈശ്വരസ്മരണയുടെ സമവാക്യമാക്കിയ
ഒരു സമൂഹത്തിന്റെ സൃഷ്ടിയാണവര്‍ നടത്താന്‍ പോവുന്നത്.

എന്താണ് ഹജ്ജ്‌? ലളിതവും സുതാര്യവുമായ ഏതാനും കര്‍മങ്ങള്‍. എന്നാല്‍ നിലക്കാത്ത
ദൈവസ്മരണയുടെ നൈരന്തര്യമാണവ. ഹജ്ജുകര്‍മങ്ങളുടെ നിര്‍വഹണസ്ഥലങ്ങളും
സമയങ്ങളും ചരിത്രപരിസരങ്ങളും ഇഴപിരിച്ചു നോക്കൂ. *ദിക്റും തവക്കുലും തജര്‍റുദും
തദ്ഹിയത്തും അല്ലാതെ മറ്റെന്തെങ്കിലും അവയില്‍ തൊട്ടറിയാന്‍ കഴിയുന്നുന്ടോ?

‘ഇഹ്റാം’*ജഡികമായ ഇച്ച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും മുക്തമായി മനസ്സിനെ
ദൈവസ്മരണയിലും ചിന്തയിലും ഒതുക്കിനിര്‍താനുള്ള തെയ്യാറെടുപ്പാണ്.’തല്‍ബിയതാ’*വട്ടെ
അതിന്റെ ഏറ്റുപറച്ചിലും സാകഷ്യപ്പെടുത്തലും. പടച്ചതമ്പുരാന്റെ പരിശുദ്ധിക്ക്
ചുറ്റുമുള്ള ഹൃദയത്തിന്റെ ചുറ്റിത്തിരിയലും കാണാത്ത, എന്നാല്‍ തലോടിക്കൊണ്ടിരിക്കുന്ന
ഇഷ്ടഭാജനത്തെ പുല്‍കാനുള്ള വെമ്പലുകലുമാണ് ‘ത്വവാഫ്‌’*. കാരുണ്യത്തിന്റെ
നാട്ടക്കുറികള്‍ക്കിടയില്‍ ദൈവത്തിന്റെ പൊരുത്തവും മാപ്പും തേടിയുള്ള പോക്കുവരവുകളെ
നാം ‘സഅയ് ‘*എന്ന് വിളിക്കുന്നു. ദൈവഭയത്താല്‍ കനംതൂങ്ങിയ ഹൃദയങ്ങളും, സ്തോത്രങ്ങളും
അര്‍ത്ഥനകളും അണപൊട്ടിയൊഴുകുന്ന നാവുകളും, പ്രതീക്ഷാനിര്‍ഭരമായി
വാനത്തേക്കുയരുന്ന കരങ്ങളും പരമകാരുണികന്റെ കാരുണ്യാനുഗ്രഹങ്ങള്‍ ഏറ്റു
വാങ്ങാനുള്ള ഒരുങ്ങിനില്പാണ് ‘വുഖൂഫ്’*. തിന്മകളോടും അതിന്റെ വൈതാളികരോടുമുള്ള
തീഷ്ണരോഷത്തെ പ്രതീകവല്‍ക്കരിക്കയാണ് ‘കല്ലേറുകള്‍’. നാശകാരികളായ
ജഡികേച്ഛകളെ ആട്ടിത്തുരത്താനുള്ള ദൃഡനിശ്ചയവും കല്ലേറുകളിലൂടെ പ്രകടമാവുന്നു.
‘ബലി’ വിശുദ്ധിയുടെ ഉച്ചിയിലേക്കുള്ള ആരോഹണത്തിന്‌ പര്യവസാനം കുറിക്കുകയാണ്.
നിന്ദ്യ നികൃഷ്ടതകളുടെ മ്ലേച്ചരക്തം പുണ്യം ചെയ്ത കരങ്ങളാല്‍ ഒഴുക്കിക്കളയുകയാണ്
ബലിയിലൂടെ.പരിശുദ്ദരും പരമഭക്തരുമായ ദൈവദാസന്മാരുടെ സാന്നിധ്യത്തില്‍
സമര്‍പ്പണത്തിന്റെയും ദണ്‍ധം നല്‍കലിന്റെയും സാകഷ്യപ്പെടുത്തല്‍.

മനുഷ്യനെ ‘മനുഷ്യനാ’ക്കുന്നത് ഏകദൈവവിശ്വാസവും തദനുസൃതമുള്ള ജീവിതവുമാണ്.
ദൈവസ്മരണയുടെ സജീവസാന്നിധ്യമുള്ള മനസ്സുകള്‍ക്കെ സമാധാനവും സുരക്ഷാബോധവും
അനുഭവിക്കാനും, അന്തസ്സും ആത്മാഭിമാനവും കൈവരിക്കാനും സാധിക്കയുള്ളൂ. അതിനുള്ള
അവസരങ്ങളാണ് ഹജ്ജ്‌ ഒരുക്കിത്തരുന്നത്‌.

ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ഏറ്റ കളങ്കങ്ങളും
കരുവാളിച്ചകളും കഴുകിക്കളഞ്ഞ് ഒളിമിന്നുന്ന മനസ്സും ആത്മാവുമായി ജീവിതയാത്ര
തുടരാനുള്ള വിളംബരമാണ് ഹജ്ജ്‌. “ഹിതമല്ലാത്തതൊന്നും പറയാതെയും പ്രവര്‍ത്തികാതെയും
വേണ്ടുംവിധം ഹജ്ജ്‌ നിര്‍വഹിച്ചയാള്‍ ഉമ്മ പെറ്റ നാളിന്റെ പരിശുദ്ധിയുമായാണ്
മടങ്ങിപ്പോവുന്നതെ” ന്ന തിരുവരുള്‍ നാം അടിവരയിട്ടു വായിക്കുക!

* ദൈവസ്മരണ, (അല്ലാഹുവില്‍) ഭരമേല്‍പ്പിക്കല്‍, (അരുതായ്മകളില്‍നിന്നും) മുക്തമാവല്‍,
(എല്ലാം ദൈവമാര്‍ഗത്തില്‍) ബലിയര്‍പ്പിക്കല്‍.

*ഹജ്ജില്‍ പ്രവേശിക്കല്‍, *ലബ്ബൈക…. എന്ന പ്രാര്‍ത്ഥന ചൊല്ലല്‍,
*കഅബയെ വലയം വെക്കല്‍, *സഫാ-മര്‍വകള്‍ക്കിടയിലെ നടത്തം,
*’അറഫയില്‍ ഉണ്ടായിരിക്കല്‍.

http://ipcblogger.net/akm/?p=212

**************************************************

ഹജ്ജിന്‍റെ സാമൂഹ്യശാസ്ത്രം- malayalam.webdunia

hajj

വിശ്വസാഹോദര്യം തെളിമയാര്‍ന്ന ഹജ്ജില്‍ പ്രത്യക്ഷപ്പെടുന്നു. വംശവും ദേശവും ഭാഷയും, സാമൂഹിക പദവികളും വ്യത്യാസങ്ങളും വിവേചനങ്ങളും മറന്ന് തീര്‍ത്ഥാടകര്‍ ദൈവചൈതന്യത്തില്‍ പങ്ക് ചേരാന്‍ മക്കയിലേക്ക് കുതിക്കുന്നു. മരുഭൂമിയില്‍ ഒരേ ഭക്ഷണവും ഓരപോലെയുള്ള വസ്ത്രവും ധരിക്കുന്നു. സന്തോഷവും സന്താപവും പങ്ക് വയ്ക്കുന്നു.

സാഹിത്യസംഗമം

ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.

ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.


രണ്ടാം ദിവസം

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം

നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.

സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.


പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും

on



പരിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തെ പറ്റി അറിയുവാനും പഠിക്കുവാനും:

ഇവിടെ ഹജ്ജ്നെകുറിച്ച്‌ മലയാളത്തില്‍ വളരെ ബ്രഹത്തായി വീഡിയോവിണ്റ്റെ സഹായത്തോടെ പ്രതിപാതിക്കുന്നു.
താഴെകൊടുത്ത ലിങ്കില്‍ ദയവായി ക്ളിക്ക്‌ ചെയ്യുക

പഞ്ചായത്തുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു

on Nov 19, 2009

d3.jpg (326×240)
കാഞ്ഞങ്ങാട്: പഞ്ചായത്ത് ഓഫീസുകളില്‍ ജീവനക്കാരുടെ 50 ശതമാനം മാത്രമേ നിലവിലുള്ളൂ. ഇത് കാരണം ജീവനക്കാര്‍ ജോലിഭാരം കൊണ്ട് വീര്‍പ്പ് മുട്ടുന്നു.

ഒമ്പത് മുതല്‍ 29 വരെ ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളാണ് സംസ്ഥാനത്ത് ഉള്ളത്. എന്നാല്‍ ധനശേഷി കൂടിയിട്ടും ക്രയശേഷി കൂടിയിട്ടില്ലെന്ന പരാതിയാണ് പഞ്ചായത്ത് ജീവനക്കാര്‍ക്ക്.

ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ സംസ്ഥാനത്തെ 999 പഞ്ചായത്തുകളിലും അക്കൗണ്ടന്റ്മാരുടെ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ 339 പഞ്ചായത്തുകളില്‍ മാത്രമാണ് ഈ തസ്തിക കൂടിച്ചേര്‍ത്തത്. ബാക്കി 660 പഞ്ചായത്തുകളില്‍ യു.ഡി. ക്ലാര്‍ക്ക് തസ്തിക റദ്ദ്‌ചെയ്തത് പകരം അക്കൗണ്ടന്റിന്റെ തസ്തിക ആക്കുകയായിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് ഭാരമായി മാറുകയാണ് ചെയ്തത്.

83 ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോള്‍ പഞ്ചായത്ത് ഓഫീസുകളില്‍ ഉള്ളത്. സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ വിതരണം മുതല്‍ തൊഴിലില്ലായ്മ വേതനവിതരണം വരെ നടത്തുന്നത് പഞ്ചായത്ത് ഓഫീസുകളില്‍ നിന്നാണ്. 350 മുതല്‍ 1000 വരെ കര്‍ഷകത്തൊഴിലാളികളുണ്ട് ഓരോ പഞ്ചായത്തുകളിലും. മണിഓര്‍ഡര്‍ പൂരിപ്പിച്ച് ബില്‍മാറുന്നത്‌വരെയുള്ള പ്രവൃത്തി കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ രാത്രിയോളം പണിയെടുക്കേണ്ടിവരുന്നതായും പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി ഫണ്ട് 40 ശതമാനം പഞ്ചായത്തുകളെയാണ് ഏല്‍പ്പിക്കുന്നത്. കൂടാതെ തനത് ഫണ്ട് ഒരുകോടിയോളം രൂപ ചെലവഴിക്കേണ്ടിയും വരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന പ്രവൃത്തികള്‍ക്ക് നിയോഗിച്ച എന്‍ജിനീയറും ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററും കരാര്‍ ജീവനക്കാരാണ്. അത്‌കൊണ്ട് തന്നെ അവര്‍ ഉത്തരവാദിത്വക്കുറവ് കാണിക്കുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയും വരുന്നു.

Mathrubhumi report

Friday's Talk:ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌

on Nov 13, 2009

ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌
Islamic_finance_sector
-ഇ.കെ. ഫസലുറഹ്‌മാന്‍

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ
ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌
അകന്നുപോയിരിക്കുന്നു. മൂലധന വളര്‍ച്ചയ്‌ക്കുപകരം
സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം,
കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌
രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.


മുതലാളിത്തവും സോഷ്യലിസവും ലക്ഷ്യമാക്കുന്നത്‌ സാമ്പത്തിക-വ്യാവസായിക പുരോഗതിയായതുകൊണ്ട്‌ ആ രംഗത്തെ മതത്തിന്റെ ലക്ഷ്യം നിര്‍വചിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ്‌ ഇസ്‌ലാമിസ്റ്റ്‌ പണ്ഡിതര്‍ പ്രാധാന്യം നല്‌കിയത്‌. പലിശരഹിത ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനം രൂപപ്പെടുന്നത്‌ ഇതിന്റെ ഫലമായാണ്‌.

മധ്യകാലത്ത്‌ പണമിടപാട്‌, കരാര്‍ക്കച്ചവടം, നാണയക്കൈമാറ്റം, പാട്ടം തുടങ്ങിയ മേഖലകളില്‍ നടന്ന പഠനങ്ങളുടെ ആധുനിക വ്യാഖ്യാനംകൂടിയായിരുന്നു ഇസ്‌ലാമിക ബാങ്ക്‌ സംവിധാനം. മുതലാളിത്തത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്‌ക്കും കാരണമായ വാണിജ്യ-വ്യാവസായിക വിപ്ലവത്തിനും കോളനിവത്‌കരണപ്രക്രിയയ്‌ക്കും ശക്തിപകര്‍ന്ന ബാങ്കിങ്‌ സമ്പ്രദായത്തിന്റെ കടന്നുകയറ്റം മുസ്‌ലിം ലോകത്തുണ്ടാക്കിയ വിശ്വാസ-സാംസ്‌കാരിക പ്രതിസന്ധിക്കുള്ള പരിഹാരമായിട്ടുകൂടിയാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ നടപ്പാക്കപ്പെടുന്നത്‌.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാളുടെ സമ്പത്തില്‍ സമൂഹത്തിനു ചില അവകാശങ്ങളുണ്ട്‌. അതു ദാനമായോ കടമായോ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഈ ഇടപാടുകളില്‍ പ്രതിഫലം കാംക്ഷിക്കാന്‍ പാടുള്ളതല്ല. മിച്ചസമ്പത്തില്‍ ഉടമകള്‍, ഗുണഭോക്താക്കളില്‍നിന്നാവശ്യപ്പെടുന്ന പ്രതിഫലത്തെയാണ്‌ ഇസ്‌ലാം പലിശയായി കാണുന്നത്‌. മറ്റുതരം ഇടപാടുകളിലെ അമിതലാഭവും പലിശയുടെ പരിധിയില്‍ത്തന്നെയാണ്‌ വരുന്നത്‌. പലിശ വാങ്ങുന്നവരും കൊടുക്കുന്നവരും അതു രേഖപ്പെടുത്തുന്നവരും ഇസ്‌ലാമികദൃഷ്‌ട്യാ കുറ്റക്കാരാണ്‌. ഈ ധര്‍മചിന്തയുടെ സാക്ഷാത്‌കാരമെന്ന നിലയ്‌ക്കാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ സമ്പ്രദായം ഉടലെടുക്കുന്നത്‌.

ഇന്ന്‌ ഏതാണ്ട്‌ എഴുപതോളം രാജ്യങ്ങളില്‍ ഇസ്‌ലാമിക ബാങ്കുകളോ ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകളോ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, അമേരിക്ക, ഗള്‍ഫ്‌, പാകിസ്‌താന്‍, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വളര്‍ച്ചകൂടിയ ധനകാര്യസ്ഥാപനങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍.

നിക്ഷേപകരെ ഓഹരിയുടമകളായിക്കാണുന്ന മ്യൂച്വല്‍ ബാങ്കുകളായാണ്‌ ഇസ്‌ലാമിക ബാങ്കുകളില്‍ ഏറിയ പങ്കും പ്രവര്‍ത്തിക്കുന്നത്‌. സേവനത്തിനായി സമീപിക്കുന്നവരില്‍നിന്ന്‌ അതിന്റെ സ്വഭാവമനുസരിച്ച്‌, സേവനത്തുക മാത്രം പ്രതിഫലമായി വാങ്ങിച്ചാണ്‌ ബാങ്കുകള്‍ മുന്നോട്ടുനീങ്ങുന്നത്‌. ബാങ്കിതരസേവനരംഗത്തും ഇസ്‌ലാമിക ബാങ്കുകള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളുടെ വരവോടെ ഈ നൂതന ബാങ്കിങ്‌ ആശയം വാണിജ്യബാങ്കുകളെ അതിശയിപ്പിച്ച്‌ മുന്നേറുകയാണ്‌.

പാശ്ചാത്യ-മുതലാളിത്തരാജ്യങ്ങള്‍, തങ്ങളുടെ സാമ്പത്തികനേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-ഉദാരീകരണ കാലഘട്ടത്തില്‍ത്തന്നെയാണ്‌ ആഗോളസമ്പദ്‌ഘടനയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച്‌ ഇസ്‌ലാമികബാങ്കുകളും കടന്നുവരുന്നത്‌.

അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകളിലെ നിക്ഷേപത്തില്‍ ഒരു വലിയ പങ്ക്‌ സംഭാവന ചെയ്യുന്ന എണ്ണസമ്പന്നരാജ്യങ്ങളില്‍ മുതലാളിത്ത ചട്ടക്കൂടിനു പുറത്ത്‌ നൂതനരീതികള്‍ പരീക്ഷിക്കുന്ന ഇസ്‌ലാമികബാങ്കുകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌ ആഗോളസാമ്പത്തിക സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും കാര്യമായി ശ്രദ്ധിക്കുന്നത്‌.

ആഗോള ധന ഇടപാടുകളില്‍ രണ്ടു ശതമാനത്തില്‍ താഴെ കൈകാര്യംചെയ്യുന്ന ഇസ്‌ലാമിക സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ ആഗോളീകരണശ്രമങ്ങളെ തകര്‍ക്കാനുള്ള കെല്‌പില്ല. പാശ്ചാത്യക്രമത്തിനു പുറത്ത്‌ മറ്റൊരു സാമ്പത്തികരീതി രൂപപ്പെട്ടുവരുന്നതിലെ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്ന ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വിശ്വാസത്തെ മുറിപ്പെടുത്താതെ അവയെ എങ്ങനെ മെരുക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്‌ ചിന്തിച്ചത്‌.

മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും പലിശരഹിത-ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മുസ്‌ലിംകള്‍ ഇതിനെ പലിശരഹിത ബാങ്കിങ്‌ സമ്പ്രദായത്തിന്റെ വിജയമായിക്കണ്ടപ്പോള്‍, ബഹുരാഷ്ട്ര ബാങ്കുകളിലേക്ക്‌ നിക്ഷേപമായി ഒഴുകിയെത്തിയത്‌ ദശലക്ഷക്കണക്കിനു ഡോളറുകളായിരുന്നു.

എച്ച്‌.എസ്‌.ബി.സി. സിറ്റിസ്റ്റാന്‍ഡേര്‍ഡ്‌, ചാര്‍ട്ടേഡ്‌ തുടങ്ങിയ ലോകത്തിലെ മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ഇന്ന്‌ പലിശരഹിത ഇടപാടുകൗണ്ടറുകളുണ്ട്‌. ഈ ബാങ്കുകളെ സഹായിക്കാന്‍ ഇസ്‌ലാമിക ബാങ്കിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ സാമ്പത്തിക ഉപദേഷ്‌ടാക്കളുടെ വലിയ നിരയെത്തന്നെ ഐ.എം.എഫ്‌. സജ്ജമാക്കിയിട്ടുണ്ട്‌. ഇവരില്‍ വലിയ പങ്കും ആഫ്രോ-അമേരിക്കന്‍ വംശജരോ ഏഷ്യന്‍ വംശജരോ ആണെന്നതും നശ്രദ്ധേയമാണ്‌.

2000-ത്തിനുശേഷം ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്ത്‌ പുറത്തുവന്ന ഗ്രന്ഥങ്ങളില്‍ ഏതാണ്ടെല്ലാംതന്നെ ഐ.എം.എഫ്‌. നേരിട്ടോ അതിന്റെ സഹായധനത്തോടെയോ പുറത്തിറക്കിയവയാണ്‌. സൗദി അറേബ്യയുടെ മുഖ്യപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി. (ഇസ്‌ലാമിക്‌ ഡെവലപ്‌മെന്റ്‌ ബാങ്ക്‌) ലോകബാങ്കുമായി തന്ത്രപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുമുണ്ട്‌.

2001 സപ്‌തംബര്‍ പതിനൊന്നിലെ ദുരന്തത്തോടെ, ഇസ്‌ലാമിക പണമിടപാടുസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത അമേരിക്കന്‍ നടപടിയും പാശ്ചാത്യ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ബാങ്കിങ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഭീകരര്‍ക്ക്‌ പണമെത്തിക്കുന്നതില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പണമിടപാടുസ്ഥാപനങ്ങള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. ഇവയിലെ നിക്ഷേപങ്ങളില്‍ ഏതാണ്ട്‌ മുഴുവന്‍തന്നെ ബഹുരാഷ്ട്ര ബാങ്കുകളിലെ ഇസ്‌ലാമിക്‌ കൗണ്ടറിലേക്കാണ്‌ മാറ്റപ്പെട്ടത്‌.

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ ബാങ്ക്‌സ്‌ എന്ന സംഘടനയാണ്‌. ഐ.എം.എഫ്‌. ലോകബാങ്ക്‌, മറ്റു ബഹുരാഷ്ട്രബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സംഘടന, ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനത്തെ മുഖ്യധാരാ ബാങ്കുകളുമായി ഇണക്കിച്ചേര്‍ക്കുന്നതിനാണ്‌ പ്രാധാന്യം കല്‌പിക്കുന്നത്‌.

പലിശരഹിത ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളെ നിയന്ത്രിക്കുന്നത്‌ പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ തന്നെയാണ്‌. പെമാല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌, കെപ്പല്‍ ഇന്‍ഷുറന്‍സ്‌, യു.ബി.എല്‍. ഫസ്റ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനി തുടങ്ങിയ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുമാനേജുമെന്റ്‌ വിഭാഗങ്ങളുണ്ട്‌. ഇസ്‌ലാമികമാണെന്നവകാശപ്പെടുന്ന ഇത്തരം പ്രോഡക്ടുകള്‍, സൂക്ഷ്‌മനിരീക്ഷണത്തില്‍ ആഗോളസാമ്പത്തിക വ്യതിയാനങ്ങള്‍ക്കും ബാങ്ക്‌ പലിശനയങ്ങള്‍ക്കും വിധേയമാണ്‌. ഡൗജോണ്‍സ്‌ ഇസ്‌ലാമിക്‌ മാര്‍ക്കറ്റ്‌ ഇന്‍ഡക്‌സും എഫ്‌.ടി.എസ്‌.ഇ. ഗ്ലോബല്‍ ഇസ്‌ലാമിക്‌ സൂചികയും അതു ശരിവെക്കുന്നു.

ഇസ്‌ലാമിക്‌ ബാങ്കിങ്ങിലും ധനനിയമങ്ങളിലും ഇന്ന്‌ അന്തിമവിധികള്‍ പുറപ്പെടുവിക്കുന്നത്‌ അമേരിക്കയിലെ 'ഹാര്‍വാഡ്‌ ഇസ്‌ലാമിക്‌ ഫിനാന്‍സ്‌ ഇന്‍ഫര്‍മേഷന്‍ ഫോറം' ആണ്‌. ലോകബാങ്കിന്റെയും ഗള്‍ഫ്‌ മേഖലകളില്‍ സ്വാധീനമുള്ള കുത്തക കമ്പനികളുടെയും സാമ്പത്തിക സഹായത്തോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഇസ്‌ലാമിക ബാങ്കില്‍ മതേതര പങ്കാളിത്തം ഉറപ്പാക്കി അവയെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള പദ്ധതികള്‍ക്കാണ്‌ ഇതിലെ വിദഗ്‌ധര്‍ പ്രാമുഖ്യം നല്‌കുന്നത്‌.

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌ അകന്നുപോയിരിക്കുന്നുവെന്നതാണ്‌ സത്യം. മൂലധന വളര്‍ച്ചയ്‌ക്കുപകരം സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം, കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌ രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഉദാരീകരണ മാര്‍ഗങ്ങളിലൂടെ വിപണികള്‍ കീഴടക്കി വന്‍ലാഭം കൊയ്‌തുകൊണ്ടിരിക്കുന്ന വ്യവസായ ഗ്രൂപ്പുകള്‍ ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്തേക്ക്‌ കടന്നുവരുന്നത്‌ ധര്‍മചിന്തയാല്‍ പ്രചോദിതരായാണെന്ന്‌ കരുതുക വയ്യ.

ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ പോകുന്ന ഇസ്‌ലാമിക ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിനായി റിലയന്‍സ്‌ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ ശ്രമമാരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത പ്രസക്തമാണ്‌. മുസ്‌ലിം രാജ്യങ്ങളില്‍ ഈ പ്രവണത നേരത്തേത്തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. 'ഇസ്‌ലാമിക്‌ കാപ്പിറ്റലിസം' എന്നു വിളിക്കപ്പെടുന്ന ഭരണവര്‍ഗവ്യവസായി കൂട്ടുകെട്ടാണ്‌ ഇവിടങ്ങളില്‍ ബാങ്കുകളെ നിയന്ത്രിക്കുന്നത്‌.

മറ്റെന്തിനേക്കാളും സാമ്പത്തിക താത്‌പര്യങ്ങള്‍ക്കു പ്രാധാന്യം നല്‌കുന്ന ഈ കൂട്ടായ്‌മ ഇസ്‌ലാമിക ലോകത്തെ പരിവര്‍ത്തനത്തിന്റെ സൂചനകൂടിയാണ്‌. ഇവരുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്‌ക്കുന്ന മതപണ്ഡിതരും സജീവമായി രംഗത്തുണ്ട്‌. കോര്‍പ്പറേറ്റ്‌ വാണിജ്യ-വ്യവസായ തന്ത്രങ്ങളെ തുണച്ചു മതവിധികള്‍ പുറപ്പെടുവിക്കുന്ന ഇത്തരം പണ്ഡിതരില്‍ ഭൂരിഭാഗവും ഈജിപ്‌തിലെ അല്‍-അസ്‌ഹര്‍, ഉമ്മുല്‍ഖുറാ (മെക്ക) സര്‍വകലാശാലകളില്‍ പഠിച്ചവരോ പഠനവിഭാഗങ്ങളിലുള്ളവരോ ആണ്‌.

ഏത്‌ അതിര്‍വരമ്പുകളും അതിലംഘിച്ച്‌ മനുഷ്യരെ കീഴടക്കുന്ന മൂലധശക്തികളുടെ കരുത്തും വിപണിയുടെ തന്ത്രങ്ങളും ഇസ്‌ലാമിക ബാങ്കുകളെ കോര്‍പ്പറേറ്റു മാര്‍ഗത്തിലേക്ക്‌ തള്ളിവിടുകയാണ്‌. വിപണിയിലെ വിജയി നിശ്ചയിക്കുന്ന ധര്‍മ-നൈതിക മാതൃകകള്‍ മാത്രം അവശേഷിക്കുന്ന ആഗോളീകരണ സാഹചര്യത്തില്‍ ഇസ്‌ലാമിക ബാങ്കുകള്‍ നിലനി'ണമെങ്കില്‍ അതിന്റെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും ജനാധിപത്യ-ജനകീയ സംവിധാനങ്ങള്‍ക്കു കീഴില്‍ അവയെ കൊണ്ടുവരികയും ചെയ്യണം.

(ലേഖകന്‍ ഫാറൂഖ്‌ കോളേജ്‌ ചരിത്രവിഭാഗം അധ്യാപകനാണ്‌)

courtesy to Mathrubhumi news
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com