എസ്.എസ്.എഫ്: ദീനി വിജ്ഞാന സദസ്സ് സമാപിച്ചു

on Aug 11, 2010

കാഞ്ഞങ്ങാട്; എസ്.എസ്.എഫ് സൗത്ത് ചിത്താരിയില്‍ മൂന്ന് ദിവസമായി സംഘടിപ്പിച്ച മര്‍ഹബ യാ റമളാന്‍ ജീനി വിജ്ഞാന സദസ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി സൗത്ത് ചിത്താരി മര്‍ഹും പി.എ ഉസ്താദ് നഗറില്‍ നടന്ന വിജ്ഞാന സദസ്സില്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെ അനുഗ്രഹത്തിന്റെ ആദ്യ പത്ത് നോമ്പ് എന്ന വിഷയത്തെക്കുറിച്ചും, റഫീഖ് സഅദി ദേലമ്പാടി പാപമോചനത്തിന്റെ രണ്ടാം പത്ത് നിസ്‌കാരം എന്ന വിഷയത്തെക്കുറിച്ചും, സംസ മിസ്ബാഹി ഓട്ടപ്പടവ് നരകമോചനത്തിന്റെ അവസാന പത്ത് സക്കാത്ത് എന്ന വിഷയത്തിലും സംസാരിച്ചു

വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി

on Aug 10, 2010

ചിത്താരി :ലോകമെങ്ങുമുളള മുസ്‌ലീംങ്ങള്‍ വിശുദ്ധ റംസാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി...മസ്‌ജിദുകളും ഭവനങ്ങളും ശുദ്ധീകരിച്ച്‌ ഒരു മാസക്കാലം ആരാധനകൊണ്ട്‌ അലങ്കരിക്കുകയാണ്‌ മുസ്‌ലിം മത വിശ്വാസികള്‍.
മനസ്സും ശരീരീരവും സര്‍വ്വ ശക്‌തനിലേക്കര്‍പ്പിക്കുന്ന വിശ്വാസികള്‍ സന്തോഷത്തോടെയാണ്‌ റംസാന്‍ ചന്ദ്രികയെ കാത്തിരിക്കുന്നത്‌. വ്യാഴാഴ്‌ച മാസപ്പിറവി കണ്ടാല്‍ അത്‌ വിശുദ്ധ റംസാനിന്റെ ആദ്യ ദിനത്തില്‍ തന്നെ ജുമുഅ ലഭിക്കുമെന്നതിനാല്‍ വിശ്വാസികള്‍ക്ക്‌ ഏറേ അനുഗ്രഹീതമാകും.ഒരു വര്‍ഷത്തെ ജീവിതത്തിലെ തെററുകുററങ്ങള്‍ ഏററ്‌ പറഞ്ഞ്‌ പകല്‍ സമയത്ത്‌ വ്യതമെടുത്തും രാത്രി കാലങ്ങളില്‍ ആരാധനകളാലും ധന്യമാക്കാന്‍ വിശ്വാസികള്‍ തയ്യാറായി കഴിഞ്ഞു.വിശുദ്ധ റംസാനില്‍ വിവിപ മത സാമൂഹ്യ സാസ്‌കാരിക രാഷ്‌ട്രീയ സംഘടനങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാനായി വിപൂലമായ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ രൂപം നല്‍കിയിരിക്കുന്നത്‌. റംസാന്‍ പ്രഭാഷണങ്ങളും മതപഠനക്ലാസുകളും ഇഫ്‌താര്‍ സംഘമങ്ങളും സജീവമാകുന്നതോടെ വിശുദ്ധ റംസാന്‍ സൗഹാര്‍ദ്ദത്തിന്റെയും സനേഹത്തിന്റേതുമായിത്തീരും. വിപണിയിലെ വിലക്കയററമാണ്‌ വിശ്വാസികളെ വലയ്‌ക്കുന്നത്‌. നോമ്പു തുറവിഭവങ്ങള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിലയാണ്‌ ഇപ്പോള്‍ തന്നെ വിപണിയില്‍. റംസാന്‍ ആരംഭിക്കുതോടെ ഇത്‌ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

മംഗലാപുരം എയര്‍പോര്‍ട്ട്‌ യൂസേഴ്‌സ്‌ ഫീ സെപ്‌റ്റംബര്‍ ഒന്നു മുതല്‍

on

മംഗലാപുരം : മംഗലാപുരം വജ്‌പെയിലെ അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ യാത്രചെയ്യുന്ന യാത്രക്കാരില്‍ നിന്ന്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ യൂസേഴ്‌സ്‌ ഫീ ഈടാക്കാന്‍ തീരുമാനിച്ചതായി എയര്‍പോര്‍ട്ട്‌ ഡയറക്ടര്‍ വാസുദേവ ഹിന്ദുപത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ആഭ്യന്തരയാത്രക്കാരില്‍ നിന്ന്‌ 150 രൂപയും അന്താരാഷ്ട്രയാത്രക്കാരില്‍ നിന്ന്‌ 825 രൂപയുമാണ്‌ ഈടാക്കുക എയര്‍പോര്‍ട്ട്‌ വഴിവരുന്ന യാത്രക്കാര്‍ക്കില്ലെങ്കിലും റിട്ടണ്‍ടിക്കറ്റെടുത്ത്‌ വരുന്നവര്‍ തിരിച്ച്‌പോകുമ്പോള്‍ തുക അടക്കണം കുടുംബസമേതം അവധിക്ക്‌ നാട്ടിലെത്തുന്നവര്‍ക്ക്‌ ഇത്‌ കനത്ത ഭാരമാവും വരുത്തുക പത്ത്‌ വര്‍ഷത്തേക്കാണ്‌ യുസേഴ്‌സ്‌ ഫീ ഉദ്ദേശിക്കുന്നത്‌ .

ചെമ്മട്ടംവയല്‍ സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനം നാളെ

on

കാഞ്ഞങ്ങാട്‌: വര്‍ഷങ്ങളായി നിര്‍മാണം പൂര്‍ത്തിയാകാതിരുന്ന ചെമ്മട്ടംവയലിലെ നഗരസഭയുടെ കുട്ടികള്‍ക്കുള്ള സയന്‍സ്‌ പാര്‍ക്ക്‌ ഉദ്‌ഘാടനത്തിനൊരുങ്ങി. പത്തിനു ഉച്ചകഴിഞ്ഞു 2.30ന്‌ റവന്യു മന്ത്രി കെ.പി രാജേന്ദ്രനാണു ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്‌. നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍.എ ഖാലിദ്‌ അധ്യക്ഷത വഹിക്കും.2003-ലാണു ചെമ്മട്ടംവയലില്‍ സയന്‍സ്‌ പാര്‍ക്കിനു തറക്കല്ലിടുന്നത്‌. എന്നാല്‍ അന്നു മുതല്‍ വിവാദങ്ങളില്‍പെട്ടു പാര്‍ക്കിന്റെ നിര്‍മാണം ഇഴയുകയായിരുന്നു. കുട്ടികള്‍ക്കു ശാസ്‌ത്ര വിസ്‌മയത്തിന്റെ ഉള്‍പൊരുള്‍ മനസിലാക്കിക്കൊടുക്കുന്നതിനു അന്നത്തെ കളക്‌ടറായിരുന്ന രാജു നാരായണ സ്വാമിയാണ്‌ സയന്‍സ്‌ പാര്‍ക്കെന്ന ആശയത്തിന്റെ ശില്‌പി. തുടര്‍ന്നു രണ്‌ടരഏക്കര്‍ വരുന്നസ്ഥലത്തു കെട്ടിട നിര്‍മാണവും പൂര്‍ത്തിയായി.

കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

on Aug 9, 2010

കാഞ്ഞങ്ങാട്: കുണിയയിലെ സിദ്ധന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. മാസങ്ങളോളമായി കുണിയയില്‍ ഒരു വീട് കേന്ദ്രീകരിച്ച് മന്ത്രവാദം, ജിന്ന് ചികിത്സ തുടങ്ങിയവയുടെ പേരില്‍ തട്ടിപ്പ് നടത്തി വന്ന വ്യാജ സിദ്ധന്റെ വീട്ടിലാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എസ് ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്‌. വീട്ടില്‍ നിന്നും പോലീസിന് ഒന്നും കണ്ടെത്താന്‍ പറ്റിയില്ല. റെയ്ഡില്‍ ഡി.വൈ.എസ്.പിയോടൊപ്പം കാഞ്ഞങ്ങാട് സി.ഐ, ബേക്കല്‍ എസ്.ഐ എന്നിവരും മറ്റ് വനിതാപോലീസും ഉണ്ടായിരുന്നു.

കൊളവയലില്‍ വീട് എറിഞ്ഞു തകര്‍ത്തു

on Aug 8, 2010

കൊളവയല്‍ : കഞ്ഞങ്ങാട് ഇക്ബാല്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കമാന്റടിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു സ്കൂള്‍ പരിസരം താമസിക്കുന്നവരാണ് കൊലവയളില്‍ എത്തി വീടിനു നേരെ കല്ലെറിയുകയും മൂന്ന് പേരെ അടിച്ചു പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കമാന്റ് അടിച്ചതുമായി പുകഞ്ഞ സംഘര്‍ഷം വൈകുന്നേരം പറഞ്ഞു തീര്‍ത്തിരുന്നു പക്ഷെ രാത്രിയോടെ ഒരു വിഭാഗം വീടിനു നേരെ കല്ലെറിയുകയും വീടിലുള്ളവരെ അടിക്കുകയും ചെയ്തത്. പോലിസ് കേസ് എടുത്തു

SSF; മര്‍ഹബ യാ റമളാന്‍ ആഗസ്റ്റ് 8 മുതല്‍ ചിത്താരിയില്‍

on


കാഞ്ഞങ്ങാട്: പരിശുദ്ധ റമളാന് സ്വാഗതമോതിക്കൊണ്ട് എസ്.എസ്.എഫ് സൗത്ത് ചിത്താരി യൂണിറ്റ് സംഘടിപ്പിക്കുന്ന `മര്‍ഹബ യാ റമളാന്‍` ത്രിദിന ദീനീ വിജ്ഞാന സദസ്സ് ആഗസ്റ്റ് 8,9,10, (ഞായര്‍ , തിങ്കള്‍, ചൊവ്വ )തീയ്യതീകളില്‍ മഗ്രിബ് നിസ്കാരാനന്തരം മര്‍ഹൂം പി.ഏ. ഉസ്താദ് നഗറില്‍നടക്കും.
ആഗസ്റ്റ് 8 ന് ഞായര്‍ അബൂബക്കര്‍ ഫൈസി കുമ്പഡാജെയും
ആഗസ്റ്റ് 9ന് തിങ്കള്‍റഫീഖ് സ അദിദേലമ്പാടിയും,
ആഗസ്റ്റ് 10ന് ചൊവ്വ ഹംസ മിസ്ബാഹി ഓട്ടപ്പടവും പ്രഭാഷണം നടത്തും.

കൊളവയല്‍ ബാലഗോകുലം ശോഭയാത്ര

on

കൊളവയല്‍:കൊളവയല്‍ നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സപ്ത. 1ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം ശോഭയാത്രയ്ക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. കൊളവയല്‍ ഗണേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സ്വാഗതസഘം രൂപവത്കരിച്ചു. പൊയ്‌നാച്ചി നാരായണന്‍, ബി.കെ.നാരായണന്‍, കെ.വി.നാരായണന്‍ എന്നിവരെ രക്ഷാധികാരികളായും, പ്രസിഡന്റായി കൊളവയല്‍ കുഞ്ഞിരാമനെയും വൈസ്​പ്രസിഡന്റുമാരായി അംബികാബാബു, രവി കൊളവയല്‍, കാര്യദര്‍ശിയായി പി.കെ.ശ്രീധരനെയും, ട്രഷററായി കെ.വി.ഗണേശനെയും ആഘോഷപ്രമുഖായി കൊത്തിക്കാല്‍ അശോകനെയും തിരഞ്ഞെടുത്തു.ശോഭയാത്ര കൊളവയല്‍ ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് മാണിക്കോത്ത് അജാനൂര്‍ മണ്ഡലം ശോഭയോടൊപ്പം നഗരപ്രദക്ഷിണം നടത്തി പുതിയകോട്ട മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.

സായിറാം ഭട്ട് നിര്‍മ്മിച്ച 175 -മത് വീടിന്റെ താക്കോല്‍ദാനം മന്ത്രി മുല്ലപ്പള്ളി നിര്‍വ്വഹിച്ചു

on

കാസര്‍കോട്: അശരണര്‍ക്കും ആലംബഹീനര്‍ക്കും വീടുകള്‍ നിര്‍മ്മിച്ചു കൊടുത്തുവരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ട് 175 -മത് നിര്‍മ്മിച്ച വീടിന്റെ താക്കാല്‍ ദാനവും, സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ കൃഷ്ണ ഭട്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന തയ്യല്‍മെഷിന്റെ വിതരണവും സീതാംഗോളി കിളിങ്കാര്‍ സായി മന്ദിരത്തില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍വെച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.ടി.അഹമ്മദലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം.കൃഷ്ണ ഭട്ട് ആമുഖപ്രഭാഷണം നടത്തി. കെ.വെളുത്തമ്പു, സുബ്ബയ്യ റൈ, ശങ്കര ഷെട്ടി, കേശവപ്രസാദ്, ടി.എ അബൂബക്കര്‍, ടി.ജി. ചന്ദ്രഹാസ റൈ, വി. രാമപാട്ടാളി, എം.അബ്ബാസ്, ശ്യാമപ്രസാദ് മാന്യ, എം.എ.രവീന്ദ്രന്‍, തോമസ് ഡിസൂസ തുടങ്ങിയവര്‍ സംസാരിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.

പള്ളിക്കര ചേറ്റുക്കുണ്ട്‌ മുസ്‌ലിം ലീഗ്‌ ഓഫീസ്‌ ഉദ്‌ഘാടനവും പൊതു സമ്മേളനവും ശനിയാഴ്‌ച

on Aug 7, 2010

ബേക്കല്‍: പള്ളിക്കര പഞ്ചായത്ത്‌ ചേറ്റുക്കുണ്ട്‌ മുസ്‌ലിം ലീഗ്‌ ഓഫീസ്‌ ശനിയാഴ്‌ച നാല്‌ മണിക്ക്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ തൊട്ടി സാലിഹ്‌ ഹാജിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ ഹാജി ഉദ്‌ഘാടനം ചെയ്യും. പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതു യോഗം നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.ടി.അഹമ്മദലി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.ബി.അബ്‌ദുല്‍ റസാഖ്‌ ഹാജി മുസ്‌ലിം ലീഗ്‌ നേതാക്കളായ സി.കെ.അബ്ബാസ്‌ ഹാജി, കടവത്ത്‌ സാലിഹ്‌ ഹാജി എന്നിവരെ ആദരിക്കും. കെ.ഇ.എ. ബക്കര്‍, എം.എസ്‌. മുഹമ്മദ്‌കുഞ്ഞി, കല്ലട്ര അബ്‌ദുല്‍ ഖാദര്‍, കെ.എ.അബ്‌ദുല്ല ഹാജി, ബഷീര്‍ വെള്ളിക്കോത്ത്‌, എം.എ. മജീദ്‌, മാഹിന്‍ പൂച്ചക്കാട്‌, ഹംസ തൊട്ടി, കെ.ബി.എം. ഷെരീഫ്‌, ടി.പി.കുഞ്ഞബ്‌ദുല്ല ഹാജി, ഹാരിസ്‌ തൊട്ടി, സോളാര്‍ കുഞ്ഞഹമ്മദ്‌ ഹാജി സംബന്ധിക്കും. മലപ്പുറം ജില്ലാ ദളിത്‌ ലീഗ്‌ സെക്രട്ടറി അയ്യപ്പന്‍ കോ ണാടന്‍ മുഖ്യപ്രഭാഷണം നടത്തും.

കാഞ്ഞങ്ങാട്ടെ ഹെലിപ്പാട് പൊളിച്ചു നീക്കുന്നു

on


കാഞ്ഞങ്ങാട്: 14 വര്‍ഷം മുമ്പ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കാഞ്ഞങ്ങാട്ട് വന്നിറങ്ങിയ താല്‍ക്കാലിക ഹെലിപ്പാട് പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ഗ്രൗണ്ടിലാണ് താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിച്ചിരുന്നത്. ഇവിടെ സ്വാമി നിത്യാനന്ദ എഞ്ചിനീയറിംഗ് കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക ഹെലിപ്പാട് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കാന്‍ തുടങ്ങിയത്. ഹെലിപ്പാഡ് അവിടെ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയ ഭേദമന്യെ നാട്ടുകാര്‍ രംഗത്ത് വന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹെലിപ്പാഡ് പൊളിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്

കാഞ്ഞങ്ങാട് നഗരസഭ മാലിന്യപ്രശ്തിനു പരിഹാരം കാണണം : SSF

on Aug 5, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച ഒപ്പുകളുമായി എസ്.എസ്.എഫ്. കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റി നഗരസഭാ ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു.മീന്‍ മാര്‍ക്കറ്റിനു സമീപം കെട്ടിനില്‍ക്കുന്ന മലിനജലം നിക്കംചെയ്യുക, മത്സ്യമാംസ അവശിഷ്ടങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കുക, കടകളില്‍നിന്ന് നീക്കംചെയ്യുന്ന വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ നഗരസഭയുടെ ബോക്‌സുകള്‍ സ്ഥാപിക്കുക, ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പുവരുത്തുക, വ്യാപാരസ്ഥാപനങ്ങളില്‍ വേസ്റ്റ് ബോക്‌സ് നിര്‍ബന്ധമാക്കുക, നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നതിനുവേണ്ടി പ്രത്യേകം കര്‍മ്മസേനയെ നിയമിക്കുക, നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ അതിരാവിലെതന്നെ നീക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമര്‍പ്പിച്ചത്.എസ്.എസ്.എഫ്. ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അശ്‌റഫി, ഹമീദ് ക്ലായിക്കോട്. റാഷിദ് ഫാസിലി നീലേശ്വരം, സിദ്ധിഖ് പടന്നക്കാട്, അശ്‌റഫ് തായല്‍, ഇസ്മായില്‍ കൊളവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മംഗലാപുരം എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു

on Aug 3, 2010


മംഗലാപുരം: മംഗലാപുരം എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിംഗ് ഇന്ന് രാവിലെ ആറ് മണി മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 820 വിമാനം ആണ് രാവിലെ 7.20 ഓടെ പുതിയ ടെര്‍മിനലില്‍ ആദ്യമായി ലാന്റ് ചെയ്തത്.എയര്‍പോര്‍ട്ട് ഡയരക്ടര്‍ എം.ആര്‍.വാസുദേവയും, എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനജര്‍ ചെല്ലം പ്രസാദും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യ സ്റ്റാഫുകളും ചെര്‍ന്ന് വിമാന യാത്രക്കാരെ സ്വീകരിച്ചു.

'ശിഹാബ് തങ്ങള്‍ സ്‌നേഹസ്മൃതി 2010' സമദാനി ഉദ്ഘടനംയ്തു

on

അതിഞ്ഞാല്‍: മണ്മറഞ്ഞിട്ടും ജനമനസ്സുകളില്‍ തങ്ങിനില്‍ക്കുന്ന അതുല്യ പ്രതിഭയാണ് ശിഹാബ് തങ്ങളെന്ന്‍ ലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുല്‍ സമദ് സമദാനി അനുസ്മരിച്ചു. അജാനൂര്‍ പഞ്ചായത്ത് അതിഞ്ഞാല്‍ മേഖല മുസ്ലിം ലീഗ്, അജാനൂര്‍ പഞ്ചായത്ത് കെ.എം.സി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അജാനൂര്‍ മന്‍സൂര്‍ ഹോസ്പിറ്റലിന് സമീപം നൂര്‍ മഹല്‍ ഗ്രൗണ്ടില്‍ ടി.കെ.യൂസഫ് നഗറില്‍ സംഘടിപ്പിച്ച 'ശിഹാബ് തങ്ങള്‍ സ്‌നേഹസ്മൃതി 2010' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ​‍യിരുന്നു അദ്ദേഹം. പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. ആതുര സേവന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ. കെ. കുഞ്ഞഹമ്മദിനെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ആദരിച്ചു. അജാനൂര്‍ പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. എം.സി. ഖമറുദ്ദിന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ് ഹാജി, കൊപ്പല്‍ ചന്ദ്രശേഖരന്‍, ഫാദര്‍ ജോര്‍ജ് പുഞ്ചായില്‍, അഡ്വ.പി.കെ സുധാകരന്‍,കെ.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറുക്കണക്കിന് ആളുകളാണ് പരിപാടി ശ്രവിക്കാന്‍ എത്തിയത്.

on

രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ മരിച്ച പുല്ലൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

on Aug 2, 2010

കാഞ്ഞങ്ങാട്: രണ്ട്മാസം മുമ്പ് ഗള്‍ഫില്‍ മരിച്ച പുല്ലൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു. പുല്ലൂര്‍ മധുരമ്പാടിയിലെ ചാളിവെളിച്ചപ്പാടിന്‍െ മകന്‍ മഹേഷ് (22)ആണ് സൌദിഅറേബ്യയില്‍ താമസസ്ഥലത്ത് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് മഹേഷ് ഗള്‍ഫിലെത്തിയത്. ആദ്യസ്പോണ്‍സര്‍ കൈയൊഴിഞ്ഞതോടെ ചിലര്‍ ഇടപെട്ട് മുന്‍സിപ്പാലിറ്റിയില്‍ തരക്കേടില്ലാത്ത ജോലിവാങ്ങികൊടുത്തു. ഈ ജോലി കൊണ്ട് കുടുംബം പച്ചപിടിച്ചുകൊണ്ടിരിക്കെയാണ് മരണം തട്ടിയെടുത്തത്. ജോര്‍ദ്ദാന്‍ അതിര്‍ത്തിയിലായിരുന്നു ജോലി. ഉറക്കത്തിനിടയിലാണ് മരിച്ചത്. ആദ്യസ്പോണ്‍സര്‍ കൈവിട്ടതിനാലാണ് മൃതദേഹം നാട്ടിലെത്താന്‍ വൈകിയത്. സൌദിയിലെ മലയാളികളുടെ സംഘടനയായ ഹിറാദിന്റെ പ്രവര്‍ത്തകരാണ് മുന്‍കൈയ്യെടുത്ത് എംബസി വഴി രേഖകള്‍ ശരിയാക്കികൊടുത്ത് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്. ഇന്നലെയാണ് മൃതദേഹം കൊണ്ടുവന്നത്. അമ്മ: കാര്‍ത്യയനി.

കടല്‍ഭിത്തിയില്ല; ചിത്താരി നിവാസികള്‍ ഭീതിയില്‍

on

അജാനൂര്‍: കടല്‍ക്ഷോഭത്തെ തടയാന്‍ ഭിത്തിനിര്‍മാണത്തിനുള്ള നടപടി എങ്ങുമെത്തിയില്ല. ചിത്താരി ഉപദ്വീപ് നിവാസികള്‍ ഭീതിയുടെ നിഴലില്‍. കനത്ത കാലവര്‍ഷം മൂലം കടല്‍ക്ഷോഭം ശക്തിപ്പെടുമ്പോള്‍ ഇരുനൂറിലേറെ കുടുംബങ്ങള്‍ ഭീതിയുടെ നിഴലിലാണ് രാപകലുകള്‍ കഴിച്ചുകൂട്ടുന്നത്. ഇവിടെ തീരവും കടലും തമ്മില്‍ 200 മീറ്റര്‍ വരെ അകലമുണ്ടായിരുന്നു. 50 മീറ്ററോളം കടല്‍ കയറി ഇപ്പോള്‍ 150 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. വര്‍ഷംതോറും നിരവധി തെങ്ങുകളാണ് കടലെടുക്കുന്നത്. ഒരുവശത്ത് കടലിന്റെ ആക്രമണവും മറുഭാഗത്ത് ചിത്താരിപ്പുഴയുടെ കവിഞ്ഞൊഴുക്കും ദീപ് നിവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. കടല്‍ഭിത്തി ഉടന്‍ നിര്‍മിച്ച് ദുരന്തഭീതിയില്‍നിന്ന് രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശിഹാബ് തങ്ങള്‍ സമാശ്വസ പദ്ധതി വിതരണം

on Aug 1, 2010

അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ പതിനൊന്നാം ഗഡു ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. ഹമീദ് ഹാജി വിതരണം ചെയ്യുന്നു.

ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുന്നു

on

ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുന്നു കാഞ്ഞങ്ങാട് ചിത്താരിയില്‍ സി.എച്ച്. ഇബ്രാഹിമിന്റെ വീട്ടില്‍ ബേക്കല്‍ പോലീസ് നടത്തിയ പരാക്രമത്തെ കുറിച്ച് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വീട്ടുകാര്‍ പരാതി നല്‍കുന്നു

മുഹിമ്മാത്ത് : അഹ്ദല്‍ ആണ്ട് നേര്‍ച്ചയ്ക്ക് പരിസമാപ്തി

on

ഭീകരതയെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭികരതയും തീവ്രവാദവും വളര്‍ത്താന്‍ കാരണമാകരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. പുത്തിഗെ മുഹിമ്മാത്ത് വാര്‍ഷിക മഹാ സമ്മേളനത്തില്‍ സനദ് ദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങളും തീവ്രവാദവും മത വിരുദ്ധം മാത്രമല്ല മനുഷ്യത്വ രഹിതമാണ്. അതിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതി മതങ്ങളുടെ വേര്‍തിരിവുകളില്ലാതെ എല്ലാവരും ഒത്തു ചേരുകയും നിയമം കയ്യിലെടുക്കാതെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തെ ചൂണ്ടികാണിച്ച് ഒരു സമുദായത്തെ അടക്കി ആക്ഷേപിക്കുകയും അവരുടെ പേരില്‍ തീവ്രതയുടെ മുദ്ര കുത്തുകയും ചെയ്യുന്നത് ഭീകരവാദം വളര്‍ത്താനേ ഉപകരിക്കുകയുള്ളൂവെന്ന് കാന്തപുരം പറഞ്ഞു.

കാസര്‍കോട് : സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര തീവ്രവാദ പ്രവണതകള്‍ക്കെതിരെ ഒറ്റക്കെട്ടായി മുന്നേറാനും അവശതയനുഭവിക്കുന്നവരിലേക്ക് കാരുണ്യം പകരാനും ആഹ്വാനം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ ഒരാഴചയായി നടന്നു വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയ്ക്കും മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിനും പ്രോജ്ജ്വല സമാപ്തി. ദിവസങ്ങളായി തിമിര്‍ത്തു പെയ്തു കൊണ്ടിരുന്ന കര്‍ക്കിട മഴ മാറി നിന്ന ധന്യാന്തരീക്ഷത്തില്‍ നൂറുകണക്കിനു പണ്ഡിതരുടെയും പരശ്ശതം വിശ്വാസികളുടെയും ശുഭ്ര സാഗരം സാക്ഷിയാക്കി ഹിമമി പണ്ഡിതരും ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളും സയ്യിദ് അലി ബാഫഖി തങ്ങളുടെ കരങ്ങളില്‍ നിന്ന് സനദ് ഏറ്റ് വാങ്ങിയതോടെയാണ് ശനിയാഴ്ച രാത്രി വൈകി സമ്മേളനത്തിന് തിരശീല വീണത്.കര്‍മ വിശുദ്ധി കൊണ്ട് സമൂഹത്തിനു മൊത്തം വെളിച്ചം പകര്‍ന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ദീപ്ത സ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ ആ മഹാ മനീഷിയുടെ ജീവിതം മാതൃകയാക്കാന്‍ യുവ സമൂഹത്തോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.രാവിലെ മുതല്‍ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവര്‍ത്തകരുടെ പ്രവാഹം തുടങ്ങിയിരുന്നു. 35 ഏക്കര്‍ വരുന്ന മുഹിമ്മാത്തിന്റെ പ്രവിശാലമായ ക്യാമ്പസ് നിറഞ്ഞ് കവിഞ്ഞ് മുഗു റോഡ് മുതല്‍ കട്ടത്തട്ക്ക വരെ ജനം ഒഴുകുകയായിരുന്നു.വൈകിട്ട് അഞ്ച് മണിക്ക് ആരംഭിച്ച സമാപന സനദ് ദാന മഹാ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി. സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും തുര്‍ക്കളിഗെ ഇമ്പിച്ചി കോയ തങ്ങള്‍ സമാപന പ്രാര്‍ഥനയും നടത്തി. ജനറല്‍ സെക്രട്ടറി ബി.എസ് അബദുല്ല കുഞ്ഞി ഫൈസി സ്വാഗതം ആശംസിച്ചു.സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി, എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ ശഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചുശനിയാഴ്ച രാവിലെ ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ഉച്ചക്ക് പ്രാസ്ഥാനികം വി.പി.എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

വന്യജീവിസങ്കേതങ്ങളെ കണ്‍മുമ്പിലെത്തിച്ച് ഡോ. സന്തോഷിന്റെ ചിത്രപ്രദര്‍ശനം

on

കാഞ്ഞങ്ങാട്: പൈപ്പ്‌വെള്ളം തുമ്പിക്കൈയില്‍ കോരിയെടുത്ത് നാട്ടാന ദാഹം തീര്‍ക്കുമ്പോള്‍ കാട്ടിലെ ആനകള്‍ നദിയിലിറങ്ങി മദിക്കന്നു..... കാട്ടുപോത്തിനെ കൊന്ന് തിന്നുന്ന കടുവയുടെ ക്രൗര്യം... ഏഷ്യയില്‍ ഇനി 2000 എണ്ണം ബാക്കിയുണ്ടെന്ന് പക്ഷിശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയ ഡാര്‍ട്ടര്‍ പക്ഷി.... ദന്തല്‍ സര്‍ജന്‍ ഡോ. പി.സന്തോഷ്‌കുമാറിന്റെ വന്യജീവി ഫോട്ടോ പ്രദര്‍ശനം അപൂര്‍യതകൊണ്ടും ദൃശ്യഭംഗിയാലും ആളുകളെ ആകര്‍ഷിക്കുകയാണ്.കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ശനിയാഴ്ച രാവിലെയാണ് ഫോട്ടോ പ്രദര്‍ശനം തുടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷത്തെ പരിശ്രമത്തിനിടെ ഡോ. സന്തോഷ്‌കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയ ജീവസ്സുറ്റ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ നിരത്തിയിട്ടുള്ളത്. കര്‍ണാടകയിലെ ബന്തിപ്പൂര്‍, നാഗര്‍ഹോളെ, കബനി, മൈസൂര്‍ രംഗനത്തിട്ടു, കേരളത്തിലെ തട്ടേക്കാട്, വയനാടന്‍ കാടുകള്‍, മാടായിപ്പാറ, കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുണ്ട്, കണിച്ചിറ എന്നിവിടങ്ങളില്‍നിന്നുള്ള പക്ഷി-മൃഗാദികളുടെ ഫോട്ടോകളാണ് ഡോക്ടറുടെ ശേഖരത്തിലുള്ളത്.ശ്രീലങ്കയില്‍നിന്ന് തട്ടേക്കാട്ടേക്ക് വരുന്ന ദേശാടനപ്പക്ഷി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം തുടങ്ങിയ അപൂര്‍വ ചിത്രങ്ങളും ശേഖരത്തില്‍ ശ്രദ്ധേയമാണ്. നഗരാധ്യക്ഷന്‍ അഡ്വ. എന്‍.എ.ഖാലിദ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഞായറാഴ്ച വൈകീട്ട് ആറിന് സമാപിക്കും.

ഓട്ടോ ഡ്രൈവര്‍ മാതൃക കാട്ടി.

on

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍നിന്ന് വീണുകിട്ടിയ 4000 രൂപ അടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ ടി.അബ്ദുള്ള മാതൃക കാട്ടി.

ലീഗ് നേതൃത്വം ഐ.എന്‍.എല്ലുമായി ചര്‍ച്ച നടത്തി

on

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിനെപ്പറ്റി ധാരണയാക്കാന്‍ തിങ്കളാഴ്ച യു.ഡി.എഫ് യോഗം നടക്കാനിരിക്കെ മുസ്‌ലിം ലീഗ് നേതൃത്വം ഐ.എന്‍.എല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ചര്‍ച്ച നടന്നത്. മുസ്‌ലിം ലീഗിലെയും ഐ.എന്‍.എല്ലിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. പിണക്കത്തിന് ശേഷം സംസ്ഥാനത്ത് ആദ്യമായിട്ടാണ് മുസ്‌ലിം ലീഗ് ഐ.എന്‍.എല്ലുമായി സംയുക്ത വേദി പങ്കിടുന്നത്. നീണ്ട വര്‍ഷങ്ങളുടെ ഇടത് സമ്പര്‍ക്കം ഒഴിവാക്കി വന്ന ഐ.എന്‍.എല്ലിന് ആ ബന്ധം വിച്ഛേദിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത് സംസ്ഥാന രാഷ്ട്രീയം ഏറെ പ്രാധാന്യത്തോടെയാണ് കാണുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി ലീഗ് കോട്ടകള്‍ ഭേദിച്ച സി.പി.എമ്മിനെ തറപറ്റിക്കാന്‍ ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തി അതേ തന്ത്രം തന്നെയായിരിക്കും ലീഗ് വഴി യു.ഡി.എഫും പയറ്റുക. ഇടത് കോട്ടകള്‍ തകര്‍ത്ത് ഇരട്ടിവിജയം നേടുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ ചെര്‍ക്കള അബ്ദുള്ള, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്നിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. ലീഗും ഐ.എന്‍.എല്ലും തമ്മിലുള്ള ചില കേസുകള്‍ കോടതിയില്‍ പറഞ്ഞ് തീര്‍ക്കുന്നതടക്കമുള്ളവ ചര്‍ച്ച ചെയ്യാനാണ് സംയുക്തയോഗം വിളിച്ചതെന്ന് ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് ആദ്യ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വേദി പങ്കിടാന്‍ വിടാഞ്ഞ സി.പി.എമ്മിനോടുള്ള അടങ്ങാത്ത രോഷം തിരഞ്ഞെടുപ്പില്‍ കാണിക്കുമെന്നാണ് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എ.നെല്ലിക്കുന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി.അഹമ്മദലി എം.എല്‍.എ, എം.സി.ഖമറുദ്ദീന്‍, പി.ബി.അബ്ദുള്‍റസാഖ്, എ.ഹമീദ് ഹാജി, എന്‍.എ.ഖാലിദ്, എ.ജി.സി.ബഷീര്‍, കെ.കെ.അബ്ദുള്ളക്കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ് മുബാറക്ഹാജി, പി.ബി.അഹമ്മദ്, കെ.എം.ഷംസുദ്ദീന്‍ തുടങ്ങിയവരടക്കമുള്ള ഐ.എന്‍.എല്‍ നേതാക്കള്‍ ചര്‍ച്ചക്കെത്തിയിരുന്നു. മധുര പലഹാര വിതരണം ചെയ്താണ് ലീഗ് -ഐ.എന്‍.എല്‍ നേതാക്കള്‍ പിരിഞ്ഞത്.

ശിഹാബ് തങ്ങള്‍ അനുസ്മരണവും പായസ വിതരണവും നടത്തി

on

മാണിക്കോത്ത്: തന്റെ പരിശുദ്ധ ധന്യജീവിതം കൊണ്ട് ഒരു കാലഘട്ടത്തെ തന്നിലേക്ക് ആവാഹിച്ചെടുത്ത് ശാന്തിയും സമാധാനവും സാഹോദര്യവും രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു നെറികേടില്‍ നിന്നും നേരിന്റെ ദിശയിലേക്ക് നയിച്ച മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി മാണിക്കോത്ത് ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ മജ്‌ലിസ് സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പായസവിതരണത്തിന് ഷരീഫ് ഫ്രൂട്ട്, ശിഹാബ് ബദര്‍ നഗര്‍, ശഫീഖ് മാണിക്കോത്ത്, അഫ് സല്‍ മാണിക്കോത്ത്, നൗഫല്‍ പാലക്കി എന്നിവര്‍ നേതൃത്വം നല്‍കി

വ്യാജ പാസ്‌പോര്‍ട്ട്: 3 പേര്‍ക്കെതിരെ കേസ്

on

കാഞ്ഞങ്ങാട്: വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച മൂന്ന് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കൊളവയലിലെ ഖുല്‍സര്‍ ക്വാര്‍ട്ടേഴ്‌സിലെ അഹമ്മദ് പള്ളിപ്പറമ്പിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (37), രാവണീശ്വരം മുക്കോട്ടെ സുലൈമാന്റെ മകന്‍ അബൂബക്കര്‍ (48), പടന്നക്കാട് കരുവളത്തെ മൊഹമ്മദിന്റെ മകന്‍ അബ്ദുല്‍ ജബ്ബാര്‍ (44) എന്നിവര്‍ക്കെതിരെയാണ് കേസ്. പാസ്‌പോര്‍ട്ടില്‍ വ്യാജവിലാസവും, വ്യാജരേഖയും ഉണ്ടാക്കിയെന്നാണ് കേസ്.

ഫാമിലി മ്യൂസിക് റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനം കാഞ്ഞങ്ങാട്ടേക്ക്; പ്രമോദും കുടുംബവും 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കി

on Jul 29, 2010


കാഞ്ഞങ്ങാട്: കൈരളി ടി.വി യുടെ ഫാമിലി മ്യൂസിക് പരിപാടിയില്‍ ഒന്നാം സ്ഥാനം നേടിയ അരയിയിലെ പ്രമോദും കുടുംബവും കാഞ്ഞങ്ങാടിന് അഭിമാനമായി.ഇക്കഴിഞ്ഞ ജൂലൈ 11നാണ് പതിമൂന്നംഗ ടീം ഫൈനല്‍ മത്സരത്തില്‍ 20 ലക്ഷം രൂപയുടെ ഫ്ളാറ്റ് സ്വന്തമാക്കിയത്. യേശുദാസ്, ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനമേളകള്‍ക്ക് പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തബലിസ്റ് പ്രമോദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ കുടുംബാംഗങ്ങളാണ് മലബാറിലേക്ക് ആദ്യമായി റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനം കൊണ്ടുവന്നത്. പ്രമോദിന്റെ മൂന്നര വയസുള്ള മകള്‍ അമയ മുതല്‍ ഏഴുപത്തൊന്നുകാരനും റിട്ട. എ.എസ്.ഐയുമായ അച്ഛന്‍ പുരുഷോത്തമന്‍ ഉള്‍പ്പെടെയുള്ള ഗായകരാണ് എല്ലാരും പാടണ പരിപാടിയില്‍ പങ്കെടുത്ത് വിജയം കൊയ്തത്. സംഘത്തില്‍ പ്രൊഫഷണല്‍ ഗായകരുമുണ്ട്. രഘൂത്തമന്‍, കവിത, ശ്രീഷ എന്നിവര്‍ ഗാനമേള വേദികളില്‍ തിളങ്ങി നിന്നവരാണ്. റിട്ട. എ.എസ്.ഐ പുരുഷോത്തമനെ കൂടാതെ മറ്റൊരു റിട്ട. ഉദ്യോഗസ്ഥനും ഗായക സംഘത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിരമിച്ച ബാലകൃഷ്ണനാണ് മറ്റൊരംഗം. നളിനി, രജിത, വിനയന്‍, അഭിരാജ്, അനുശ്രീ, ശരണ്യ എന്നിവരും സംഘത്തിലെ അംഗങ്ങളാണ്. ഫൈനല്‍ റൌണ്ടിലെന്നപോലെ തങ്ങള്‍ക്ക് മികച്ച മാര്‍ക്കുകള്‍ കിട്ടിയത് തീം റൌണ്ടിലും, ദേശഭക്തി ഗാന ഫെസ്റിവെല്‍ റൌണ്ടിലുമാണെന്ന് സംഘത്തിന് ചുക്കാന്‍ പിടിച്ച പ്രമോദ് പറഞ്ഞു. കതിവന്നൂര്‍ വീരന്‍ തെയ്യത്തെയാണ് തീം റൌണ്ടില്‍ അവതരിപ്പിച്ചത്. നൂറില്‍ 92 മാര്‍ക്ക് ലഭിച്ചു. ദേശഭക്തി ഗാനം റൌണ്ടിന് ലഭിച്ചത് 99 മാര്‍ക്കും ഫെസ്റിവല്‍ റൌണ്ടില്‍ 96 മാര്‍ക്കുമാണ് ലഭിച്ചത്.ഫൈനല്‍ മത്സരത്തിലെ മൂന്ന് റൌണ്ടുകളും നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സോളോ പിന്നണി ഗോയകര്‍ക്കൊപ്പം ഡ്യൂയിറ്റ്, ഗ്രൂപ്പ് സോങ്ങ് റൌണ്ടുകളാണുണ്ടായത്. പ്രൊഫഷണല്‍ ഗായകരായ രഘൂത്തമനും കവിതയുമാണ് ഫൈനലില്‍ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച് ഫ്ളാറ്റ് സ്വന്തമാക്കാന്‍ സഹായിച്ചതെന്ന് കുടുംബാംഗങ്ങള്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു.കൈരളി ടി.വി യുടെ പരിപാടിയില്‍ നിന്നും ലഭിച്ച അനുഭവം തങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും കുടംബത്തിന്റെ നേതൃത്വത്തില്‍ ഗാനമേള ട്രൂപ്പ് ഉണ്ടാക്കാനാണ് അടുത്ത ശ്രമമെന്നും പ്രമോദ് പറഞ്ഞു. സംഗീത സംവിധായകന്‍ രാജാമണി നടന്‍ മാള അരവിന്ദന്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com