കാസര്‍കോട്ടെ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു.

on Jun 10, 2010

കാസര്‍കോട്‌: ബദിയഡുക്ക സ്വദേശിയായ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. പുസ്‌തകം ഇതിനകം തന്നെ ലോകസാഹിത്യരംഗത്ത്‌ ചര്‍ച്ചാ വിഷയമായി മാറിയിരിക്കയാണ്‌. ബദിയഡുക്ക പള്ളത്തടുക്കയിലെ ശങ്കരനാരായണന്‍- ശ്യാമള ദമ്പതികളുടെ മകനും മൈസൂര്‍ മഹാരാജാ കോളജിലെ ബി.എ ജിയോളജി വിദ്യാര്‍ഥിയുമായ അരുണ്‍കുമാറിന്റെ 'Life- A Whirlwind' എന്ന പുസ്‌തകമാണ്‌ ആഗോളതലത്തില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്‌.
അമേരിക്കന്‍-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മൂന്നു കുട്ടികളെ കുറിച്ചുള്ളതാണ്‌ നോവലിന്റെ ഇതിവൃത്തം. മാനുഷ്യ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളെയും കൂട്ടിയിണക്കി കൊണ്ടാണ്‌ നോവലിന്റെ കഥാതന്തു മുന്നോട്ടു പോകുന്നത്‌. വിന്റര്‍ ബ്ലൂം (Winter Bloom) എന്ന കമ്പനിയാണ്‌ നോവലിന്റെ പ്രസാധകര്‍. ഇന്ത്യക്കാരനായ ദമ്പതികള്‍ മദ്യത്തിന്നടിമപ്പെട്ട്‌ മരിക്കുകയും ഇവരുടെ മൂന്നു കുട്ടികളെ ദത്തെടുക്കപ്പെടുകയും ചെയ്യുന്നതാണ്‌ നോവലിന്റെ പ്രധാന ആകര്‍ഷണം. പാട്രിയറ്റ്‌, നയന, കൃഷ്‌ണന്‍ എന്നിവരാണ്‌ കഥാപാത്രങ്ങള്‍. പാട്രിയേറ്റിനെ അമേരിക്കയിലെ ഒരാള്‍ ദത്തെടുക്കുകയും കൃഷ്‌ണനെ നാട്ടിലെ ഒരാളും നയനയെ ബാംഗ്ലൂരിലെ മറ്റൊരാളുമാണ്‌ ദത്തെടുക്കുന്നത്‌. 25 വര്‍ഷത്തിനു ശേഷം യൂറോപ്പിലെ ഒരാള്‍ പാട്രിയേറ്റിനെ കണ്ടു മുട്ടുകയും തനിക്ക്‌ ഇന്ത്യക്കാരന്റെ ഛായയുണ്ടെന്ന്‌ പറയുകയും ചെയ്‌തതോടെ പാട്രിയേറ്റ്‌ തന്റെ ഭൂതകാലം അന്വേഷിക്കുവാനായി ഇന്ത്യയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ഡെറാഡൂണില്‍ വച്ച്‌ കൃഷ്‌ണന്‍ എന്ന ടൂറിസ്റ്റു ഗൈഡിനെ കണ്ടുമുട്ടുകയും അനുജനാണെന്ന്‌ അറിയാതെ തന്റെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ഇരുവരും ബാംഗ്ലൂരിലെത്തിയപ്പോള്‍ പത്രപ്രവര്‍ത്തകയായ നയനയെ കണ്ടു മുട്ടുകയും ചെയ്‌തു. പിന്നീട്‌ ഡല്‍ഹിയിലെത്തിയ പാട്രിയേറ്റ്‌ ജനിതക ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ സഹോദരങ്ങള്‍ നയനയും കൃഷ്‌ണനുമാണെന്ന്‌ മനസ്സിലാക്കുന്നു. ഇരുവരും സന്തോഷത്തോടെ കഴിയുന്നതെന്ന്‌ ബോധ്യപ്പെട്ട പാട്രിയേറ്റ്‌ തിരിച്ചു അമേരിക്കയിലേക്ക്‌ തിരിക്കുന്നതോടെ നോവലിന്‌ പരിസമാപ്‌തിയാവുന്നു.
ബദിയഡുക്ക നവജീവന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അരുണ്‍കുമാര്‍ ആദ്യമായി കഥകളെഴുതാന്‍ തുടങ്ങിയത്‌. യുവജനോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ്‌ കഥാരചനയില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇരുപതോളം കഥകളെഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം തന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കയാണ്‌ ഈ വിദ്യാര്‍ഥി. എട്ടു കഥകള്‍ പുസ്‌തകരൂപത്തില്‍ ഇറക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തി വരുന്നതായി അരുണ്‍ കുമാര്‍ പറഞ്ഞു. ജ്യോഷ്‌ഠന്‍ ഡോ. ഹരികുമാര്‍ സഹോദരനും പ്ലസ്‌ ടു വിദ്യാര്‍ഥി ലക്ഷ്‌മി കിരണ്‍ സഹോദരിയുമാണ്‌.

ഫാഷന്‍ ഗോള്‍ഡ് ഷെയര്‍ മെട്രോ ജലീലിനു ആദ്യ സെര്‍തിഫിക്കറ്റ് വിതരണം ചെയ്തു.

on

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് മഹല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫാഷന്‍ ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജിയുടെ മകന്‍ സി.എം അബ്ദുല്‍ ജലീലിനു ഗ്രൂപ്പ് ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ ആദ്യ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ റാഫി എളംമ്പാറ സ്വാഗതവും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ നന്ദിയും പറഞ്ഞു.

മാണിക്കോത്ത്‌ മഡിയനിലെ പാലക്കി അബ്‌ദുല്ല നിര്യാതനായി

on

കാഞ്ഞങ്ങാട്‌: മാണിക്കോത്ത്‌ മഡിയനിലെ പാലക്കി അബ്‌ദുല്ല (57) നിര്യാതനായി. ഭാര്യ റുഖിയ. മക്കള്‍: മുഹമ്മദ്‌കുഞ്ഞി (ദുബൈ ), ഹാരിസ്‌ (ഷാര്‍ജ), ഇബ്രാഹിം, ഇഖ്‌ബാല്‍, അബ്‌ദുസ്സലാം, ഫൗസിയ, സുഹ്‌റ. മരുമക്കള്‍: ബഷീര്‍, ഖാലിദ്‌ (ഇരുവരും ഗള്‍ഫ്‌), സഹോദരങ്ങള്‍: മുഹമ്മദ്‌ (അബൂദാബി) പരേതനായ അബ്‌ദുല്‍ റഹ്‌മാന്‍.
മയ്യിത്ത് മാണിക്കോത്ത് ജുമാ മസ്ജിദില്‍ മറവു ചെയ്യും .

കാഞ്ഞങ്ങാട്ട് പ്രശ്‌നങ്ങള്‍ അറിയാന്‍ റെയില്‍വേ ഡിവിഷന്‍ മാനേജരെത്തി

on Jun 9, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സന്ദര്‍ശിച്ചു. നഗരസഭാ ചെയര്‍മാന്‍ റെയില്‍വേ സ്റ്റേഷനിലെ പ്രശ്‌നങ്ങള്‍ മാനേജര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.കെ. റെയ്‌ന കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയത്. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദിന്റെ ആവശ്യം പരിശോധിച്ച് പരിഗണിക്കുമെന്ന് മാനേജര്‍ പറഞ്ഞു.ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്ലാത്തത് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ ദുരവസ്ഥയാണെന്നും പൂട്ടിയിട്ട ഈ കൗണ്ടര്‍ ഉടന്‍ തുറക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കൗണ്ടര്‍ അടച്ചിട്ടത് സംബന്ധിച്ച് പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.ആര്‍.എം. പറഞ്ഞു.റിസര്‍വേഷന്‍ കോംപ്ലക്‌സ് വി.ഐ.പി. ലോഞ്ച്, വിശ്രമമുറി, ഭോജന ശാലകള്‍ എന്നീ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇവിടെ നിര്‍ത്താത്ത ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ബേക്കല്‍ സ്റ്റേഷനിലും ഡി.ആര്‍.എം. സന്ദര്‍ശനം നടത്തി.

കാഞ്ഞങ്ങാട്: ‍കള്ളാറില്‍ രാജവെമ്പാലയെ പിടികൂടി

on

കാഞ്ഞങ്ങാട്:കള്ളാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒക്ലാവില്‍ രാജവെമ്പാലയെ കണ്ടെത്തി. ഇവിടുത്തെ കര്‍ഷകനായ ബാലചന്ദ്രന്റെ വീട്ടുവളപ്പിലെ മുരിക്കിന്‍ കൊമ്പിലാണ് പാമ്പിനെ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ ബാലചന്ദ്രന്റെ ഭാര്യ ശാലിനിയാണ് മരത്തില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന രാജവെമ്പാലയെ കണ്ടത്. ആറ് മീറ്റര്‍ നീളമുണ്ട്. വിവരമറിഞ്ഞ് രാജപുരം പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതിനിടെ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പിലെ ഡ്രൈവര്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി സുനില്‍ സുരേന്ദ്രനാണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയ രാജവെമ്പാലയെ പിന്നീട് മരുതോംകാട്ടില്‍ വിട്ടു.

അര്‍ബുദരോഗം കണ്ടെത്താന്‍ ഇനി എളുപ്പം

on Jun 8, 2010

ലണ്ടന്‍: അര്‍ബുദം ട്യൂമറായി രൂപാന്തരപ്പെടും മുന്‍പ് ഇനി രോഗനിര്‍ണ്ണയം നടത്താം. ഇതിനുള്ള നൂതന സാങ്കേതിക വിദ്യ ലണ്ടനിലെ ഒരു സംഘം ശാസ്ത്രഞ്്ജര്‍ കണ്ടെത്തി.ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തില്‍ സമൂല പരിവര്‍ത്തനം വരുത്തുന്ന, വളരെ സാധാരണമായ രക്തപരിേശാധന വഴി അറിയാന്‍ കഴിയും എന്നാണ് ശാസ്ത്ര്ഞ്ജര്‍ പറയുന്നത്. അടുത്ത വര്‍ഷം മുതല്‍ ഈ വിദ്യ നടപ്പാക്കും. പുതിയ കണ്ടെത്തല്‍ അനുസരിച്ച് ഒരു ട്യൂമര്‍ രൂപപ്പെടുന്നതിന് അഞ്ച് വര്‍ഷം മുന്‍പ് തന്നെ കണ്ടെത്താനാവും. അതുകൊണ്ടു തന്നെ നേരത്തെ രോഗം ചികിത്സിക്കാന്‍ കഴിയുമെന്നാണ് ഗേവഷകര്‍ പറയുന്നത്. നോട്ടിംങ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ശരീരത്തിലെ പ്രതിരോധ ശക്തിയോട് എങ്ങെനയാണ് ക്യാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ പ്രതികരിക്കുന്നത് എന്നാണ് ഗവേഷണം നടത്തിയത്.

അമ്പലത്തറയില്‍ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു

on

അമ്പലത്തറയില്‍ സി.പി.എം-ബി.ജെ.പി സംഘഷം; ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴികുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു
കാഞ്ഞങ്ങാട്‌: അമ്പലത്തറ പേരൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകയുടെ കോഴി ഫാം തകര്‍ത്ത്‌ 500 ഓളം കോഴി കുഞ്ഞുങ്ങളെ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നു. ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ്‌ സംഭവം പേരൂര്‍ ഗുളികന്‍ ഭണ്ഡാരത്തിന്‌ സമീപത്തെ ബി.ജെ.പി പ്രവര്‍ത്തകയായ കെ.ബി. മാധവിയുടെ കോഴി ഫാമാണ്‌ സി.പി.എം പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്നവര്‍ തകര്‍ത്ത്‌ കോഴികുഞ്ഞുങ്ങളെ പ്ലാസ്‌റ്റിക്ക്‌ വാട്ടര്‍ ടാങ്കിലിട്ട്‌ മുക്കി കൊന്നത്‌. ചൊവ്വാഴ്‌ച്ച രാവിലെ കോഴികള്‍ക്ക്‌ തീറ്റകൊടുക്കാനെത്തിയ മാധവിയാണ്‌ കോഴി ഫാമിന്റെ വാതില്‍ തുറന്നു കടക്കുന്നതായി കണ്ടതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോള്‍ വാട്ടര്‍ ടാങ്കിനടുത്തേക്ക്‌ വാട്ടര്‍ പൈപ്പ്‌ നിക്ഷേപിച്ച നിലയിലായിരുന്നു. അകത്ത്‌ തുറന്നു നോക്കിയപ്പോഴാണ്‌ 500 ഓളം കോഴി കുഞ്ഞുങ്ങളെ മുക്കി കൊന്ന നിലയില്‍ കാണപ്പെട്ടത്‌. നേരത്തെ സി.പി.എം പ്രവര്‍ത്തകയായിരുന്ന മാധവി അടുത്തകാലത്താണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. മാധവിയുടെ ഭര്‍ത്താവ്‌ ഭാസ്‌ക്കരന്റെ ആദ്യ ഭാര്യയിലെ ബന്ധുക്കളാണ്‌ കോഴി ഫാം തകര്‍ത്ത്‌ കോഴി കുഞ്ഞുങ്ങളെ കൊന്നതെന്ന്‌ മാധവി അമ്പലത്തറ പോലീസില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരായ ഇവര്‍ മാധവിക്ക്‌ നേരെ ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. അമ്പലത്തറ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. പ്രതികള്‍ എന്ന്‌ ആരോപിക്കപ്പെടുന്നവര്‍ ഒളിവിലാണെന്ന്‌ പോലീസ്‌ അറിയിച്ചു

ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി

on Jun 7, 2010

കാഞ്ഞങ്ങാട്: ഒരുവര്‍ഷമായി പൂട്ടിക്കിടക്കുന്ന കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദിന് കാഞ്ഞങ്ങാട് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം നിവേദനംനല്‍കി.
നാല് ജീവനക്കാരുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്ന ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൂട്ടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മന്ത്രിയെക്കണ്ട് ധരിപ്പിച്ചു. സെന്ററിനകത്ത് ഉപയോഗിക്കാതെ കിടക്കുന്ന 2204444 ഫോണ്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ നടപടിവേണമെന്ന ആവശ്യവും ഉന്നയിച്ചു.

ഇ.കെ.കെ പടന്നക്കാട് ഐ.എന്‍.എല്‍ വിടുന്നു നാളത്തൊടെ കൂടുതല്‍ പേര്‍ INL വിടും

on Jun 6, 2010

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറും ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.കെ.കെ പടന്നക്കാട് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു. ഐഎന്‍എല്‍ യു.ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. യു.ഡി.എഫിന് പിന്തുണ നല്‍കുന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് ഇ.കെ.കെ പടന്നക്കാട് പറഞ്ഞു. സി.പി.എം പിന്തുണയോടെയാണ് ഈ യുവനേതാവ് നഗരസഭാ കൗണ്‍സിലറായത്. കൗണ്‍സിലില്‍ ഐ.എന്‍.എല്ലിന് ആകെ രണ്ട് അംഗങ്ങളാണുള്ളത്. കാഞ്ഞങ്ങാട് നഗരസഭയില്‍ കൂളിയങ്കാല്‍, പടന്നക്കാട്, കരുവളം, കല്ലൂരാവി ഭാഗങ്ങളിലാണ് നാഷണല്‍ ലീഗിന് നേരിയ സ്വാധീനമുള്ളത്. പ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗത്തിനും മുസ്ലീം ലീഗിനോടൊപ്പം ചേരുന്നതില്‍ യോജിപ്പില്ല. ഇവരുടെ യോഗം താമസിയാതെ വിളിച്ചുചേര്‍ക്കുമെന്ന് ഇ.കെ.കെ പടന്നക്കാട് . നാളത്തൊടെ കൂടുതല്‍ പേര്‍ INL വിടും
അറിയിച്ചു

മതസൗഹാര്‍ദ്ദ സ്‌മാരകമായി കോട്ടപ്പള്ളി മഖാം

on Jun 5, 2010



മതസൗഹാര്‍ദ്ദത്തിന്റെയും പരസ്‌പ്പര സ്‌നേഹത്തിന്റെയും സ്‌മാരകമായി കോട്ടപ്പള്ളി മഖാം. ജീവിതപ്രയാസങ്ങള്‍ അകറ്റാനും രോഗശമനത്തിനും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടെ തീര്‍ത്ഥാടകരെത്തുന്നു. ചെറുവത്തൂര്‍ മടക്കര ഫിഷ്‌ലാന്റിംഗിനു സമീപമാണ്‌ ഈ വിശ്വാസകേന്ദ്രം. പടിഞ്ഞാറു ഭാഗം മടക്കര അഴിമുഖവും, കിഴക്ക്‌ തേജസ്വിനി പുഴയുടെ സൗന്ദര്യവും കാണാനാകുന്ന ഈ കുന്ന്‌ സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തിലാണ്‌. സിമന്റ്‌ തേച്ച കല്‍പ്പടവുകള്‍ ചവുട്ടി കുന്നിന്‍ മുകളിലെത്തിയാല്‍ വിശാലമായ സ്ഥലത്താണ്‌ അപൂര്‍വ്വ സിദ്ധികാണിച്ച ദിവ്യന്റെ ഖബറിടം. ഇതിന്റെ തൊട്ടടുത്തായി ദിവ്യന്റെ സഹായിയുടെയും ഖബറിടമുണ്ട്. മരുന്നും മന്ത്രങ്ങളും അറിയാവുന്ന ദിവ്യന്റെ അടുത്ത്‌ പഴയകാലത്ത്‌ ജാതി മത ഭേദമന്യേ വിശ്വാസികളെത്തിയിരുന്നു.
ഏവരുടെയും പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കിയ ദിവ്യനെ ദൈവതുല്യനായിട്ടാണത്രെ അമുസ്ലിംകള്‍ കരുതിയിരുന്നത്‌. ഉദ്ദിഷ്ടകാര്യഫലസിദ്ധി ലഭിക്കാന്‍ മഖാമിലേക്ക്‌ വരുന്നവര്‍ പണവും മറ്റുദ്രവ്യങ്ങളും നല്‍കി സ്വലാത്ത്‌ നടത്തുന്നു. കാണാനെത്തിയവര്‍ക്കെല്ലാം ദിവ്യന്‍ പലതരം അത്ഭുതസിദ്ധികള്‍ കാണിച്ചുകൊടുത്തുവെന്നാണ്‌ വിശ്വാസം. ദിവ്യനെ അടക്കിയ ശവകുടീരത്തിനു മുകളില്‍ ഓലഷെഡ്‌ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്‌. നേരത്തെ കോണ്‍ഗ്രീറ്റ്‌കൊണ്ടുള്ള ഷെഡാണ്‌ നിര്‍മ്മിച്ചിരുന്നത്‌. ഇതില്‍ വിള്ളല്‍വീണ്‌ തകര്‍ന്നതുകാരണമാണ്‌ ഓലമേഞ്ഞത്‌. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്‌. ഷെഡ്ഡിനകത്ത്‌ കയറി പ്രാര്‍ത്ഥിക്കുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ വിലക്കുണ്ട്‌. പുറത്തുള്ള ജാലകപഴുതിലൂടെ ശവകുടീരത്തിലേക്ക്‌ നോക്കിയാണ്‌ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്നത്‌. മക്കയില്‍ നിന്ന്‌ മതപ്രചരണത്തിന്‌ വന്ന വലിയിയുടെയും ഹമീദിന്റെയും ഖബറുകളാണിതെന്ന്‌ വിശ്വസിക്കുന്നു. എണ്ണവിളക്കുകള്‍ ഇവിടെ തെളിയിക്കുന്നു. ഹിന്ദുദേവാലയങ്ങളിലുള്ളത് പോലുള്ള മധുരച്ചോറാണ്‌ മഖാമിലെ നിവേദ്യം. കാടങ്കോട്‌, തുരുത്തി ഭാഗങ്ങളില്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം ഷെയ്‌ഖ്‌മാര്‍ കൂട്ടത്തോടെ അധിനിവേശം നടത്തിയതായി ചരിത്രരേഖകളില്‍ പറയുന്നു.
കോട്ടപ്പള്ളി ചേക്കന്‍(ഷെയ്‌ഖ്‌) എന്ന പേരിന്റെ ഉത്ഭവം ഇതായിരിക്കാം. കാടങ്കോട്‌, മടക്കര, തുരുത്തി, അച്ചാംതുരുത്തി, ഓരി പ്രദേശത്തുകാരുടെ മതസൗഹാര്‍ദ്ദ സ്‌മാരകമാണ്‌ ഈ മഖാം. കാടങ്കോട്‌ നെല്ലിക്കാവ്‌ ഭഗവതിക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്കു മുന്നോടിയായി ഇവിടേക്ക്‌ നേര്‍ച്ച നല്‍കുന്ന പതിവ്‌ ഇപ്പോഴും തുടരുന്നു. മടക്കരയിലെ മത്സ്യബന്ധനബോട്ടുകള്‍ കടലിറക്കുന്നതിന്‌ മുമ്പ്‌ മഖാമില്‍ നിന്നു പൂജിച്ചുകൊണ്ടുവരുന്ന കൊടികെട്ടുന്ന പതിവുണ്ട്‌. കടലമ്മ കനിയാനും ചാകര ലഭിക്കാനും മഖാമില്‍ പ്രാര്‍ത്ഥിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സ്വലാത്ത്‌ ഇവിടുത്തെ പ്രധാന ആഘോഷം. ഉത്സവകാലത്ത്‌ മംഗലാപുരം, ഉഡുപ്പി, കുമ്പള, കാസര്‍കോട്‌ എന്നിവിടങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്‌. കോട്ടപ്പള്ളിയുടെ ചുമതലയിലാണ്‌ മഖാമിന്റെ പ്രവര്‍ത്തനം.



തയ്യാര്‍ ചെയ്തത് : ചന്ദ്രന്‍ മുട്ടത്ത് , ഫോട്ടോ ഷാഫി ചിത്താരി



ലീഗ് കേന്ദ്രങ്ങളില്‍ മഞ്ഞുരുകുന്നു; അണികള്‍ ആഹ്ളാദത്തില്‍

on

കാസര്‍കോഡ്: ഐ.എന്‍.എല്‍ എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെയും മാതൃസംഘടനായ മുസ്ലിംലീഗിന്റെയും കേന്ദ്രങ്ങളില്‍ ആഹ്ളാദം. ഇരു ലീഗുകളും തമ്മില്‍ ശക്തമായ മല്‍സരം നടന്നിരുന്ന ജില്ലയിലെ പല പഞ്ചായത്തുകളിലും ഇത്തവണ വിജയം എളുപ്പമായിരിക്കുമെന്നാണ് രണ്ടു കൂട്ടരുടെയും പ്രതീക്ഷ.
ലീഗും ഐ.എന്‍.എല്ലും തമ്മില്‍ തിരഞ്ഞെടുപ്പിനിടയില്‍ സംഘട്ടനമുണ്ടാകുന്നത് ഒഴിവാക്കാനും ഒരു മുന്നണിയില്‍ പ്രവര്‍ത്തിച്ചാല്‍ സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട പല വാര്‍ഡുകളും ഇപ്രാവശ്യം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ്-ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ജില്ലയില്‍ നാഷനല്‍ ലീഗിന് ശക്തമായ അടിത്തറയുള്ള ഉദുമ മണ്ഡലത്തില്‍ അപ്രതീക്ഷിത വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവത്തിനെതിരേ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടി ഇടതുബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എല്‍.ഡി.എഫ് ബന്ധം വിച്ഛേദിച്ച് യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം മുസ്്ലിംലീഗ് സ്വാഗതം ചെയ്തിട്ടുണ്ട്. ധീരവും ബുദ്ധിപരവുമായ തീരുമാനമാണ് ഐ.എന്‍.എല്‍ കൈക്കൊണ്ടതെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഐ.എന്‍.എല്‍ യു.ഡി.എഫിനൊപ്പംനിന്നാല്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും തങ്ങള്‍ മാനസികമായി യോജിച്ചുകഴിഞ്ഞുവന്നും ചെര്‍ക്കളം പറഞ്ഞു.
ഇടതുബന്ധം ഉപേക്ഷിക്കാനുള്ള ഐ.എന്‍.എല്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് നിയമസഭ പാര്‍ട്ടി ലീഡര്‍ സി ടി അഹമ്മദലി പറഞ്ഞു.
അതിനിടെ, കാസര്‍കോഡ് ജില്ലാ പഞ്ചായത്തിലും ബ്ളോക്ക് പഞ്ചായത്തിലും ചില പഞ്ചായത്തുകളിലും ഐ.എന്‍.എല്‍ പിന്തുണയോടെ സി.പി.എം നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ അവിശ്വാസപ്രമേയത്തിന് യു.ഡി.എഫ് തയ്യാറെടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ അടുത്തയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണറിയുന്നത്. യു.ഡി.എഫിന് നിലവില്‍ എട്ടംഗങ്ങളുണ്ട്. ഐ.എന്‍.എല്‍ അംഗം യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതോടെ സി.പി.എം നിയന്ത്രണത്തിലുള്ള ഭരണം അട്ടിമറിയും.

പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യുക: തങ്ങള്‍

on

കോഴിക്കോട്: യാതൊരു ധാര്‍മികതയുമില്ലാതെ പ്രകൃതിക്കു നേരെ മനുഷ്യന്‍ നടത്തുന്ന കടന്നാക്രമണവും ചൂഷണവുമാണ് ഇന്ന് മനുഷ്യനനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നും ഇത്തരം ചൂഷണങ്ങള്‍ക്കെതിരായ പ്രതിജ്ഞയാണ് പാരിസ്ഥിതിക ദിനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആവശ്യമായതെല്ലാം പ്രകൃതി കനിഞ്ഞരുളിയിട്ടും മനുഷ്യന്റെ ഉപഭോഗ ഭ്രമം അവനെ ദയാരഹിതമായ പ്രകൃതി ചൂഷണത്തിന് പ്രേരിപ്പിക്കുകയാണ്. പരിസ്ഥിതി എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും ഉപയോഗിക്കാനുമുള്ളതാണ്. മനുഷ്യനെ പോലെ ഇവിടെ ജീവിക്കാന്‍ എല്ലാ ജീവികള്‍ക്കും അവകാശമുണ്ട്. പക്ഷേ മനുഷ്യന്‍ അതിനെ അമിതമായി ചൂഷണം ചെയ്യുന്നതുമൂലം പല ജീവികള്‍ക്കും വംശനാശം നേരിട്ടിട്ടും ഭാവി തലമുറയെ കുറിച്ചോ, പ്രപഞ്ചത്തിലെ ആവാസ വ്യവസ്ഥ നശിക്കുന്നതിനെ കുറിച്ചോ മനുഷ്യന്‍ ബോധവാനാകുന്നില്ല. ഇതു വന്‍ വിപത്തിലേക്കാണ് അവനെ കൊണ്ടെത്തിക്കുക. മരങ്ങള്‍ വെച്ച് പിടിപ്പിച്ചും പരിപാലിച്ചും മനുഷ്യന്‍ അവന്റെ സാമൂഹിക കടമ നിറവേറ്റണം. 'ഹരിതം മനോഹരം' എന്നതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണമെന്നും തങ്ങള്‍ പറഞ്ഞു.

യു.ഡി.എഫുമായി അടുക്കാനുള്ള ഐ.എന്‍.എല്ലിന്റെ തീരുമാനത്തില്‍ ഐ.എം.സി.സിക്ക് എതിര്‍പ്പ്

on

കുവൈത്ത് സിറ്റി: എല്‍.ഡി.എഫ് ബന്ധം വിഛേദിച്ച് യു.ഡി.എഫുമായി അടുക്കാനുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ (ഐ.എന്‍.എല്‍) നീക്കത്തിനെതിരെ പാര്‍ട്ടിയുടെ പോഷക സംഘടനയായ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.എം.സി.സി) കുവൈത്ത് ഘടകത്തിലെ ഒരു വിഭാഗം രംഗത്ത്. യു.ഡി.എഫുമായി ചേരുകയാണെങ്കില്‍ ഐ.എം.സി.സി കുവൈത്ത് ഘടകം ഐ.എന്‍.എല്ലുമായുള്ള ബന്ധം വിഛേദിക്കാനാണ് തീരുമാനം. മുന്‍പ്രസിഡന്റ് സത്താര്‍ കുന്നിലിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് യു.ഡി.എഫ് ബന്ധത്തെ എതിര്‍ക്കുന്നത്. യു.ഡി.എഫുമായി ചേരുകയാണെങ്കില്‍ മഹ്ബൂബെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപവത്കരിച്ച് പാര്‍ട്ടിയില്‍ വേറിട്ട് നില്‍ക്കാനാണ് തീരുമാനമെന്ന് സത്താര്‍ കുന്നില്‍ പറഞ്ഞു. നിലവിലെ കമ്മിറ്റിയിലെ പ്രധാന ഭാരവാഹികള്‍ ഉള്‍പ്പെടെ തങ്ങള്‍ക്കൊപ്പമാണെന്നും സത്താര്‍ അവകാശപ്പെട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന ഐ.എന്‍.എല്ലിന് മുന്നണി പ്രവേശം പോലും അനുവദിക്കാത്ത എല്‍.ഡി.എഫിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെങ്കിലും അതിന്റെ പേരില്‍ മാത്രം യു.ഡി.എഫില്‍ ചേരുന്നത് പാര്‍ട്ടിയുടെ ആശയത്തെ ബലികഴിക്കലാണെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.

ലോക പരിസ്ഥിതി ദിനാചരണം : `നാളേയ്‌ക്കൊരു തണല്‍':

on Jun 4, 2010

`നാളേയ്‌ക്കൊരു തണല്‍': എസ്‌ എസ്‌ എഫ്‌ രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
കാസര്‍കോട്‌: വര്‍ധിച്ചുവരുന്ന പരിസ്ഥിതിപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിനും ആഗോള താപനത്തിന്റെ ദുരിതത്തില്‍ നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമാക്കി എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി `നാളേയ്‌ക്കൊരു തണല്‍' പദ്ധതി നടപ്പിലാക്കുന്നത്‌. സംസ്ഥാന വനംവകുപ്പിന്റെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനമായ ശനിയാഴ്‌ച രണ്ടുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്‌ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനം. 2010 അന്താരാഷ്‌ട്ര ജൈവവൈവിധ്യ വര്‍ഷമായി ആചരിക്കുന്ന സവിശേഷ സാഹചര്യം കൂടി പരിഗണിച്ച്‌ പരിസ്ഥിതി ബോധവത്‌കരണം, പ്ലാസ്റ്റിക്‌ നിര്‍മാര്‍ജനം, ജൈവവൈവിധ്യസംരക്ഷണം തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ചിത്താരി ഉള്‍പ്പെടെ ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ നാളെ രാവിലെ 10ന് നടക്കുന്ന പ്രത്യേക ചടങ്ങിന്റെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്

D.Y.F.I ജില്ലയില്‍ അരലക്ഷം തൈ നടും 'ഭൂമിക്കായി ഒരാള്‍ ഒരു മരം' .

കാസര്‍കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമിയെ സംരക്ഷിക്കാന്‍ ശനിയാഴ്ച ജില്ല ഒറ്റക്കെട്ടായി രംഗത്തിറങ്ങും. പ്രകൃതിയുടെ ജീവവായുവായ മരം നട്ട് പിടിപ്പിക്കാനുള്ള പദ്ധതിക്കാണ് വിവിധ സംഘടനകള്‍ രൂപം നല്‍കിയത്. സ്കൂളുകളും ഓഫീസുകളും പൊതുസ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ക്ളബ്ബുകളും ഈ സംരംഭത്തില്‍ പങ്കാളികളാകും. ലക്ഷക്കണക്കിന് മരം ഒറ്റദിവസംകൊണ്ട് നടാനുള്ള ഒരുക്കത്തിലാണ് സംഘടനകള്‍. ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 50,000 വൃക്ഷത്തൈകള്‍ നടും. ബ്ളോക്ക് തലങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. 'ഭൂമിക്കായി ഒരാള്‍ ഒരു മരം' എന്ന മുദ്രവാക്യവുമായാണ് ഡിവൈഎഫ്ഐ ഹരിതകേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

കാഞ്ഞങ്ങാട്ടുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ - ഹജ്ജ് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ സൗകര്യം

on

കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ക്കുള്ള അപേക്ഷാഫോറം തപ്പാല്‍ വഴി 10നകം ലഭിക്കും. കാഞ്ഞങ്ങാട്ടുള്ള കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം ജില്ലാ കമ്മിറ്റി ഓഫീസില്‍ അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.
വര്‍ഷങ്ങളായി ഹജ്ജ് സേവനം നടത്തുന്ന നേത്രത്വം നല്‍കുന്നത് അഷ്‌റഫ്‌ ഹസ്സന്‍ ഹാജിയും മുജീബ് ഉം ആകുന്നു.

സൈക്കിള്‍ ചവിട്ടി മൊബൈല്‍ ചാര്‍ജ് ചെയ്യാം

on

സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിന് നന്നെന്ന് ഡോക്ടര്‍മാര്‍ പറയും. നല്ല വ്യായാമമാണത്. ഇനി മുതല്‍ വ്യായാമം മാത്രമല്ല, മൊബൈല്‍ ചാര്‍ജിങും സൈക്കിള്‍ ചവിട്ടുക വഴി സാധ്യമാകും. കറണ്ടില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ടെന്ന് സാരം.
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയ ആണ് സൈക്കിളില്‍ ഉപയോഗിക്കുന്നതരം ഡൈനാമോ ഉപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള കിറ്റ് പുറത്തിറക്കിയത്. വൈദ്യുതി ലഭ്യതയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ വിപണി പിടിക്കുക എന്നതാണ് നോക്കിയയുടെ ഈ പുതുപരീക്ഷണത്തിന്റെ ലക്ഷ്യം.
സൈക്കിള്‍ ചവിട്ടലിന്റെ വ്യായാമഗുണം മനസ്സിലാക്കി സൈക്ലിങ് പതിവാക്കുന്നവരും കൂടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നോക്കിയയുടെ പരീക്ഷണം മൊബൈല്‍ വിപണിയില്‍ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.
കെനിയയിലാണ് നോക്കിയ ആദ്യമായി ഇത്തരം കിറ്റ് പുറത്തിറക്കിയിരിക്കുന്നത്. സൈക്കിളില്‍ ഉപയോഗിക്കുന്ന ബോട്ടില്‍ഡൈനാമോ ആണ് ചാര്‍ജര്‍ കിറ്റിലും ഉപയോഗിച്ചിരിക്കുന്നത്. സൈക്കിള്‍ ടയര്‍ കറങ്ങുന്നതനുസരിച്ച് ഡൈനാമോയിലെ കോയില്‍ കറങ്ങുമ്പോഴാണ് കറന്റ് ഉത്പാദിപ്പിക്കപ്പെടുന്നത്.
മണിക്കൂറില്‍ ആറ് കിലോമീറ്റര്‍ വേഗതയില്‍ സൈക്കിള്‍ ചവിട്ടിയാല്‍ പോലും ഈ ഡൈനാമോ കിറ്റുപയോഗിച്ച് മൊബൈല്‍ റീചാര്‍ജ് ചെയ്യാനാവും. രണ്ട് മീറ്റര്‍ ചാര്‍ജര്‍ ജാക്കുള്ള മൊബൈലുകളിലെല്ലാം ഉപയോഗിക്കാവുന്ന തരത്തിലാണ് ഡൈനാമോ കിറ്റിന്റെ രൂപകല്പന.
പത്ത് മിനിറ്റ് സൈക്കിള്‍ ചവിട്ടിയാല്‍ 28 മിനിറ്റ് സംസാരിക്കാനോ 37 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ മോഡില്‍ പ്രവര്‍ത്തിക്കാനോ ഉള്ള വൈദ്യുതി ലഭിക്കും. ആറാഴ്ചവരെ ചാര്‍ജ് നില്ക്കുന്ന നാല് പുതിയ മോഡലുകളും നോക്കിയ ഉടന്‍ പുറത്തിറക്കും.

കാഞ്ഞങ്ങാട് ലോക ഫുട്‌ബോള്‍ ആരവത്തില്‍

on

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരങ്ങളും ലോക ഫുട്‌ബോള്‍ ആരവത്തിലായി. വിവിധ ടീമുകളെ അഭിനന്ദിച്ചും, ആശംസകള്‍ നേര്‍ന്നും പടുകൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകളാണ് വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുള്ളത്. ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം മത്സരത്തെ കാത്തിരിക്കുകയാണ്.
കാഞ്ഞങ്ങാട്, ആറങ്ങാടി, മാവുങ്കാല്‍ ആനന്ദാശ്രമം, അമ്പലത്തറ, അതിഞ്ഞാല്‍, തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഞ്ചാള്‍ ഉയരത്തിലുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളിലും താരങ്ങളുടെ ചിത്രമടങ്ങിയ പ്രചരണ തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ആരാധകര്‍ ഏറെയുള്ള അര്‍ജന്റീനന്‍ ടീമിനാണ്. അര്‍ജന്റീന ടീമിന്റെ ഫഌക്‌സ് ബോര്‍ഡുകളാണ് കൂടുതലായും സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ളത്. ഒരു ഫുട്‌ബോള്‍ ആരാധകന്‍ ആവേശം മൂത്ത് സ്വന്തം കാറിന്റെ പിന്‍ഭാഗത്ത് അര്‍ജന്റീന എന്ന് പേരെഴുതി വെക്കുക കൂടി ചെയ്തു.

ഐ.എന്‍.എല്‍. തീരുമാനം ബുദ്ധി പരം: സി.ടി

on

കാസര്‍കോട്‌: ഇടതു മുന്നണിയുമായുള്ള ബന്ധം വിഛേദിച്ച നാഷണല്‍ ലീഗ്‌ തീരുമാനം ധീരവും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള തീരുമാനം ബുദ്ധിപരവുമാണെന്ന്‌ മുസ്‌ലിം ലീഗ്‌ നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.ടി.അഹമ്മദലി അഭിപ്രായപ്പെട്ടു. പഞ്ചായത്ത്‌ രാജ്‌ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഗ്രാമങ്ങളുടെ പുരോഗതിയും ജനങ്ങളുടെ ക്ഷേവും ഉറപ്പു വരുത്തേണ്ട മിനി സര്‍ക്കാറുകളാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. സംസ്ഥാനത്ത്‌ ഇന്ന്‌ ഇടതു പക്ഷം ഭരിക്കുന്നിടത്തെല്ലാം വികസനം പ്രാവര്‍ത്തികമാക്കുന്നതിനും വിവിധ സഹായങ്ങള്‍ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതും പാര്‍ട്ടി പ്രവര്‍ത്തനവും അംഗത്വവും മാനദണ്‌ഡമാക്കി രാഷ്‌ട്രീയ കൈകടത്തല്‍ നടത്തിയിരിക്കുകയാണ്‌. നാഷണല്‍ ലീഗ്‌ പിന്തുണയോടെ കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യു.ഡി.എഫിന്‌ നേടാനും വിഭാഗീയത കാണാതെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനും കഴിയും സി.ടി. പറഞ്ഞു.

നിലവിലുള്ള സ്ഥാനങ്ങള്‍ രാജിവെക്കില്ല: സിറാജ്‌ സേഠ്‌

on

ബേക്കല്‍: തെരഞ്ഞെടുക്കപ്പെട്ട സീറ്റുകള്‍ രാജിവെക്കില്ലെന്നും, നോമിനേറ്റ്‌ സ്ഥാനങ്ങള്‍ ഒഴിയുമെന്നും ഐഎന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി സിറാജ്‌ സേഠ്‌ ബേക്കലില്‍ പറഞ്ഞു. പുതിയ പശ്ചാത്തലത്തില്‍ സി.പി.എം. നിലപാട്‌ ക്രിസ്‌ത്യന്‍-മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്ക്‌ അനുയോജ്യമല്ല. മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവന ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിറാജ്‌ സേഠ്‌ അഭിപ്രായപ്പെട്ടു. യു.ഡി.എഫില്‍ ഒരു മിച്ച്‌ പ്രവര്‍ത്തിക്കാനുള്ള മേഖല കണ്ടെത്തി. ചര്‍ച്ചക്കുള്ള സമയം അതിക്രമിച്ച്‌ കഴിഞ്ഞെന്നും സിറാജ്‌ സേഠ്‌ പറഞ്ഞു. എല്‍.ഡി.എഫുമായി ബന്ധം വിച്ഛേദിച്ചു. ഐഎന്‍.എലിന്‌ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ്‌ ലക്ഷ്യം. കെ.പി.സി.സിയില്‍ നിന്നും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു.

ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി

on

കാസര്‍കോട്: ഗാസയിലെ പലസ്തീന്‍കാര്‍ക്ക് മരുന്നുകളും ഭക്ഷ്യസാധനങ്ങളുമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കപ്പല്‍ ആക്രമിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രയേല്‍ ഭീകരതക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ കാഞ്ഞങ്ങാടും ചെര്‍ക്കളയിലും സായാഹ്നധര്‍ണ നടത്തി. ചെര്‍ക്കളയിലെ ധര്‍ണ സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിനായകന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ രാഘവന്‍, കെ വി ഗോവിന്ദന്‍, പി എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി എം നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ ധര്‍ണ സിഐടിയു ജില്ലാവൈസ്പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരന്‍, കെ ഭാസ്കരന്‍, വി ശിവദാസന്‍, കെ വി ശശി എന്നിവര്‍ സംസാരിച്ചു. എ തമ്പാന്‍നായര്‍ അധ്യക്ഷനായി. എം കെ സതീശന്‍ സ്വാഗതം പറഞ്ഞു.

ഇസ്രയേല്‍ ഭീകരത: CITU സായാഹ്ന ധര്‍ണ നടത്തി

on

കാസര്‍കോട്: ഗാസയിലെ പലസ്തീന്‍കാര്‍ക്ക് മരുന്നുകളും ഭക്ഷ്യസാധനങ്ങളുമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കപ്പല്‍ ആക്രമിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രയേല്‍ ഭീകരതക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തില്‍ കാഞ്ഞങ്ങാടും ചെര്‍ക്കളയിലും സായാഹ്നധര്‍ണ നടത്തി. ചെര്‍ക്കളയിലെ ധര്‍ണ സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വിനായകന്‍ അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി കെ രാഘവന്‍, കെ വി ഗോവിന്ദന്‍, പി എസ് അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി എം നന്ദകുമാര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലെ ധര്‍ണ സിഐടിയു ജില്ലാവൈസ്പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരന്‍, കെ ഭാസ്കരന്‍, വി ശിവദാസന്‍, കെ വി ശശി എന്നിവര്‍ സംസാരിച്ചു. എ തമ്പാന്‍നായര്‍ അധ്യക്ഷനായി. എം കെ സതീശന്‍ സ്വാഗതം പറഞ്ഞു.

നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ

on

നിത്യാനന്ദ പോളിടെക്നിക്: മാനേജ്മെന്റ് സീറ്റ് പ്രവേശനം നിയമവിരുദ്ധം: എസ്എഫ്ഐ
കാഞ്ഞങ്ങാട്: സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജില്‍ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നിലവിലെ മാനേജ്മെന്റ് സമിതി നടത്തരുതെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോളിയുടെ ഭരണം നടത്തുന്നത് സ്വാമി നിത്യാനന്ദാവിദ്യാകേന്ദ്രം എന്ന സൊസൈറ്റിയാണ്. 1964 ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി നിയമപരമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ കാലഹരണപ്പെട്ട സൊസൈറ്റിയുടെ പട്ടികയിലാണ് വിദ്യാകേന്ദ്രത്തെ റജിസ്ട്രേഷന്‍ വകുപ്പ് ഉള്‍പ്പെടുത്തിയത്. നിലവില്‍ മാനേജ്മെന്റ് സമിതി എന്ന നിലയില്‍ പോളിടെക്നിക് കാര്യങ്ങളില്‍ ഇടപെടുന്നവര്‍ അംഗീകാരമില്ലാത്ത സൊസൈറ്റി ഭാരവാഹികളാണ്.
ഇവര്‍ മാനേജ്മെന്റ് സീറ്റുകളില്‍ കോഴ വാങ്ങി അഡ്മിഷന്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. മാനേജ്മെന്റ് സീറ്റിലേക്കുള്ള വിദ്യാര്‍ഥിപ്രവേശനത്തിനും അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിനും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്നുണ്ട്. മാനേജ്മെന്റിന്റെ അംഗീകാരം സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതോടെ രക്ഷിതാക്കളും ജീവനക്കാരും വിദ്യാര്‍ഥികളും ആശങ്കയിലാണ്. 1963 ല്‍ തുടങ്ങിയ പോളിടെക്നിക്കിന്റെ ഭൌതികസാഹചര്യം മെച്ചപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ല. ഓട്ടോമൊബൈല്‍ കോഴ്സിന് ആധുനിക സാങ്കേതിക സംവിധാനങ്ങളോ, ഡ്രൈവിങ് പഠനത്തിന് നല്ല വാഹനങ്ങളോ ഇല്ല. 15 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടെങ്കിലും കളിസ്ഥലമില്ല. ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ താല്‍പര്യമെടുക്കാത്ത മാനേജ്മെന്റ് സ്വാശ്രയ മേഖലയില്‍ എജിനിയറിങ് കോളേജ് ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയസ്ഥാപനത്തിന് എസ്എഫ്ഐ എതിരല്ല. സാമൂഹ്യനീതി ഉറപ്പ്വരുത്തിക്കൊണ്ടാകണം സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത്. ഇതിന്റെ നടപടിക്രമം സുതാര്യമായിട്ടല്ല നടക്കുന്നത്.

കര്‍ണാടക കേന്ദ്രീകരിച്ച് ഒരു ലോബി ആശ്രമത്തെ മറയാക്കി നടത്തുന്ന ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പോളിടെക്നിക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സബീഷ്, പ്രസിഡന്റ് എം സുമേഷ്, പി നൂര്‍ജഹാന്‍, ടി വി രജീഷ്കുമാര്‍, അജിത്ത് പന്നിക്കുന്ന്, വി ഗിനീഷ്, നയനന്‍, അരു എന്നിവര്‍ പങ്കെടുത്തു.

ചാലിങ്കാലില്‍ പട്ടാപകല്‍ വീട്ടില്‍ നിന്നും 15 പവന്‍ കവര്‍ന്നു

on

കാഞ്ഞങ്ങാട്‌: പുല്ലൂര്‍ ചാലിങ്കാലില്‍ പട്ടാപകല്‍ വീട്‌ കുത്തിതുറന്ന്‌ 15 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചാലിങ്കാലിലെ സുഹറയുടെ വീട്ടില്‍ നിന്നുമാണ്‌ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌തത്‌. വ്യാഴാഴ്‌ച്ച രാവിലെ സുഹറ കുട്ടികളെ സ്‌കൂളിലേക്ക്‌ കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടിന്റെ പൂട്ട്‌ തകര്‍ത്ത്‌ അകത്തു കയറിയ മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുകയായിരുന്നു. സുഹറയുടെ പരാതിയില്‍ അമ്പലത്തറ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. വീടിനെ കുറിച്ച്‌ ശരിക്കുമറിയുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്‌ക്ക്‌ പിന്നിലെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

സുന്നി ആദര്‍ശസമ്മേളനം

on Jun 3, 2010

കാഞ്ഞങ്ങാട്: അഹലുസ്സുന്ന സന്ദേശം പ്രമാണം . എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളില്‍ നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി അജാനൂര്‍ പഞ്ചായത്ത്‌ എസ്‌.വൈ.എസ്‌ ആദര്‍ശ സമ്മേളനം കെ.മഹ്‌മൂദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ സി.അബ്‌ദുല്ല ഹാജി ഉദ്‌ഘാടനം ചെയ്‌തു. റഫീഖ്‌ സഅദി മുഖ്യപ്രഭാഷണം നടത്തി.ഹസ്‌ബുല്ല തളങ്കര പഠനക്ലാസിനു നേതൃത്വം നല്‍കി. സി.എ.ഹമീദ്‌ മൗലവി സ്വാഗതവും അഷ്‌റഫ്‌ തായല്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട് നാടന്‍ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം: മധ്യവയസ്‌ക്കന് പരിക്കേറ്റു

on Jun 2, 2010

കാഞ്ഞങ്ങാട്: ചിറ്റാരിക്കല്‍ നാടന്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മധ്യവയസ്‌ക്കന് പരിക്കേറ്റു. ചിറ്റാരിക്കാല്‍ എളേരിയിലെ മൗഗഌ നാരായണന്‍ (45)ആണ് പരിക്കേറ്റത്. ഇന്നലെ സന്ധ്യക്ക് വീട്ടില്‍ വെച്ച് നാടന്‍ ബോംബ് നിര്‍മ്മിക്കുമ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. നാരായണന്റെ കൈപത്തി തകരുകയും, ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരാണന്റെ പേരില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു

മാണിക്കോത്ത് മടിയന്‍ - പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

on Jun 1, 2010

കാഞ്ഞങ്ങാട്: സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി മെമ്പറും, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടുമായ പി. കുഞ്ഞിക്കണ്ണന്‍ (65) അന്തരിച്ചു. ഇന്നു രാവുലെ പത്ത് മണിയോടെയാണ് അന്ത്യം. നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കര്‍ഷക തൊഴിലാളിയൂണിയന്റെ ജില്ലാ കമ്മിറ്റി മെമ്പറും, വെള്ളിക്കോത്ത് ദിനേശ് ബീഡി സംഘം പ്രസിഡണ്ടും കൂടിയാണ് ഇദ്ദേഹം. പത്ത് വര്‍ഷം മുമ്പ് സി.എം.പിയുടെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. മൃതദേഹം മടിയന്‍ ജയ് ജവാന്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. 11 മണിയോടെ കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.ഭാര്യ: രോഹിണി. ഏകമകന്‍ സുര്‍ജിത് : സഹോദരങ്ങള്‍, സുബ്രഹ്മണ്യന്‍, മാണിക്കുഞ്ഞി, കുഞ്ഞികൃഷ്ണന്‍.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com